
കോട്ടയം: ഉച്ചഭക്ഷണത്തിനു സാധാരണക്കാരന് ആശ്വാസമേകിയിരുന്ന കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ എണ്ണം കുറയുന്നു. കോവിഡ് കാലത്ത് പഞ്ചായത്ത്, നഗരസഭ അടിസ്ഥാനമായി പ്രവർത്തിച്ചിരുന്ന 99 പൊതുഅടുക്കളകൾ പിന്നീട് ജനകീയ ഹോട്ടലുകളായെങ്കിലും വിവിധ കാരണങ്ങളാൽ പൂട്ടിപ്പോയി. നിലവിൽ പ്രവർത്തിക്കുന്നത് 36 എണ്ണം മാത്രം. സർക്കാർ സബ്സിഡിയായ 10 രൂപ നിലച്ചതും പ്രവർത്തനച്ചെലവ് വർധിച്ചതുമാണ് ഹോട്ടലുകളുടെ എണ്ണം ക്രമാതീതമായി കുറയാൻ കാരണം.
‘വിശപ്പുരഹിത കേരളം’ പദ്ധതി പ്രകാരം കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കുടുംബശ്രീയുടെ ഹോട്ടലുകൾക്കാണു താഴുവീഴുന്നത്. ഇതുവരെ 63 എണ്ണത്തിനാണു പൂട്ടുവീണത്. ഡ്രൈവർമാർ, തൊഴിലാളികൾ, ദിവസവേതനക്കാർ ഉൾപ്പെടെ ഒട്ടേറെ സാധാരണക്കാർക്ക് ഈ ഭക്ഷണശാലകൾ പ്രയോജനപ്പെട്ടിരുന്നതാണ്.
ആദ്യം 20 രൂപയ്ക്ക്
തുടക്കത്തിൽ ജില്ലയിലെ എല്ലാ നഗരസഭകളിലും പഞ്ചായത്തുകളിലും ജനകീയ ഹോട്ടലുകൾ ഉണ്ടായിരുന്നു. ജില്ലയിലെ ആറ് നഗരസഭകളിൽ നിലവിൽ രണ്ടിടത്ത് മാത്രമാണ് ഇപ്പോൾ ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നത്. ഏറ്റുമാനൂരിലും പാലായിലു, മാത്രം. മൂന്നിൽ കൂടുതൽ കുടുംബശ്രീ അംഗങ്ങൾ അടങ്ങുന്ന കുടുംബശ്രീ യൂണിറ്റിനെയാണ് ഹോട്ടലുകൾ നടത്താൻ കുടുംബശ്രീ ചുമതലപ്പെടുത്തിയിരുന്നത്. തുടക്കത്തിൽ 20-രൂപയായിരുന്നു വില. പിന്നീട് 40-45 രൂപയായി ഉയർത്തിയെങ്കിലും അത് പോലും നടത്താൻ കഴിയാതെ വന്നതോടെയാണ് ഹോട്ടൽ അടച്ചുപൂട്ടേണ്ടി വന്നത്.
സബ്സിഡി നിർത്തലാക്കിയതും തദ്ദേശ സ്ഥാപനങ്ങളുടെ സഹായങ്ങൾ മുടങ്ങിയതുമാണു പ്രതിസന്ധിയിലാക്കിയതെന്ന് കുടുംബശ്രീ അധികൃതർ പറയുന്നു. ഒരു ഊണിനു 10 രൂപയായിരുന്നു സബ്സിഡി നൽകിയിരുന്നത്. 2024-ൽ ഇത് നിർത്തലാക്കി. അരി, പച്ചക്കറി, പാചകവാതകം എന്നിവയുടെ വിലയുടെ വിലവർധനയും കെട്ടിടവാടക, വൈദ്യുതി-വെള്ളം ചാർജ് എന്നിവ തദ്ദേശസ്ഥാപനങ്ങളിൽനിന്നു കൃത്യമായി കിട്ടാതായതും സ്ഥിതി കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കി. നിർത്തലാക്കിയ സബ്സിഡി തിരിച്ചുകൊണ്ടുവരുന്നതിനും തദ്ദേശസ്ഥാപനങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതിനും സർക്കാർ നടപടി എടുത്താലേ ജനകീയ ഹോട്ടലുകൾക്കു തുടർന്നു പ്രവർത്തിക്കാനാകൂ.
Published: 05 Nov 2026, 06:45 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented