ന്യൂഡൽഹി: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ എല്ലാ ആശയങ്ങളോടും താൻ യോജിക്കുന്നില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. മലേഷ്യയിൽ സ്ത്രീകൾക്ക് തുല്യ അവകാശങ്ങൾ ഉറപ്പു നൽകുന്നുണ്ടെന്ന കാര്യം കാന്തപുരത്തിന്റെ മുഖത്തു നോക്കിത്തന്നെ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മലേഷ്യൻ പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

To advertise here,

Also Read: ‘സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണം, രംഗത്തിറക്കിയാൽ വലിയനാശം’; വിവാദനിലപാടിലുറച്ച് കാന്തപുരം

‘ഖുർആൻ ഉൾപ്പെടെയുള്ള മതഗ്രന്ഥങ്ങൾ മനസ്സിലാക്കുന്നതിൽ സംഭാവനകൾ നൽകിയ ഒരു പരമ്പരാഗത മതപണ്ഡിതനാണ് അദ്ദേഹം. എന്നാൽ, അദ്ദേഹത്തിന്റെ എല്ലാ വീക്ഷണങ്ങളും ഞങ്ങൾ പങ്കുവെക്കുന്നുണ്ടെന്ന് ഇതിനർഥമില്ല.’ -അൻവർ ഇബ്രാഹിം പറഞ്ഞു. ഇക്കാര്യം താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും സൂചിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാന്തപുരത്തെ കാണാനായി മലേഷ്യൻ പ്രധാനമന്ത്രി ഞായറാഴ്ച വൈകീട്ട് കോഴിക്കോട്ട് എത്താനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 

സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ അത് വലിയ നാശത്തിന് കാരണമാകുമെന്ന് നേരത്തേ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ പറഞ്ഞത് വലിയ വിവാദമായിരുന്നു. സ്ത്രീകൾ പൊതുരംഗത്തേക്ക് വരുന്നത് തടയുന്നത് അവരോടുള്ള ബഹുമാനം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൊച്ചിയിൽ നടന്ന കേരള മുസ്ലിം ജമാഅത്തിന്റെ ഹുബ്ബുറസൂൽ സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു വിവാദ പരാമർശം. 

മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളി രംഗത്തുവന്നു. കാന്തപുരം പറഞ്ഞതിനെ സർക്കാരോ കോൺഗ്രസോ അനുകൂലിക്കുന്നില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, 19-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യമാണ് 21-ാം നൂറ്റാണ്ടിൽ പറഞ്ഞതെന്നും കൂട്ടിച്ചേർത്തു. ഇസ്‌ലാമിക ചരിത്രത്തെ പോലും തെറ്റായി വ്യാഖ്യാനിക്കുന്ന പ്രസ്താവനയാണ് കാന്തപുരത്തിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.