9,000 കോടി രൂപയുടെ വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ടാണ് മല്യയ്ക്കെതിരെ ഇന്ത്യയിൽ നിയമനടപടികൾ തുടരുന്നത്

ന്യൂഡൽഹി: തന്നെ തട്ടിപ്പുകാരൻ എന്ന് വിളിക്കുന്നതിൽ പ്രതിഷേധവുമായി വ്യവസായി വിജയ് മല്ല്യ. താൻ അനീതി നേരിടുകയാണെന്ന് പറഞ്ഞ അദ്ദേഹം, 'ഞാൻ ഒരു പാറ്റയായി മാറണോ?' എന്ന ചോദ്യവും ഉന്നയിച്ചു. സാമൂഹികമാധ്യമമായ എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാറ്റയായി മാറിയാൽ ഒരുപക്ഷേ ജീവിതം കുറച്ചുകൂടി മെച്ചപ്പെട്ടേക്കാമെന്ന പരിഹാസവും അദ്ദേഹം നടത്തി. വായ്പ്പയെടുത്ത 9,000 കോടി രൂപ തിരിച്ചടയ്ക്കാതെ ഇന്ത്യവിട്ട മല്യ ഇപ്പോൾ യു.കെയിലാണുള്ളത്.
'ഞാൻ നേരിട്ടതും ഇപ്പോഴും നേരിടുന്നതുമായ എല്ലാ അനീതികളും കണക്കിലെടുക്കുമ്പോൾ, ഞാൻ ഒരു പാറ്റയായി മാറണോ എന്ന് ആലോചിക്കുകയാണ്. ഒരുപക്ഷേ പാറ്റയുടെ ഭാഗത്തായിരിക്കും മെച്ചപ്പെട്ട ജീവിതം.' -ഇതാണ് മല്യ എക്‌സിൽ കുറിച്ചത്. അടുത്തിടെ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങളെ പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
തനിക്കെതിരായ സാമ്പത്തിക ബാധ്യതകളുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളും മല്ല്യ ചൂണ്ടിക്കാട്ടി. 2021-ൽ തന്നിൽനിന്ന് 14,131.60 കോടി രൂപ തിരിച്ചുപിടിച്ച് ബാങ്കുകൾക്ക് കൈമാറിയതായി ഇ.ഡിയുടെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് മല്ല്യയുടെ അവകാശവാദം.
'ഞാൻ പറയുന്നത് വിശ്വസിക്കേണ്ട. ഏറ്റവും ശക്തമായ അന്വേഷണ ഏജൻസികളിലൊന്നായ ഇ.ഡി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലമാണ് പരിശോധിക്കേണ്ടത്. 14,000 കോടിയിലധികം രൂപ ബാങ്കുകൾക്ക് കൈമാറിയതായി അതിൽ വ്യക്തമാക്കുന്നുണ്ട്.' -അദ്ദേഹം മറ്റൊരു പോസ്റ്റിൽ കുറിച്ചു. ഇത്രയും തുക തിരിച്ചുപിടിച്ചെന്ന് പറയുന്ന സാഹചര്യത്തിൽ താൻ ഇപ്പോഴും ബാങ്കുകളെ കബളിപ്പിച്ച തട്ടിപ്പുകാരനെന്ന രീതിയിൽ വിശേഷിപ്പിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്നും മല്ല്യ ചോദിച്ചു. മാധ്യമങ്ങൾ തന്നെ 'ഫ്രോഡ്സ്റ്റർ' (തട്ടിപ്പുകാരൻ) എന്ന് വിശേഷിപ്പിക്കുന്നതിന് പകരം തനിക്ക് എപ്പോൾ റീഫണ്ട് ലഭിക്കുമെന്ന് ചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയിലേക്ക് മടങ്ങിവരാത്തതിന്റെ പേരിൽ തന്നെ 'ഭഗോഡ' എന്ന് വിളിക്കുന്നവർക്കും മല്യ മറുപടി നൽകി. 1992 മുതൽ ബ്രിട്ടനിൽ സ്ഥിരതാമസക്കാരനാണെന്നും നിലവിലെ യു.കെ നിയമനടപടികളുടെ ഭാഗമായി രാജ്യം വിടുന്നതിന് നിയമപരമായ നിയന്ത്രണമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യയിലെ ബാങ്കുകളുടെ പണം തിരിച്ചടയ്ക്കുന്നതിന് താൻ ഇന്ത്യയിലുണ്ടാകേണ്ട ആവശ്യമില്ലെന്നും മല്ല്യ അവകാശപ്പെട്ടു.
കിങ് ഫിഷർ എയർലൈൻസിനായി വിവിധ ബാങ്കുകളിൽനിന്നെടുത്ത ഏകദേശം 9,000 കോടി രൂപയുടെ വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ടാണ് മല്യക്കെതിരെ ഇന്ത്യയിൽ നിയമനടപടികൾ തുടരുന്നത്. മല്യയെ ഇന്ത്യയിൽ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: Fugitive businessman Vijay Mallya questioned why he is still called a fraudster after the Enforcement Directorate recovered over Rs 14,000 crore for banks. He defended his residency status in the UK via social media.
Published: 10 Sept 2026, 06:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented