കണ്ണൂർ: കോഴിക്കോട്ട് ഞായറാഴ്ച ആരംഭിക്കുന്ന സി.പി.എം. വിശാല സംസ്ഥാന സമ്മേളനത്തിന് മുൻപ് മാസപ്പടിക്കേസിൽ തനിക്കും കുടുംബത്തിനും എതിരേ ഉയർന്ന ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടിപറഞ്ഞ് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. വിശാല സമ്മേളനത്തിൽ മാസപ്പടി വിവാദം ചർച്ചയ്ക്ക് വരുമെന്ന കാര്യം ഉറപ്പായതോടെയാണ് പിണറായിയുടെ നീക്കം. പതിവിന് വിപരീതമായി വ്യക്തിപരമായ വിഷയങ്ങൾ പത്രസമ്മേളനം നടത്തി വിശദീകരിക്കാറില്ലെന്ന്‌ പറഞ്ഞുകൊണ്ടാണ് അദ്ദേഹം സംസാരം തുടങ്ങിയത്.

To advertise here,

വിശാല സമ്മേളനത്തിന് മുൻപേ നിലപാട് വ്യക്തമാക്കലല്ലിതെന്ന് പറയുമ്പോഴും നിലവിലെ സാഹചര്യങ്ങൾ വിശദീകരിക്കാൻ സമ്മേളനത്തിന് തൊട്ടുമുൻപ് തീരുമാനമെടുക്കാനുള്ള കാരണവും പിണറായി വ്യക്തമാക്കി. ചങ്ങനാശ്ശേരിയിൽ ഒരു പരിപാടിക്ക് പോവുകയായിരുന്നു. അതിനിടയിൽ ഗസ്റ്റ് ഹൗസിൽ എത്തിയശേഷം ശൗചാലയത്തിൽ പോകുന്നതിനിടെ ചില മാധ്യമപ്രവർത്തകർ ക്യാമറയുമായി എത്തി-പിണറായി പറഞ്ഞു. ഞാൻ മൂത്രമൊഴിക്കാൻ പോകുകയാണെന്ന് പറഞ്ഞു. തിരിച്ച് വരുമ്പോൾ മാധ്യമപ്രവർത്തകരോട് ഇപ്പോൾ സംസാരിക്കുന്നില്ലെന്ന് പറഞ്ഞിറങ്ങി. അവർക്ക് സംസാരിക്കണമെന്ന് ആഗ്രഹമുണ്ടായിക്കാണും.

അടുത്ത ദിവസം സംസാരിക്കാമെന്ന് കരുതി. എന്നാൽ മൂന്നാല് പരിപാടി കഴിഞ്ഞ് എത്തിയപ്പോൾ ശബ്ദം പോയി. അന്നത്തെ പത്രസമ്മേളനം വേണ്ടെന്ന് വെച്ചു. വെള്ളിയാഴ്ചയും ശബ്ദം ശരിയായില്ല. നാട്ടിൽ എത്തിയശേഷം കണ്ണൂരിൽ മാധ്യമങ്ങളെ കാണാമെന്ന് വിചാരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച നിങ്ങളെ കാണുന്നത്. അതിൽ വിശാല സമ്മേളനവുമായി യാതൊരു ബന്ധവുമില്ല-പിണറായി തുടർന്നു.

തന്നിലൂടെ പാർട്ടിയെ തകർക്കാനുള്ള നീക്കമാണ് അന്വേഷണ ഏജൻസിയൂടെ നടക്കുന്നതെന്ന് പത്രസമ്മേളനത്തിൽ 21 തവണ അദ്ദേഹം പറഞ്ഞു. മകൾ വീണയുടെ കൈയിൽനിന്ന്‌ റെഡ് ബുക്ക് പിടിച്ചോയെന്ന ചോദ്യത്തിന് വാക്കുകൾ കടുപ്പിച്ചു. ശുദ്ധ അസംബദ്ധമാണ്. വീണ കുറ്റം സമ്മതിച്ചെന്നത് പച്ചക്കള്ളവും ശുദ്ധനുണയുമാണ്. ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് നശിപ്പിക്കാൻ പോകുകയാണ്.

മുഖ്യമന്ത്രിയായിരുന്നപ്പോൾ സി.എം.ആർ.എല്ലിന് വഴിവിട്ട ഒരു സഹായവും നൽകിയിട്ടില്ല. സി.പി.എമ്മിന്റെ ഭാഗമായി നിൽക്കുന്നതുകൊണ്ടാണ് എന്നെ എതിർക്കുന്നത്. അതിന്റെ അർഥം എന്നിലൂടെ സി.പി.എമ്മിനെ തകർക്കാൻ സാധിക്കുമോ എന്നാണ് നോക്കുന്നത്. യു.ഡി.എഫും. വലതുപക്ഷ മാധ്യമങ്ങളും അവർക്കൊപ്പം ചേരുന്നു. ഇപ്പോൾ കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരും ഇക്കാര്യത്തിൽ ശ്രമങ്ങൾ നടത്തുന്നുണ്ട്. തോട്ടപ്പള്ളി സ്പിൽവേയിലെ മണൽ നീക്കംചെയ്യൽ, കെ.ആർ.ഇ.എം.എല്ലിന് ഭൂപരിധി ഇളവ് നൽകൽ, എക്സാലോജിക്കിന് പണംനൽകൽ എന്നീ മൂന്ന് ആരോപണങ്ങളും വിജിലൻസ് കോടതിയും കേരള ഹൈക്കോടതിയും സുപ്രീംകോടതിയും മുൻപ് പരിശോധിച്ചതാണ്. കേസ് എടുക്കാൻ തക്ക വസ്തുതകളില്ല എന്നുകണ്ട് കോടതികൾ തള്ളിയ കാര്യങ്ങളാണ് വീണ്ടും പുതിയ അന്വേഷണത്തിന്റെ മറവിൽ ഉയർത്തുന്നത്.

എസ്.എഫ്.ഐ.ഒ. റിപ്പോർട്ടിന്റെ നിയമസാധുത ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ, പുതിയ ക്രിമിനൽ കേസ് സൃഷ്ടിച്ച് ഇ.ഡി. അന്വേഷണം തന്നിലേക്ക് എത്തിക്കാനാകുമോ എന്ന പരീക്ഷണമാണ് ഇപ്പോൾ നടക്കുന്നത്. ഇക്കാര്യങ്ങൾ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച കണ്ണൂരിൽ കാര്യമായ പരിപാടികളൊന്നും പിണറായിക്ക്‌ ഉണ്ടായിരുന്നില്ല. പിണറായിയിലെ വീട്ടിലെ വിശ്രമത്തിനുശേഷം ഞായറാഴ്ച വിശാല സമ്മേളനത്തിൽ പങ്കെടുക്കാൻ കോഴിക്കോട്ട്‌ പോകും.