കൊച്ചി: എസ്എൻസി ലാവലിൻ കേസിൽ 2023-നുശേഷംഒരിഞ്ചുപോലും മുന്നോട്ടുപോകാതെ ഇഡി . അന്ന് കേസന്വേഷിച്ച ഉദ്യോഗസ്ഥരാരും ഇപ്പോൾ ഇഡിയിൽത്തന്നെയില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് സമൻസ് അയച്ചെങ്കിലും ഇത് എന്തിനു വേണ്ടിയെന്ന് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനുമാത്രം അറിയാവുന്ന കാര്യമാണെന്നാണ് ഇപ്പോഴത്തെ ഇഡി ഉന്നതാധികൃതർ പറയുന്നത്. ‘കേസ് ആക്ടീവ്’ അല്ല എന്നതാണ് നിലവിലെ സ്ഥിതിയെന്നും പറയുന്നു.

To advertise here,

സിബിഐ കേസിന്റെ അടിസ്ഥാനത്തിൽ കനേഡിയൻ കമ്പനിയായ ലാവലിനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലായിരുന്നു ഇഡി അന്വേഷണം. 2020-ൽ രജിസ്റ്റർ ചെയ്ത കേസിന്റെ ഫയൽ രേഖയിൽ വൈദ്യുതി വകുപ്പ് മുൻപ്രിൻസിപ്പൽ സെക്രട്ടറിയും കെഎസ്ഇബി മുൻ ചെയർമാനുമായിരുന്ന കെ. മോഹനചന്ദ്രന്റെ പേരിലാണ് കേസ്. ചില പ്രതികൾ മരിച്ചെങ്കിലും അന്വേഷണത്തിന്റെ തുടർച്ചയ്ക്കും കുറ്റപത്രം സമർപ്പിക്കാനും അതൊന്നും തടസ്സമല്ലെന്ന് ഇഡി കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു.

2023 ഫെബ്രുവരി 14-നാണ് അന്നത്തെ ഇഡി അസിസ്റ്റന്റ് ഡയറക്ടർ പി.കെ. ആനന്ദ്, വിവേക് കിരണിന് സമൻസ് അയച്ചത്. ക്ലിഫ് ഹൗസ് വിലാസത്തിലല്ല താമസിക്കുന്നതെന്നും വിദേശത്താണെന്നും വ്യക്തമായിട്ടും സമൻസ് നൽകുകയായിരുന്നു. ഇങ്ങനെയൊരാൾ ഈ വിലാസത്തിലില്ലെന്ന് പറഞ്ഞ് സമൻസ് മടക്കുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് എസ്എൻസി ലാവലിനും വൈദ്യുതിക്കരാറിന്റെ ധാരണാപത്രത്തിൽ സാക്ഷിയായി ഒപ്പിട്ട വിദേശമലയാളി വ്യവസായി ദിലീപ് രാഹുലനും ഇഡി സമൻസ് അയച്ചതായാണ് സൂചന. ഈ സമൻസും കൈപ്പറ്റിയിട്ടില്ല.

ദിലീപ് രാഹുലനെ ചോദ്യം ചെയ്യാൻ ഇന്റർപോളിന്റെ സഹായം തേടിയതായി കോടതിയെ സിബിഐ അറിയിച്ചിരുന്നു. പിന്നീട് ഇതിൽ തുടർനടപടികളൊന്നും ഉണ്ടായില്ല.

ഇഡിയും ദിലീപ് രാഹുലനെതിരേ ഇന്റർപോളിന്റെ ബ്ലൂകോർണർ നോട്ടീസിന് നടപടി തുടങ്ങിയെങ്കിലും എങ്ങുമെത്തിയില്ല. സിബിഐ കേസിൽ പ്രതിയല്ലാത്ത ദിലീപ് രാഹുലനെതിരേ എങ്ങനെയാണ് ഇന്റർപോളിനെ സമീപിക്കുക എന്നതിലും വ്യക്തതയില്ല.

മുഖ്യമന്ത്രിയുടെ മകന് സമൻസ്: ചോർന്നതിൽ ദുരൂഹത

കൊച്ചി: മുഖ്യമന്ത്രിയുടെ മകന് ഇഡി അയച്ച സമൻസ് ചോർന്നതിൽ ദുരൂഹത. നിലവിലെ ഇഡി ഓഫീസ് രേഖയിൽനിന്ന് ചോർന്നതല്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇഡി ഫയലിലുള്ള സമൻസിൽ സീലും ഡെസ്പാച്ച് നമ്പറും ഉണ്ടാകും. ഇവ പുറത്തുവന്ന സമൻസിൽ ഇല്ല. ഇങ്ങനെയൊരു സമൻസ് കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറയുന്നു. സമൻസിൽ പേരുള്ള വ്യക്തിയെ നേരിട്ടുകണ്ട് നൽകുന്നതാണ് ഇഡിയുടെ രീതി. ഇ-മെയിൽ, തപാൽ മുഖേനയും സമൻസ് അയക്കാറുണ്ട്. ഇത് ബന്ധപ്പെട്ട വ്യക്തിക്ക് കിട്ടിയെന്നും ഉറപ്പിക്കും.

ഒരു വ്യക്തിക്ക് സമൻസ് അയക്കണമെങ്കിൽ കേസുമായി നേരിട്ടുള്ള ബന്ധമോ ഏതെങ്കിലും മൊഴിയോ വേണം. സിബിഐ കേസിൽ പ്രതിയോ സാക്ഷിയോ അല്ലാത്ത വിവേക് കിരണിനെതിരേ അന്ന് ആരെങ്കിലും ഇഡിക്ക് മൊഴി നൽകിയിട്ടുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. ആ മൊഴി ചൂണ്ടിക്കാട്ടിയാലേ ഇഡി ഉന്നതാധികൃതരിൽനിന്ന് സമൻസ് അയക്കാനും ചോദ്യംചെയ്യാനും അനുമതി ലഭിക്കൂ.

സമൻസ് മുഖ്യമന്ത്രിയുടെ ഓഫീസിൽ ആരെങ്കിലും തുറന്ന്‌ കാണുകയും അതിന്റെ ഫോട്ടോ മൊബൈൽഫോണിൽ എടുത്തിരിക്കാനും സാധ്യതയുണ്ട്. അപ്പോഴും, ക്ലിഫ് ഹൗസില്ലല്ല വിവേക് താമസമെന്നതിനാൽ ആ സമൻസ് മടങ്ങിയെന്ന വിശദീകരണവുമായി വൈരുധ്യമുണ്ട്.

മറ്റൊരു സാധ്യത, അന്ന് സമൻസ് നൽകാൻ കൊടുത്തുവിട്ട ഇഡി പ്രതിനിധിയോ കേസുമായി ബന്ധപ്പെട്ട അന്നത്തെ ഉദ്യോഗസ്ഥരോ ഇത് ഫോട്ടോയെടുത്ത് സൂക്ഷിക്കാനുള്ളതാണ്. ഇവരാരും ഇപ്പോൾ ഇഡിയിലില്ല. അതിനാൽ, സമൻസ് ചോർന്നതിനുപിന്നിൽ വ്യക്തമായ രാഷ്ട്രീയ അജൻഡയുണ്ടെന്നും ഉദ്യോഗസ്ഥരടക്കം പറയുന്നു.