സീതത്തോട് (പത്തനംതിട്ട): സീതത്തോട് പഞ്ചായത്തിൽ വി.ഇ.ഒ. എം.ആർ. റാണിലക്ഷ്മി നടത്തിയ തട്ടിപ്പിന്റെ വ്യാപ്തി കൂടുന്നു. ഇതുവരെ നടത്തിയ പരിശോധനയിൽ 70 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന് കണ്ടെത്തി. ഇവർ നടത്തിയ കൂടുതൽ ഇടപാടുകൾ അന്വേഷണവിധേയമാകുന്നതോടെ തട്ടിപ്പിന്റെ വ്യാപ്തി ഉയർന്നേക്കും. ഗുണഭോക്താക്കൾക്ക് നൽകാനുള്ള പഞ്ചായത്ത് ഫണ്ട് ബന്ധുക്കളുടെ ഉൾപ്പെടെ അക്കൗണ്ടുകളിലേക്ക് മാറ്റിയതിനുപുറമേ, ലൈഫ് ഭവന പദ്ധതിയിലെ ഫണ്ട് വിതരണത്തിൽ വഴിവിട്ട് മറ്റ് ചില ക്രമക്കേടുകൾ നടത്തിയതായുള്ള വിവരവും പുറത്തുവരുന്നുണ്ട്.

To advertise here,

51.23 ലക്ഷം രൂപ അപഹരിച്ചെന്ന് കാട്ടിയാണ് നിലവിൽ പഞ്ചായത്ത് സെക്രട്ടറി ചിറ്റാർ പോലീസിൽ പരാതി നൽകിയിട്ടുള്ളത്. വ്യാഴാഴ്ചവരെ നടത്തിയ പരിശോധനയിൽ അത് 69.80 ലക്ഷമായി. ഇവർ നടത്തിയ മുഴുവൻ ഇടപാടുകളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. അതിനിടെ വി.ഇ.ഒയ്ക്ക് തട്ടിപ്പ് നടത്താൻ മറ്റ് ചിലരുടെ സഹായം ലഭിച്ചതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.

വി.ഇ.ഒ. നടത്തിയ മുഴുവൻ ഇടപാടുകളെപ്പറ്റിയും വകുപ്പുതല അന്വേഷണവും പോലീസ് അന്വേഷണവും നടത്താൻ വ്യാഴാഴ്ച ചേർന്ന പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. പഞ്ചായത്തിൽ കരാർവെച്ച് വീട് പണി തുടങ്ങിയവരും പാതി നിർമാണം നടത്തിയവരുമെല്ലാം തുടർഗഡു കിട്ടാതെ വലഞ്ഞിരിക്കുകയാണ്. മിക്ക ഗുണഭോക്താക്കൾക്കും വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഇടംപിടിക്കാൻ കഴിഞ്ഞത്.

പണം ലഭിച്ചതായി ഒപ്പിട്ടുവാങ്ങി?

മിക്ക പദ്ധതികളുടെയും ഗുണഭോക്താക്കളിൽനിന്ന് പണം ലഭിച്ചതായുള്ള രേഖകൾ വി.ഇ.ഒ. ഒപ്പിട്ട് വാങ്ങിയിട്ടുണ്ടെന്നാണ് മറ്റൊരു വിവരം. കാരണം നിർവഹണ ഉദ്യോഗസ്ഥയെന്ന നിലയിൽ ഇവർ ആവശ്യപ്പെടുന്ന രേഖകൾ നൽകുകയും അതിൽ ഒപ്പിട്ട് നൽകുകയും ചെയ്യുന്നത് സാധാരണമാണ്. പദ്ധതി പണം സർക്കാർ അനുവദിക്കുമ്പോൾ ഉടൻതന്നെ നൽകാനെന്ന പേരിലാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. ഇതെല്ലാം വി.ഇ.ഒ. തട്ടിപ്പിന് ഉപയോഗപ്പെടുത്തി എന്നാണ് സംശയിക്കുന്നത്.