തൃശ്ശൂര്‍: തൃശ്ശൂരില്‍ ഫോറന്‍സിക് ലാബിന് സ്ഥലം അനുവദിക്കാതെ മനഃപൂര്‍വം തടസ്സം നില്‍ക്കുന്നവരെ തിരിച്ചറിയണമെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. തൃശ്ശൂര്‍ മത്സ്യ, മാംസ മാര്‍ക്കറ്റില്‍ നടത്തിയ എസ്ജി കോഫി ടൈം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴില്‍ അമിത്ഷാ നേരിട്ട് ഇടപെട്ടാണ് തൃശ്ശൂരില്‍ ഫോറന്‍സിക് ലാബ് സ്ഥാപിക്കുന്നതിന് എട്ട് ഏക്കര്‍ സ്ഥലം ചോദിച്ചത്. തൃശ്ശൂരില്‍ സ്ഥലമില്ലെന്നും തിരുവനന്തപുരത്ത് തരാമെന്നുമാണ് ചീഫ് സെക്രട്ടറി കത്ത് നല്‍കിയത്. അത് തമിഴ്നാടിന് കൊടുത്തോളൂവെന്ന് പറഞ്ഞതാണ് എയിംസിനെ കൂട്ടിച്ചേര്‍ത്ത് പറഞ്ഞുണ്ടാക്കിയത്.

കേരളത്തിന് നല്‍കിയ എയിംസ് മറ്റാര്‍ക്കും കൊടുക്കാനാകില്ല. അത് സംസ്ഥാനത്തിന്റെ അവകാശമാണ്. ഫോറന്‍സിക് ലാബ് നടപ്പാക്കാന്‍ സമ്മതിക്കില്ലെന്നതില്‍ രാഷ്ട്രീയമുണ്ടെങ്കില്‍ അത്തരം രാഷ്ട്രീയത്തിന്റെ സര്‍വനാശം കാണണം. ഞാനും രാഷ്ട്രീയം കളിക്കാന്‍ പോകുകയാണ്.

തിരഞ്ഞെടുപ്പ് വരട്ടെ, അപ്പോള്‍ പൊട്ടിക്കും. എന്തുവേണമെന്ന് തൃശ്ശൂര്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവില്‍നിന്ന് തൃശ്ശൂരിലെ മണ്ണുത്തിയില്‍ രാത്രികാലങ്ങളില്‍ വരുന്നവര്‍ക്ക് നഗരത്തിലെത്താന്‍ ബസ് സര്‍വീസ് ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശമുണ്ടായി. ഇതിന് മറുപടിയായി നൂറ് ഇലക്ട്രിക്കല്‍ ബസുകള്‍ കേന്ദ്രം തരാമെന്ന് പറഞ്ഞിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സമ്മതിച്ചാല്‍ ഇതില്‍ 25 ബസെങ്കിലും തൃശ്ശൂരിലേക്ക് എത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

മണ്ണുത്തിയില്‍നിന്ന് പൊന്നാനി വരെ ഉയരത്തിലുള്ള പാത നിര്‍മിക്കണമെന്ന നിര്‍ദേശം കഴിഞ്ഞ ദിവസം ചേംബര്‍ ഓഫ് കൊമേഴ്സില്‍ അവതരിപ്പിച്ചിരുന്നു. ഇത്തരത്തിലൊരു പാത വന്നാല്‍ തൃശ്ശൂരിന്റെ തിരക്കും ജീവനും നഷ്ടമാകും. തൃശ്ശൂരില്‍നിന്ന് തിരക്ക് ഒഴിഞ്ഞുപോകാതിരിക്കുന്നതാണ് നല്ലത്. ഇത് നഗരത്തിലെ വ്യാപാരത്തെ സാരമായി ബാധിക്കും. സുസ്ഥിരതകൂടി ഉറപ്പുവരുത്തിയുള്ള വികസനപദ്ധതികളാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.