ബാലരാമപുരം: രണ്ടുവയസ്സുള്ള കുഞ്ഞിനെ അമ്മാവൻ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിന് പിന്നാലെ കുഞ്ഞിന്റെ അമ്മയായ ശ്രീതുവിനെതിരേ തൊഴില്‍ തട്ടിപ്പിനും കേസ്. ദേവസ്വം ബോര്‍ഡില്‍ ജോലി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ശ്രീതു പലരില്‍ നിന്നും പണം തട്ടിയെടുത്തിട്ടുണ്ടെന്ന പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മൂന്നുപേരാണ് പണം തട്ടിയതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥയാണെന്നാണ് ശ്രീതു സ്വയം പരിചയപ്പെടുത്തിയിരുന്നത്. എന്നാല്‍, കുട്ടിയുടെ കൊലപാതക കേസ് പുറത്തുവന്നതിന് പിന്നാലെ ശ്രീതു ദേവസ്വം ബോര്‍ഡില്‍ താത്കാലിക ജീവനക്കാരിയായിരുന്നുവെന്ന തരത്തില്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഒടുവില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ നിന്ന് കരാര്‍ അടിസ്ഥാനത്തില്‍ പോലും ശ്രീതു ദേവസ്വം ബോര്‍ഡില്‍ ജോലി ചെയ്തിരുന്നില്ലെന്നാണ് കണ്ടെത്തിയത്.
മതപഠനത്തിന്റെ ഭാഗമായി ക്ലാസ് എടുക്കുന്നതിനായി ചില ക്ഷേത്രങ്ങളിൽ ശ്രീതു പോയിരുന്നുവെന്നാണ് വിവരങ്ങള്‍. എന്നാല്‍, വീട് വാടകയ്ക്ക് എടുത്തപ്പോള്‍ ദേവസ്വം ബോര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയാണെന്ന് പരിചയപ്പെടുത്തുകയും ജോലി വാങ്ങി നല്‍കാമെന്ന ഉറപ്പില്‍ അയല്‍വാസികളില്‍ പലരില്‍ നിന്നുമായി ഒരുലക്ഷം രൂപ മുതല്‍ അഞ്ചുലക്ഷം രൂപ വരെ തട്ടിയെടുത്തിട്ടുണ്ടെന്നാണ് നാട്ടുകാരില്‍ ചിലര്‍ പോലീസിന് നല്‍കിയിട്ടുള്ള പരാതിയില്‍ പറയുന്നത്.
താന്‍ വിചാരിച്ചാല്‍ രണ്ടുലക്ഷം രൂപ വരെ ശമ്പളം കിട്ടുന്ന ജോലി ദേവസ്വം ബോര്‍ഡില്‍ ലഭിക്കുമെന്ന് പറഞ്ഞാണ് ശ്രീതു പലരില്‍ നിന്നും പണം മേടിച്ചിരിക്കുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. പണം നഷ്ടപ്പെട്ടെന്ന് ആരോപിച്ച് പരാതി നല്‍കിയിട്ടുള്ള ആളുകളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് ശ്രീതുവിനെ വിശദമായി ചോദ്യം ചെയ്യുന്നതിന് റൂറല്‍ എസ്.പിയും ഡി.വൈ.എസ്.പിയും ബാലരാമപുരം പോലീസ് സ്റ്റേഷനില്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം.
സാമ്പത്തിക തട്ടിപ്പ് കേസിലും ശ്രീതുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനുപുറമെ, 36 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപിച്ച് ജോത്സ്യനെതിരേ ശ്രീതു ഒരു പരാതി നല്‍കിയിരുന്നു. ജോത്സ്യന്റെ നിര്‍ദേശപ്രകാരം ഒരു പൊതുപ്രവര്‍ത്തകന്റെ കൈവശം പണം നല്‍കിയെന്നാണ് ശ്രീതു പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍, ഇങ്ങനെയൊരാളെയോ ഇത്തരത്തിലുള്ള ഒരു സന്ദേശമോ പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
ജനുവരി 30 വ്യാഴാഴ്ചയാണ് ബാലരാമപുരം കോട്ടുകാല്‍ക്കോണം വാറുവിളാകത്തുവീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന ശ്രീതു-ശ്രീജിത്ത് ദമ്പതിമാരുടെ മകള്‍ ദേവേന്ദുവിനെ ശ്രീതുവിന്റെ സഹോദരന് കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്. കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതിനു പിന്നില്‍ അന്ധവിശ്വാസമാണെന്നായിരുന്നു ആദ്യ സൂചനകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടില്‍ മന്ത്രവാദം നടത്തിയ ജോത്സ്യനെ പോലീസ് ചോദ്യംചെയ്യുകയും ചെയ്തിരുന്നു.
Content Highlights: Shreethu mother of the murdered toddler in Balaramapuram is accused of financial fraud
Published: 02 Feb 2025, 11:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented