
ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തിലും അന്താരാഷ്ട്ര നയതന്ത്രത്തിലും സമീപകാലത്ത് ദൃശ്യമായ ഏറ്റവും ശ്രദ്ധേയമായ ഗുണപരമായ മാറ്റങ്ങളിലൊന്ന് തമിഴ് ഭാഷയോടും അതിന്റെ പാരമ്പര്യത്തോടുമുള്ള കേന്ദ്ര ഭരണകൂടത്തിന്റെ വിപുലമായ പ്രതിബദ്ധതയാണ്. പരമ്പരാഗതമായി ഇന്ത്യയുടെ ആഗോള സാംസ്‌കാരിക പ്രതിച്ഛായ നിർമ്മിതിയിൽ ഉത്തരേന്ത്യൻ അല്ലെങ്കിൽ സംസ്‌കൃത അധിഷ്ഠിത പാരമ്പര്യങ്ങൾക്കായിരുന്നു മുൻഗണന ലഭിച്ചിരുന്നത്. എന്നാൽ, പ്രാചീനവും ഇന്നും തടസ്സമില്ലാതെ സംസാരിക്കപ്പെടുന്നതുമായ തമിഴ് ഭാഷയെ അന്താരാഷ്ട്ര വേദികളിൽ മുൻനിർത്തുന്നതിലൂടെ ഇന്ത്യയുടെ സാംസ്‌കാരിക ബഹുസ്വര സ്വത്വത്തിന്റെ ആഴം ലോകത്തിനു മുന്നിൽ പ്രകടിപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുന്നുണ്ട്. സംഘകാല സാഹിത്യവും തിരുക്കുറളും അടിസ്ഥാനപരമായി സാർവത്രിക മാനവികത, നീതിയുക്തമായ ഭരണം, അതിരുകളില്ലാത്ത ലോക സാഹോദര്യം എന്നിവയിലൂന്നിയ തമിഴ് തത്ത്വചിന്തകളെയാണ് മോദി സ്വദേശത്തും വിദേശത്തും ഇപ്പോൾ ഉയർത്തിക്കാട്ടുന്നത്. ഇത് വളരെ പെട്ടെന്നുണ്ടായ നീക്കമാണെന്ന് പറയാൻ കഴിയില്ല. 2019 മുതൽ ഈ മാറ്റം തുടങ്ങിയിരുന്നു എന്നുവേണം പറയാൻ.
വർത്തമാനകാല ഭൗമരാഷ്ട്രീയ സങ്കീർണ്ണതകളിൽ ഇന്ത്യയുടെ വിദേശനയത്തിന്റെ ധാർമ്മിക അടിത്തറ വ്യക്തമാക്കാൻ ഈ ക്ലാസിക്കൽ കൃതികൾ ഉദ്ധരിക്കപ്പെടുന്നത് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ സോഫ്റ്റ് പവർ ശേഷി ഗണ്യമായി വർദ്ധിപ്പിക്കുന്നു എന്നതിൽ സംശയമില്ല. ദക്ഷിണ പൂർവ്വേഷ്യൻ രാജ്യങ്ങളിലും പസഫിക് മേഖലയിലും യൂറോപ്പിലും ശക്തമായ സാന്നിധ്യമുള്ള പ്രവാസി തമിഴ് സമൂഹത്തെ ഇന്ത്യൻ ദേശീയതയുടെ മുഖ്യധാരയോട് കണ്ണിച്ചേർക്കാനും ഈ സാംസ്‌കാരിക നയതന്ത്രം വഴി തുറക്കുന്നുണ്ട്. എന്നാൽ പരമ്പരാഗതമായി ബിജെപി അനുവർത്തിച്ചുവന്നിരുന്ന ചില ഹിന്ദുത്വ ബിംബങ്ങളെ ഇവിടെ മനഃപൂർവം ഒഴിവാക്കുന്നുമുണ്ട്. ഉപനിഷത്തുകളോട് കിടപിടിക്കുന്ന തത്വചിന്തകളാണ് തിരുക്കുറൾ എന്ന കൃതിയിൽ കാണാൻ സാധിക്കുന്നത്. സംസ്‌കൃതത്തെ ഉയർത്തിക്കാട്ടിയിരുന്ന നയങ്ങൾക്ക് പകരം അതിനോളം പഴക്കമുള്ള തമിഴിനെ ഉപയോഗിക്കുന്നതിൽ പലതരം കണക്കുകൂട്ടലുകളുണ്ട്.
'യാദും ഊരേ യാവരും കേളീർ'
അന്താരാഷ്ട്ര തലത്തിൽ തമിഴ് പാരമ്പര്യത്തെ ഇന്ത്യയുടെ പ്രതിനിധാനമായി അവതരിപ്പിച്ച ഏറ്റവും ശ്രദ്ധേയമായ സംഭവം 2019-ൽ ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയുടെ 74-ാമത് സെഷനിലായിരുന്നു. ഭീകരവിരുദ്ധ പോരാട്ടത്തിലും ആഗോള സഹകരണത്തിലും ലോകരാഷ്ട്രങ്ങൾ ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, സംഘകാലത്തിലെ പ്രശസ്ത തമിഴ് തത്ത്വചിന്തകനായ കനിയൻ പൂങ്കുണ്ട്രനാരുടെ 'യാദും ഊരേ യാവരും കേളീർ' (എല്ലാ നാടും എന്റെ നാടാണ്, എല്ലാ മനുഷ്യരും എന്റെ ബന്ധുക്കളാണ്) എന്ന വിഖ്യാതമായ വരികൾ ഉദ്ധരിച്ചു. സംഘകാലത്തിലെ പ്രധാന കൃതിയായ പുറനാനൂറിലാണ് ഈ വരികളുള്ളത്. ഒരു രാജ്യത്തിന്റെ അതിരുകൾക്കപ്പുറമുള്ള ആഗോള സാഹോദര്യത്തിന്റെ ഈ സങ്കൽപ്പം ഭാരതീയ ചിന്തയുടെ തനിമയാണെന്ന് ലോകനേതാക്കൾക്ക് മുന്നിൽ സ്ഥാപിക്കാൻ ഇതിലൂടെ കഴിഞ്ഞു.
ഇതിനുശേഷം ശ്രദ്ധേയമായ നീക്കം നടന്നത് 2023-ലാണ്. ആ വർഷം മേയിൽ നരേന്ദ്ര മോദി പപ്പുവ ന്യൂ ഗിനിയ സന്ദർശിച്ച വേളയിൽ പ്രാദേശിക ഭാഷയായ 'ടോക് പിസിനിലേക്ക്' (Tok Pisin) മൊഴിമാറ്റം ചെയ്ത തിരുക്കുറൾ പ്രകാശനം ചെയ്തതും പസഫിക് മേഖലയിലെ സാംസ്‌കാരിക നയതന്ത്രത്തിന് ആക്കം കൂട്ടി. വിദേശ രാജ്യങ്ങളിലെ പ്രവാസി സൗഹൃദ സംവാദങ്ങളിലും തമിഴ് പാരമ്പര്യം നിരന്തരം ഉപയോഗിക്കപ്പെടുന്നുണ്ട്. 2024-ൽ സിംഗപ്പൂർ സന്ദർശനത്തിനിടെ തിരുക്കുറളിലെ നീതി സങ്കൽപ്പങ്ങൾ പരാമർശിച്ച പ്രധാനമന്ത്രി, സിംഗപ്പൂരിൽ ആദ്യത്തെ തിരുവള്ളുവർ കൾച്ചറൽ സെന്റർ സ്ഥാപിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2026-ലെ മലേഷ്യ സന്ദർശനവേളയിൽ, ദക്ഷിണപൂർവ്വേഷ്യയുമായുള്ള ഇന്ത്യയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള വർത്തക-സാംസ്‌കാരിക ബന്ധത്തിലെ തമിഴ് സാന്നിധ്യത്തെ ഊന്നിപ്പറഞ്ഞു. കൂടാതെ, ഫിജിയിൽ 80 വർഷത്തെ ഇടവേളയ്ക്ക് ശേഷം കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ തമിഴ് അധ്യാപന പദ്ധതികൾ ആരംഭിച്ചതും ഫ്രാൻസിൽ തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചതും ശ്രീലങ്കയിലെ മലയോര തമിഴ് ജനവിഭാഗങ്ങൾക്കായി 75 കോടി രൂപയുടെ വികസന പദ്ധതികൾ ആവിഷ്‌കരിച്ചതും ഇന്ത്യയുടെ ആഗോള തമിഴ് ആഭിമുഖ്യത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.
ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഡൽഹിയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ കാണാനാകുന്നത്. ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിന് തിരുവള്ളുവരുടെ തിരുക്കുറളിന്റെ റഷ്യൻ തർജ്ജമ സമ്മാനമായി നൽകുകയുണ്ടായി. ഭരണധർമ്മവും അന്താരാഷ്ട്ര സഹകരണവും പ്രതിപാദിക്കുന്ന 2,000 വർഷത്തിലധികം പഴക്കമുള്ള ഈ ക്ലാസിക്കൽ ഗ്രന്ഥം സമ്മാനിച്ചതിലൂടെ സാഹിത്യ നയതന്ത്രത്തിന്റെ പുതിയൊരു മാതൃകയാണ് സൃഷ്ടിക്കപ്പെട്ടത്. ഇതിനൊപ്പമാണ് ബ്രിക്‌സ് സമ്മേളനത്തിലെത്തുന്ന നേതാക്കളെ പ്രധാനമന്ത്രി സ്വീകരി വേദിയുടെ പശ്ചാത്തല ചിത്രവും നോക്കി കാണേണ്ടത്. ഈ കൃതിക്ക് റഷ്യൻ ഇതിഹാസ സാഹിത്യകാരനായ ടോൾസ്‌റ്റോയിയുമായും ബന്ധമുണ്ട്. പാശ്ചാത്യ ഭാഷകളിലേക്ക് മൊഴിമാറ്റി യൂറോപ്പിലേക്കെത്തിയ തിരുക്കുറൽ ടോൾസ്‌റ്റോയിയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതിലെ ആശയങ്ങൾ അദ്ദേഹത്തിന്റെ കൃതിയെയും സ്വാധീനിച്ചിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്.
തമിഴ്‌നാട്ടിലെ രാമേശ്വരത്തുള്ള രാമനാഥ സ്വാമി ക്ഷേത്രത്തിന്റെ ഇടനാഴിയുടെ ചിത്രമാണ് വേദിയുടെ പശ്ചാത്തലമായി വെച്ചിരിക്കുന്നത്. ഹിന്ദു ശൈവ വിശ്വാസത്തിലെ 12 ജ്യോതിർലിംഗങ്ങളിലൊന്നാണ് രാമനാഥ സ്വാമി ക്ഷേത്രത്തിലുള്ളത്. കല്ലിൽ ചിത്രപ്പണികൾ കൊത്തിവെച്ച അത്ഭുതപൂർവമായ നിർമാണമാണ് ഈ ക്ഷേത്രത്തിലേത്. ഇന്ത്യയുടെ ആത്മീയ വൈവിധ്യവും പാരമ്പര്യവും വാസ്തുവിദ്യാ പാരമ്പര്യവും ഒക്കെ വിളിച്ചോതുന്നതാണ് ഈ കലാസൃഷ്ടി. ഇവിടം കൊണ്ടും നിർത്താൻ കേന്ദ്രസർക്കാർ തയ്യാറല്ല എന്നുവേണം കരുതാൻ.
ഇന്ത്യ- ചൈന ബന്ധത്തിന്റെ വളർച്ചയിലും തമിഴ് സാന്നിധ്യമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലത്ത് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് 2019ൽ ഇന്ത്യ- ചൈന അനൗദ്യോഗിക ഉച്ചകോടിക്ക് എത്തിയത് തമിഴ്‌നാട്ടിലേക്കായിരുന്നു. 2019 ഒക്ടോബർ 11, 12 തീയതികളിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും നരേന്ദ്ര മോദിയും തമ്മിലുള്ള രണ്ടാമത് അനൗദ്യോഗിക ഉച്ചകോടി (ഇൻഫോർമൽ സമ്മിറ്റ്) തമിഴ്നാട്ടിലെ ചെന്നൈക്ക് സമീപമുള്ള ചരിത്രപ്രസിദ്ധമായ തീരദേശ നഗരമായ മാമല്ലപുരത്ത് (മഹാബലിപുരം) വെച്ചാണ് നടന്നത്. പരമ്പരാഗത തമിഴ് വസ്ത്രമായ മുണ്ടും ഹാഫ് സ്ലീവ് ഷർട്ടും തോൾമുണ്ടും ധരിച്ചാണ് ഷീ ജിൻപിങ്ങിനെ മോദി സ്വീകരിച്ചത്. പുരാതന തമിഴ്‌നാട് ഭരിച്ചിരുന്ന പല്ലവ രാജവംശത്തിന്റെ പ്രധാന തുറമുഖ നഗരമായിരുന്നു മാമല്ലപുരം. പുരാതന കാലത്ത് പല്ലവ രാജാക്കന്മാർ ചൈനയുമായി ശക്തമായ വാണിജ്യ-നയതന്ത്ര ബന്ധങ്ങൾ പുലർത്തിയിരുന്നു. ചൈനയിൽ ബുദ്ധമതവും കളരിപ്പയറ്റിൽനിന്ന് പരിണമിച്ച കുങ്ഫുവും പ്രചരിപ്പിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന പ്രശസ്ത ബുദ്ധ സന്യാസി ബോധിധർമ്മൻ, കാഞ്ചീപുരത്തെ പല്ലവ രാജകുമാരനായിരുന്നു. ഈ ചരിത്ര പശ്ചാത്തലത്തിലാണ് 2019-ലെ കൂടിക്കാഴ്ചയ്ക്കായി തമിഴ്നാട് തിരഞ്ഞെടുത്തത്.
വർഷങ്ങൾക്ക് ശേഷം ഷീ ജിൻപിങ് വീണ്ടും ഇന്ത്യയിലെത്തുമ്പോൾ അവിടെ വീണ്ടും തമിഴ് സാന്നിധ്യം പശ്ചാത്തല ചിത്രത്തിന്റെ രൂപത്തിലുണ്ട്. ഈ ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റിനെ സ്വീകരിച്ച വേദിയിൽ തമിഴ്നാട്ടിലെ പ്രശസ്തമായ രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രത്തിന്റെ മൂന്നാം പ്രാകാരത്തിന്റെ പശ്ചാത്തലം ഒരുക്കുകയും അതിന്റെ സാംസ്‌കാരിക പ്രാധാന്യം ഷീ ജിൻപിങ്ങിന് വിശദീകരിച്ചു കൊടുക്കുകയും ചെയ്യുകയുണ്ടായി.
തമിഴിനെ തൊട്ടുള്ള കളികൾ
ഇന്ത്യൻ ജനാധിപത്യത്തിന്റെ പരമോന്നത കേന്ദ്രമായ പുതിയ പാർലമെന്റ് മന്ദിരം 2023 മേയിൽ ഉദ്ഘാടനം ചെയ്തപ്പോൾ ലോക്‌സഭാ സ്പീക്കറുടെ സീറ്റിന് സമീപം ചോള രാജവംശത്തിന്റെ സാംസ്‌കാരിക പാരമ്പര്യമുള്ള 'ചെങ്കോൽ' പ്രതിഷ്ഠിച്ചത് ചരിത്രപരമായ സംഭവമായിരുന്നു. 1947 ഓഗസ്റ്റ് 14-ന് ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ അധികാരം കൈമാറിയതിന്റെ പ്രതീകമായി തമിഴ്നാട്ടിലെ തിരുവാവടുതുറൈ അധീനത്തിലെ മഠാധിപതികൾ ജവാഹർലാൽ നെഹ്റുവിന് നൽകിയ സ്വർണ്ണം പൊതിഞ്ഞ ഈ വെള്ളിക്കോൽ അലഹാബാദ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള 20 അധീനങ്ങളുടെയും മഠാധിപതിമാരുടെയും സാന്നിധ്യത്തിൽ, നാഗസ്വരം വാദ്യമേളങ്ങളുടെയും തിരുമുറൈ മന്ത്രോച്ചാരണങ്ങളുടെയും അകമ്പടിയോടെയാണ് ഇത് പുനഃപ്രതിഷ്ഠിക്കപ്പെട്ടത്. 'സെമ്മൈ' (ധാർമ്മികത/നീതി) എന്ന തമിഴ് പദത്തിൽനിന്ന് ഉത്ഭവിച്ചതും മുകളിൽ ന്യായം പ്രകടിപ്പിക്കുന്ന നന്ദി ബിംബവുമുള്ള ചെങ്കോൽ, പാർലമെന്ററി ഭരണത്തിൽ തമിഴ് ധാർമ്മിക പാരമ്പര്യത്തിന്റെ സ്ഥാനത്തെ ഉറപ്പിച്ചു. മറ്റൊരു പ്രധാന ദേശീയ സംരംഭം 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' പദ്ധതിക്ക് കീഴിൽ കാശിയിൽ (വാരണാസി) തുടർച്ചയായി സംഘടിപ്പിച്ചു വരുന്ന 'കാശി-തമിഴ് സംഗമമാണ്'. വാരണാസിയും തമിഴ്നാടും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ആത്മീയ-സാഹിത്യ ബന്ധങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനായി മന്ത്രാലയങ്ങളുടെ സഹകരണത്തോടെയാണ് ഇത് നടത്തപ്പെടുന്നത്.
ശിവൻ സംസാരിച്ചത് സംസ്‌കൃതവും തമിഴുമാണെന്ന സാംസ്‌കാരിക സമന്വയ ആശയം മുൻനിർത്തി, വടക്കേ ഇന്ത്യയും ദക്ഷിണേന്ത്യയും തമ്മിലുള്ള സാംസ്‌കാരിക അകലം കുറയ്ക്കുകയാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്. ഇതിന് സമാനമായി ഗുജറാത്തിലെ സാംസ്‌കാരിക ബന്ധം വീണ്ടെടുക്കാൻ സൗരാഷ്ട്ര-തമിഴ് സംഗമവും നടപ്പിലാക്കുകയുണ്ടായി. പഴയ സൗരാഷ്ട്രയിൽ നിന്ന് തമിഴ്‌നാട്ടിലെത്തിയവരുടെയും ഗുജറാത്തിനെയും ബന്ധിപ്പിച്ചുകൊണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള ബന്ധം വർധിപ്പിക്കുക എന്നതാണ് ഈ തന്ത്രത്തിന്റെ നീക്കം.
തമിഴ്നാട് രാഷ്ട്രീയത്തിലെ അടവുനയങ്ങൾ പൊളിയുമോ?
കേന്ദ്ര ഭരണകൂടത്തിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ശക്തമായ തമിഴ് സാംസ്‌കാരിക ഇടപെടലുകൾ കേവലം സാംസ്‌കാരിക സംരക്ഷണം മാത്രമല്ല, മറിച്ച് തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഇടം നേടാനുള്ള തന്ത്രപരമായ നീക്കം കൂടിയാണെന്ന വിശകലനം സജീവമാണ്. ദശാബ്ദങ്ങളായി തമിഴ്നാട് രാഷ്ട്രീയം നിയന്ത്രിക്കുന്നത് ദ്രാവിഡ പ്രത്യയശാസ്ത്ര പ്രസ്ഥാനങ്ങളാണ്. കേന്ദ്ര സർക്കാരുകളെയും ബി.ജെ.പിയെയും ഉത്തരേന്ത്യൻ അല്ലെങ്കിൽ ഹിന്ദി അടിച്ചേൽപ്പിക്കൽ നടത്തുന്ന പ്രസ്ഥാനങ്ങളായി ചിത്രീകരിച്ചുകൊണ്ടാണ് ദ്രാവിഡ കക്ഷികൾ രാഷ്ട്രീയ മേൽക്കോയ്മ നിലനിർത്തുന്നത്. ഈ രാഷ്ട്രീയ സങ്കൽപ്പത്തെ തകർക്കാനും, ബി.ജെ.പിയാണ് തമിഴ് പാരമ്പര്യത്തിന്റെ യഥാർത്ഥ സംരക്ഷകർ എന്ന് സ്ഥാപിക്കാനുമാണ് തമിഴ് സാഹിത്യത്തെയും സാംസ്‌കാരിക ചിഹ്നങ്ങളെയും മോദി ദേശീയ-അന്തർദേശീയ തലങ്ങളിൽ പ്രതിഷ്ഠിക്കുന്നത്. ഈ നീക്കം സാംസ്‌കാരിക ദേശീയതയെ തമിഴ് പ്രാദേശിക സ്വത്വവുമായി സമന്വയിപ്പിക്കാനുള്ള ശ്രമമാണ്. ഉത്തരേന്ത്യൻ-ഹിന്ദുത്വ ബിംബങ്ങൾക്ക് പകരം ചോള പാരമ്പര്യവും സംഘ സാഹിത്യവും മുൻനിർത്തി തമിഴ്നാട്ടിലെ വോട്ടർമാരിലേക്ക് അടുക്കാനാണ് കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നത്.
എന്നാൽ, ഈ പ്രതിച്ഛായാ നിർമ്മിതിയെ തമിഴ്നാട്ടിലെ ദ്രാവിഡ കക്ഷികൾ ശക്തമായി എതിർക്കുന്നുണ്ട്. പ്രത്യേകിച്ച് ഡിഎംകെ. തമിഴിനോടുള്ള ഈ ആഭിമുഖ്യം വ്യാജ തമിഴ് സ്‌നേഹവും മുതലക്കണ്ണീരുമാണെന്ന് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പരസ്യമായി വിമർശിച്ചിരുന്നു. തമിഴ്നാട്ടിൽ രാഷ്ട്രീയമായ സ്വാധീനം വർധിപ്പിക്കാനുള്ള ബി.ജെ.പിയുടെ ഈ ശ്രമങ്ങൾക്ക് തമിഴ് ജനതയുടെ ആത്മീയ ബോധത്തെ ഉണർത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിലും, ഭാഷാ ഫണ്ട് വിഹിതത്തിലെയും നീതിനിർവ്വഹണത്തിലെയും തർക്കങ്ങൾ മൂലം രാഷ്ട്രീയമായ വോട്ട് ബാങ്ക് മാറ്റമായി ഇത് എത്രത്തോളം പരിണമിക്കുമെന്നത് ഇപ്പോഴും വരുംകാല വിലയിരുത്തലുകൾക്ക് വിധേയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗോള ആഭ്യന്തര തലങ്ങളിൽ തമിഴ് പാരമ്പര്യത്തെയും സാഹിത്യത്തെയും ഉയർത്തിപ്പിടിക്കുന്നത് ഇന്ത്യയുടെ ഭൗമ- രാഷ്ട്രീയ നയതന്ത്രത്തിലും ആഭ്യന്തര സാംസ്‌കാരിക രാഷ്ട്രീയത്തിലും ഒരേ സമയം വലിയ ചലനങ്ങൾ സൃഷ്ടിക്കുന്ന തന്ത്രപരമായ നീക്കമാണ്. തമിഴ്നാട്ടിൽ രാഷ്ട്രീയ അടിത്തറ വികസിപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങൾക്ക് ഇത് ഊർജ്ജം നൽകുന്നുണ്ടെങ്കിലും, ദ്രാവിഡ പ്രസ്ഥാനങ്ങളുടെ പ്രതിരോധവും മറികടക്കുക എന്നത് വരുംകാല രാഷ്ട്രീയത്തിൽ നിർണ്ണായകമായിരിക്കും
Content Highlights: Narendra Modi highlights Tamil culture's global significance, using it as a diplomatic tool to enhance India's international presence and cultural diplomacy.
Published: 13 Sept 2026, 01:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented