തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ നാർക്കോ ഹണ്ടായി ഓപ്പറേഷൻ തൂഫാൻ മാറിക്കഴിഞ്ഞതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ലഹരിക്കെതിരായ പോരാട്ടം കൂടുതൽ ശക്തവും ജനകീയവുമാക്കുന്നതിന്റെ ഭാഗമായി ഓപ്പറേഷൻ തൂഫാന്റെ കീഴിൽ 'തൂഫാൻ തദ്ദേശം' പദ്ധതിയുടെ മാസ്റ്റർ പരിശീലകർക്കുള്ള സംസ്ഥാനതല പരിശീലന പരിപാടി ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിദേശത്തുപോലും മികച്ച പിന്തുണ തൂഫാന് ലഭിക്കുന്നുണ്ട്. തൂഫാന്റെ അടുത്ത ഘട്ടമായ തൂഫാൻ കെയറിന് ബ്ളോക്ക്, പഞ്ചായത്ത്, വാർഡ് തലത്തിലുള്ളവരുടെ സഹായം ആവശ്യമാണ്. ജനകീയ പ്രതിരോധം ശക്തിപ്പെടുത്താൻ തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കും. ലഹരിയുടെ ഭവിഷ്യത്തുക്കളെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയാണ് മാസ്റ്റർ പരിശീലകരുടെ ഉത്തരവാദിത്തമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജിലെ മൈൻഡ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി അധ്യക്ഷത വഹിച്ചു. ഭാവി തലമുറയെ രക്ഷിക്കാനുള്ള പോരാട്ടമാണ് ഓപ്പറേഷൻ തൂഫാൻ. സമീപകാലത്ത് നടന്നിട്ടുള്ള ഏറ്റവും സമ്മോഹനമായ മുന്നേറ്റമാണിതെന്ന് പറഞ്ഞ മന്ത്രി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ലഹരിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും വ്യക്തമാക്കി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ താഴെത്തട്ടിലേക്ക് എത്തിക്കുന്നതിനും പ്രാദേശിക തലത്തിൽ ശക്തമായ പ്രതിരോധ സംവിധാനം രൂപപ്പെടുത്തുന്നതിനും മാസ്റ്റർ പരിശീലകരെ സജ്ജരാക്കുകയാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം. തദ്ദേശസ്ഥാപനങ്ങളെയും പോലീസിനെയും ഏകോപിപ്പിച്ച് ജനപങ്കാളിത്തത്തോടെയുള്ള ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായി നടപ്പാക്കുന്നതിന് പദ്ധതി സഹായകമാകും. പോലീസിൽ നിന്ന് 70 ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 80 ഉദ്യോഗസ്ഥരുമാണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്.
സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ മുഖ്യപ്രഭാഷണം നടത്തി. പോലീസ് ഇൻസ്പെക്ടർ ജനറൽ പി. പ്രകാശ്, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യർ എന്നിവർ ആശംസകൾ നേർന്നു. ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസർ പുട്ട വിമലാദിത്യ സ്വാഗതവും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഷഹൻഷ നന്ദിയും അറിയിച്ചു.
Published: 16 Nov 2026, 04:23 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented