
അടിമാലി: ഒരേദിവസം, കുറച്ചു സമയത്തിന്റെ വ്യത്യാസത്തിൽ ഈ മണ്ണിലേക്ക് ഓടിയെത്തിയവരാണ് റിഹാനും ഇഹാനും. ഉമ്മയുടെ മടിത്തട്ടിലും വാപ്പിച്ചിയുടെ കൈകളിലും മാറിമാറിക്കളിച്ച ആ ഇരട്ടക്കുരുന്നുകൾ. ഇനി അവർ വിളികേൾക്കില്ല. തറയിൽ ഇറ്റുവീണ വിഷം ആ പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനെടുത്തു.
ഒരുമിച്ച് ഈ ലോകത്തേക്ക് വന്നവർക്ക് ഒരേ കബറിങ്കൽ അന്ത്യവിശ്രമം. ഒരുവയസ്സ് മാത്രമായിരുന്നു അവരുടെ പ്രായം. ഒഴുവത്തടം വലിയകാട്ടിൽ അഫ്സൽ-സാന്ദ്ര ദമ്പതിമാരുടെ പിഞ്ചുമക്കളായ റിഹാനും ഇഹാനുമാണ് മരിച്ചത്.
എപ്പോഴും ഒന്നിച്ച്
ഇഴഞ്ഞുനടക്കാൻ തുടങ്ങിയകാലംമുതൽ രണ്ടുപേരും എപ്പോഴും ഒന്നിച്ചായിരുന്നു. ഒരാൾ പോകുന്നതിന്റെ പിന്നാലെ മറ്റേയാൾ പോകും. ഇതായിരുന്നു ഈ പിഞ്ചുകുഞ്ഞുങ്ങളുടെ മാസങ്ങളായുള്ള ശീലം. ഒരുവയസ്സും ഒരുമാസവുംമാത്രം പ്രായമുള്ള ആ കുരുന്നുകളുടെ കൊഞ്ചലുകളും കുസൃതിയും കുടുംബത്തിന്റെ സന്തോഷനിമിഷങ്ങളായിരുന്നു.
എന്നാൽ, വെള്ളിയാഴ്ച രാത്രിയെത്തിയ ആ വിധി, ആ കൊച്ചുവീട്ടിലെ സന്തോഷങ്ങളെയെല്ലാം നിമിഷനേരംകൊണ്ട് തല്ലിക്കെടുത്തി. അറിയാതെ ഉള്ളിൽച്ചെന്ന വിഷവസ്തു ആ കുഞ്ഞുങ്ങളുടെ ശ്വാസമെടുക്കുമ്പോൾ, നെഞ്ചത്തടിച്ച് കരയാനല്ലാതെ മറ്റൊന്നിനും ആ മാതാപിതാക്കൾക്ക് കഴിഞ്ഞില്ല.
വാടകവീട്ടിൽ അടുക്കളയുടെ മുകളിൽ നാളുകളായി ഇരുന്നത് തന്റെ മക്കളുടെ ജീവനെടുക്കാനുള്ള വിഷമായിരുന്നുവെന്നത് ആ രക്ഷിതാക്കൾ ഒരിക്കൽപ്പോലും അറിഞ്ഞിരുന്നില്ല.
നെഞ്ചുപൊട്ടിയുള്ള നിലവിളി
ശനിയാഴ്ച രാവിലെ ഒഴുവത്തടം ഗ്രാമം ഉണർന്നത് ദാരുണവാർത്ത കേട്ടാണ്. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് കുരുന്നുകൾ മരിച്ച വിവരം അടിമാലിയിലെ ആശുപത്രിപരിസരത്തുപോലും അറിയുന്നത്. അതിനാൽ, ഒഴുവത്തടം നിവാസികൾ വിവരമറിയുന്നത് ശനിയാഴ്ച രാവിലെയാണ്.
ആരും ആരെയും ആശ്വസിപ്പിക്കാനാകാതെ തരിച്ചുനിന്നുപോയ നിമിഷങ്ങൾ. ‘ഞങ്ങളുടെ മക്കൾ പോയല്ലോ’ എന്ന മാതാപിതാക്കളുടെ നെഞ്ചുപൊട്ടിയുള്ള നിലവിളികേട്ട് കണ്ടുനിന്ന പ്രദേശവാസികളുടെ കണ്ണുനിറഞ്ഞു, മനസ്സ് തേങ്ങി. ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് ഇടുക്കി മെഡിക്കൽ കോളേജിൽനിന്ന് മൃതദേഹങ്ങൾ പോലീസ് നടപടി പൂർത്തിയാക്കി വിട്ടുനൽകിയത്.
അഞ്ചോടെ പത്താംമൈൽ ജുമാ മസ്ജിദിൽ മൃതദേഹങ്ങൾ എത്തുമ്പോൾ നൂറുകണക്കിന് ആളുകൾ ആദരാഞ്ജലിയർപ്പിക്കാനും അവസാനത്തെ പ്രാർഥനയിൽ പങ്കെടുക്കാനും പള്ളിയിലെത്തി. അഞ്ചോെട ഒരു കബറിൽ രണ്ടു കുഞ്ഞുങ്ങളുടെയും മൃതദേഹങ്ങൾ കബറടക്കി.
ഇരട്ടക്കുട്ടികളുടെ ജീവനെടുത്തത് നിലത്ത് ഇറ്റുവീണ കീടനാശിനി
അടിമാലി: ഒരുവയസ്സുമാത്രമുള്ള ഇരട്ടക്കുട്ടികളുടെ ജീവനെടുത്തത് കാലപ്പഴക്കംമൂലം ടിൻ പൊട്ടി തറയിലേക്ക് ഒഴുകിയ കീടനാശിനി. കീടനാശിനി ഉള്ളിൽച്ചെന്നതാണ് കുട്ടികളുടെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമോർട്ടത്തിൽ പ്രാഥമിക നിഗമനം.
അടുക്കളയുടെ കോൺക്രീറ്റ് തട്ടിൽ സൂക്ഷിച്ചിരുന്ന കീടനാശിനി പൊട്ടി താഴേക്ക് ഒഴുകിയ ഭാഗത്തുകൂടി ഇഴഞ്ഞുനടന്ന കുട്ടികളുടെ ഉള്ളിൽ വിഷം അബദ്ധത്തിൽ എത്തുകയായിരുന്നു. അവശരായ കുട്ടികളെ ആശുപത്രിയിലെത്തിച്ചിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു സംഭവം. ഇവർ താമസിക്കുന്ന വാടകവീട്ടിൽ കുട്ടികളുടെ അച്ഛൻ അഫ്സൽ, മൂത്തമകൻ രണ്ടര വയസ്സുകാരൻ അഹിലിനൊപ്പം മുറിയിൽ ടി.വി. കാണുകയായിരുന്നു. ആസമയം കറന്റ് പോയി. സാന്ദ്ര അടുക്കളയിലായിരുന്നു. ഇരട്ടക്കുട്ടികളും അവിടെ ഇഴഞ്ഞുനടന്നു. പിന്നീടാണ്, കുട്ടികൾ അസ്വസ്ഥത കാണിക്കുന്നത് ശ്രദ്ധിച്ചത്.
കുട്ടികളുടെ കൈകളും മുഖവുമൊക്കെ കഴുകി. അപ്പോൾത്തന്നെ മാതാപിതാക്കൾ പരിസരം ശ്രദ്ധിച്ചു. അപ്പോഴാണ് പച്ചനിറത്തിലുള്ള ദ്രാവകം അടുക്കളയുടെ കോൺക്രീറ്റ് തട്ടിനുതാഴെ ഒഴുകിപ്പരന്ന് കിടക്കുന്നതായി കണ്ടത്. കുട്ടികളുടെ കൈകളിലും നിറം കണ്ടു. മാതാപിതാക്കൾ കരുതിയത്, ഇത് തിന്നർപോലെയുള്ള എന്തോ ദ്രാവകമാണെന്നാണ്. കുട്ടികൾ കൂടുതൽ അസ്വസ്ഥത കാണിക്കുകയും ചെയ്തു.
ഉടൻ അടിമാലിയിലേക്ക് കൊണ്ടുപോയി. ഒരുകുട്ടി വഴിമധ്യേ മരിച്ചു; രണ്ടാമത്തെ കുട്ടി അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും. വെള്ളിയാഴ്ച രാവിലെ പത്തോടെ കുട്ടികളുടെ ഇൻക്വസ്റ്റ് പൂർത്തിയാക്കി. ഇടുക്കി മെഡിക്കൽ കോളേജിലായിരുന്നു പോസ്റ്റ്മോർട്ടം. കുട്ടികളുടെ ആമാശയത്തിൽനിന്ന് വിഷാംശം കണ്ടെത്തിയാതായി ഡോക്ടർ, പോലീസിനെ അറിയിച്ചിട്ടുണ്ട്.
പോസ്റ്റുമോർട്ടം റിപ്പോർട്ടും ശാസ്ത്രീയപരിശോധനാ റിപ്പോർട്ടും വന്നാലേ കൂടുതൽ കാര്യങ്ങൾ അറിയാനാകൂ. മൃതദേഹങ്ങൾ പത്താംമൈൽ ടൗൺ ജുമാ മസ്ജിദിൽ കബറടക്കി.
Content Highlights: Twin toddlers, Rihan and Ihan, tragically died from pesticide poisoning after crawling through a leaked pesticide from a tin stored in their rented home's kitchen. The incident occurred on a Friday evening, and the community learned of the tragedy the following morning, leading to widespread grief and mourning. The children were buried together in a single grave at the Pothammile Juma Masjid, with hundreds attending to pay their respects.
Published: 13 Sept 2026, 09:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented