തിരുവനന്തപുരം: ബാർ ലൈസൻസ് നൽകാൻ എക്‌സൈസ് കമ്മിഷണർക്കും ഡെപ്യൂട്ടി കമ്മിഷണർമാർക്കുമുള്ള അധികാരം വിലക്കാൻ സർക്കാർ. ചട്ടം ഭേദഗതിചെയ്ത് സർക്കുലർ ഇറക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. യു.ഡി.എഫിന്റെ മദ്യനയം വരുന്നതുവരെ ബാർ ലൈസൻസ് നൽകുന്നതിനുള്ള അധികാരം സർക്കാരിലേക്കു മാത്രമായി നിലനിർത്തും.

To advertise here,

കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരാണ് ബാർ ലൈസൻസ് നൽകാൻ ജില്ലാതലത്തിൽ ഡെപ്യൂട്ടി കമ്മിഷണർമാരെ അധികാരപ്പെടുത്തിയത്. ഇതുപ്രകാരം എറണാകുളത്തും കോട്ടയത്തും പുതിയ ബാർ ലൈസൻസ് നൽകിയതാണ് വിവാദമായത്. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേ സർക്കാർ നടപടിയെടുത്തു.

മദ്യനയം വരുന്നതുവരെ കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ചട്ടമനുസരിച്ച് ബാറുകൾക്ക് ലൈസൻസ് നൽകരുതെന്ന് നിർദേശിച്ചിരുന്നു. ചട്ടം ഭേദഗതിചെയ്യാതെ ഉദ്യോഗസ്ഥരെ ബലിയാടാക്കുകയാണ് മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയുമെന്നാണ് എൽ.ഡി.എഫ്. വിമർശനം. ഇതിനുള്ള രാഷ്ട്രീയ മറുപടികൂടിയാണ് ചട്ടം ഭേദഗതി ചെയ്യാനുള്ള തീരുമാനം.

കമ്മിഷണർ ലൈസൻസ് നൽകിയത് വെളിപ്പെടുത്തിയത് ഡെപ്യൂട്ടി കമ്മിഷണർമാർ

നെടുമ്പാശ്ശേരി വിമാനത്താവളം ലോഞ്ചിൽ എക്‌സൈസ് കമ്മിഷണർ ശീറാം സാംബശിവറാവു ബാർ ലൈസൻസ് അനുവദിച്ചത് വെളിപ്പെടുത്തിയത് ഡെപ്യൂട്ടി കമ്മിഷണർമാർ. എറണാകുളത്തും കോട്ടയത്തും ബാർ അനുവദിച്ചതിൽ നടപടി നേരിട്ട എക്സൈസ് കമ്മിഷണർമാർ, ഇതിനെതിരേ ട്രിബ്യൂണലിൽ നൽകിയ ഹർജിയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

സർക്കാർ അറിയാതെ ബാർ ലൈസൻസ് കൊടുക്കില്ല -മുഖ്യമന്ത്രി

സർക്കാർ അറിയാതെ ഒരു ബാറിനും ലൈസൻസ് കൊടുക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മദ്യനയം ഉടൻ പ്രഖ്യാപിക്കും. അതനുസരിച്ചേ ലൈസൻസ് നൽകാനാകൂ. ഉദ്യോഗസ്ഥർക്ക് അധികാരം നൽകിയത് കഴിഞ്ഞ സർക്കാരാണ്. ഉദ്യോഗസ്ഥർതന്നെ ബാർ കൊടുത്താൽ സ്ഥിതി എന്താകുമെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇക്കാര്യത്തിൽ സർക്കാരിന് നിയന്ത്രണം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും കള്ളം പറയുന്നു -എം.ബി. രാജേഷ്

വിമാനത്താവളങ്ങളിലെ ബാർ ലൈസൻസ് പുതുക്കാനുള്ള അവകാശം എക്സൈസ് കമ്മിഷണർമാർക്ക് നൽകിയത് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണെന്ന് മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷ്. ബാറുകളുടെ ലൈസൻസ് പുതുക്കാനുള്ള അധികാരം മാത്രമാണ് എൽ.ഡി.എഫ്. സർക്കാർ ഡെപ്യൂട്ടി കമ്മിഷണർമാർക്ക് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും എക്സൈസ് മന്ത്രി എം. ലിജുവും കള്ളം പറയുകയാണെന്നും ആരോപിച്ചു.