തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്ക് പ്രത്യേക ചികിത്സാസൗകര്യം ഒരുക്കും. ആദ്യഘട്ടത്തിൽ മെഡിക്കൽ കോളേജുകളിലും ജനറൽ ആശുപത്രികളിലും നടപ്പാക്കും. ഇതിനായി ആശുപത്രികളിലെ നിലവിലെ സംവിധാനങ്ങളെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി മെഡിക്കൽ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പ് ഡയറക്ടർമാർക്ക് നിർദേശം നൽകി.

To advertise here,

അടുത്തഘട്ടത്തിൽ ജില്ലാ, താലൂക്ക് ആശുപത്രികളിലും സൗകര്യം നടപ്പാക്കും. ട്രാൻസ്‌ജെൻഡർ കോൺഗ്രസ് നേതാവ് അമേയ പ്രസാദ് മന്ത്രി കെ. മുരളീധരന് നൽകിയ നിവേദനത്തെത്തുടർന്നാണ് നടപടി.

പത്തുവർഷം മുൻപത്തെ നയം, പൂർണമായി നടപ്പായില്ല

ചികിത്സ തേടിയ ട്രാൻസ്ജെൻഡർ വിഭാഗക്കാരിൽ 51 ശതമാനം പേർക്കും ആശുപത്രികളിൽ തുല്യപരിഗണന ലഭിച്ചില്ലെന്ന് സാമൂഹ്യനീതി വകുപ്പ് 2014-15-ൽ നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു.

2015-ൽ സാമൂഹ്യനീതി വകുപ്പ് പുറപ്പെടുവിച്ച ‘സ്റ്റേറ്റ് പോളിസി ഫോർ ട്രാൻസ്ജെൻഡേഴ്സ് ഇൻ കേരള’ എന്ന നയരേഖയിൽ ട്രാൻസ്ജെൻഡർമാർക്ക് വിവേചനരഹിതമായ ചികിത്സ ഉറപ്പാക്കാൻ എല്ലാ സർക്കാർ ആശുപത്രികളും രജിസ്ട്രേഷനും അഡ്മിഷനും സംബന്ധിച്ച നയങ്ങൾ രൂപവത്കരിക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു.

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക ഫണ്ട് രൂപവത്കരിക്കണമെന്നും ട്രാൻസ്ജെൻഡർമാരെ രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജന, സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി എന്നിവയിൽ ഉൾപ്പെടുത്തണമെന്നും നയത്തിൽ പറഞ്ഞിരുന്നു.

ഇത് നടപ്പാക്കാൻ ആരോഗ്യ സെക്രട്ടറി അംഗമായ സംസ്ഥാനതല ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡും ജില്ലാതല സമിതികളും 2015-ൽത്തന്നെ വിഭാവനം ചെയ്തിരുന്നെങ്കിലും പൂർണമായി നടപ്പായില്ല.