തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ നെഞ്ചിൽ ഗൈഡ് വയർ കുരുങ്ങിയ യുവതിയുടെ ശരീരത്തിൽനിന്ന് ഇതു പുറത്തെടുക്കുന്നത് സങ്കീർണമാണെന്ന് മെഡിക്കൽ ബോർഡ്. കാട്ടാക്കട കുളത്തുമ്മൽ തൊളിക്കോട്ടുകോണം റസിയ മൻസിലിൽ സുമയ്യ(26)യുടെ ശരീരത്തിലാണ് ശസ്ത്രക്രിയയ്ക്കിടെ ട്യൂബ് കുരുങ്ങിയത്.

To advertise here,

ശരീരത്തിലെ രക്തക്കുഴലുകളോട് ഒട്ടിച്ചേർന്ന വയർ പുറത്തെടുക്കുന്നത് അപകടകരമാണെന്ന് വ്യാഴാഴ്ച ചേർന്ന മെഡിക്കൽ ബോർഡ് വിലയിരുത്തി. വയർ ഉള്ളിൽ കിടക്കുന്നതുകൊണ്ട് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. ഇക്കാര്യം സുമയ്യയെ ബോധ്യപ്പെടുത്തും. ശ്രീചിത്രയിലെയും മെഡിക്കൽ കോളേജിലെയും വിദഗ്ദ്ധ ഡോക്ടർമാരാണ് മെഡിക്കൽ ബോർഡിൽ ഉണ്ടായിരുന്നത്. ശ്വാസംമുട്ടലടക്കം കടുത്ത ബുദ്ധിമുട്ടു നേരിടുന്നുണ്ടെന്ന് സുമയ്യ നേരത്തേ മെഡിക്കൽ ബോർഡിനെ അറിയിച്ചിരുന്നു.

2023 ഫെബ്രുവരിയിലാണ് സുമയ്യയ്ക്ക് ശസ്ത്രക്രിയ നടന്നത്. ഇതിനു ശേഷം ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ആറുമാസം മുൻപ് നടത്തിയ പരിശോധനയിൽ നെഞ്ചിലെ രക്തക്കുഴലിനുള്ളിൽ ട്യൂബ് കുടുങ്ങിക്കിടക്കുന്നതായി മനസ്സിലായി. സുമയ്യയുടെ പരാതിയിൽ ഇതിനെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യവകുപ്പ് 2025 ഏപ്രിലിൽത്തന്നെ വിദഗ്ദ്ധസമിതിയെ നിയമിച്ചിരുന്നു.

മെഡിക്കൽ ബോർഡിന്റെ തീരുമാനം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് സുമയ്യയുടെ കുടുംബം പറഞ്ഞു. വിദഗ്ദ്ധസമിതിയുടെ തീരുമാനം ട്യൂബ് പുറത്തെടുക്കേണ്ട എന്നാണെങ്കിൽ ഇക്കാര്യം ഡോക്ടർമാരോട് ചർച്ചചെയ്യും. എന്നാൽ, ഇത്രയും കാലം അനുഭവിച്ച വേദനകൾക്കു പകരമായി സുമയ്യയ്ക്ക് സർക്കാർജോലി നൽകണമെന്നും കുടുംബം ആവശ്യപ്പെട്ടു.