നാല് ചുമരുകൾക്കുള്ളിൽ തളച്ചിടപ്പെട്ട ഓഫീസ് ജോലിയിൽനിന്ന് മാറി, പ്രകൃതിഭംഗി ആസ്വദിച്ച് ജോലിചെയ്യാനായി കേരള ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ 'വർക്കേഷൻ' എന്ന ആശയം അവതരിപ്പിച്ചിരിക്കുകയാണ്.

To advertise here,

സൂര്യനെല്ലി ഇക്കോ ടൂറിസം സെന്ററിലാണ് കെ.എഫ്.ഡി.സി. ഈ വേറിട്ട തൊഴിലനുഭവം പരിചയപ്പെടുത്തുന്നത്. ഓഫീസ് അന്തരീക്ഷത്തിലെ കടുത്ത മാനസിക സമ്മർദ്ദങ്ങളിൽ കഴിയുന്ന ജീവനക്കാർക്ക് ശാന്തമായ അന്തരീക്ഷത്തിൽ, സ്‌ട്രെസ്സ് ഫ്രീയായി, പ്രകൃതിയെ തൊട്ടറിഞ്ഞ് ജോലിചെയ്യാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.

വർക്കേഷൻ എന്നാൽ വെറുമൊരു കസേരയും മേശയും രണ്ട് പ്ലഗ് പോയിന്റുകളും നൽകൽ മാത്രമല്ല, അവിടെയെത്തുന്നവർക്ക് ആവശ്യമായ എല്ലാവിധ അസിസ്റ്റൻസും നൽകലാണ്. യു.എസ്. ഷിഫ്റ്റുകളിൽ രാത്രി ഒരു മണിക്കോ രണ്ടു മണിക്കോ ജോലി ചെയ്യുന്നവർക്ക് ആവശ്യമായ ചായയോ സ്‌നാക്‌സോ നൽകുന്നതിനായി രാത്രിയിലും വാച്ചർമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.

താമസത്തിനായി മൂന്ന് മനോഹരമായ സ്റ്റോൺ കോട്ടേജുകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. വ്യക്തിഗതമായി മുറിയിലിരുന്ന് ജോലിചെയ്യുന്നതിന് പുറമേ മീറ്റിങ്ങുകൾ പങ്കെടുക്കാനും മറ്റുമായി 'ഗോൾഗർ' ഉപയോഗപ്പെടുത്താം. നിമിഷങ്ങൾക്കകം ഈ ഗോൾഗറിനെ ഒരു പാർട്ടി സ്‌പേസ് ആയി മാറ്റാനും സാധിക്കും. തടസ്സമില്ലാതെ ഓഫീസ് പ്രവർത്തനങ്ങളും മീറ്റിങ്ങുകളും നടത്തുന്നതിനായി 24 മണിക്കൂറും ഹൈസ്പീഡ് വൈഫൈ കണക്ഷനും ലഭ്യമാക്കിയിട്ടുണ്ട്. തണുപ്പുള്ള കാലാവസ്ഥയിൽ ജോലി ചെയ്യുന്നവർക്കായി ക്യാമ്പ് ഫയറും മറ്റ് സഹായങ്ങളും നൽകാൻ 24 മണിക്കൂറും ജീവനക്കാർ ലഭ്യമാണ്.

പ്രധാനമായും മൂന്ന് ദിവസത്തെ പാക്കേജാണ് കെ.എഫ്.ഡി.സി. ഇതിനായി രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിൽ ഒരു ദിവസം ഫാന്റം ഹിൽസിലേക്ക് കെ.എഫ്.ഡി.സി.യുടെ നേതൃത്വത്തിൽ പ്രത്യേക ട്രക്കിങ് പ്രോഗ്രാം സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ എക്‌സ്ട്രാ ആക്ടിവിറ്റിയായി കൊളുക്കുമല ജീപ്പ് സഫാരിയും ആസ്വദിക്കാം. പുലർച്ചെ 4 മണിക്ക് ആരംഭിച്ച് 6:30 ഓടെ കൊളുക്കുമല വ്യൂ പോയിന്റിലെത്തി സൂര്യോദയം കാണാൻ സഹായിക്കുന്ന ട്രക്കിങ്ങും സഫാരിയും സഞ്ചാരികൾക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്.

പ്രകൃതിഭംഗി കണ്ട് ടെൻഷൻ ഫ്രീയായി ജോലി ചെയ്യാനും, രാത്രികാലങ്ങളിൽ ക്യാമ്പ് ഫയറിന് ചുറ്റുമിരുന്ന് സമയം ചിലവഴിക്കാനും സാധിക്കുന്ന മികച്ച ആംബിയൻസാണ് ഇവിടെയുള്ളതെന്ന് സന്ദർശകർ പറയുന്നു.

ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റും കെ.എഫ്.ഡി.സി.യും ചേർന്ന് നടപ്പിലാക്കുന്ന ഇത്തരം പരിപാടികൾ ആളുകളെ പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ പഠിപ്പിക്കുകയും, കാടുകളുടെ സംരക്ഷണം എത്രത്തോളം അനിവാര്യമാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നതാണ്. നിലവിൽ കെ.എഫ്.ഡി.സി.യുടെ സൂര്യനെല്ലി, ഗവി എന്നീ രണ്ട് കേന്ദ്രങ്ങളിലാണ് വർക്കേഷൻ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. കെ.എഫ്.ഡി.സി.യുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ 'Workation' എന്ന ടാബിലൂടെ നിരക്കുകളും മറ്റ് വിവരങ്ങളും മനസ്സിലാക്കി ഓൺലൈനായി ബുക്കിംഗ് ചെയ്യാവുന്നതാണ്.