കോട്ടയം: വിഹിതം വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കാതെ വന്നതോടെ കേരളം വീണ്ടും മണ്ണെണ്ണ ക്ഷാമത്തിലേക്ക്. 56.76 ലക്ഷം ലിറ്ററായിരുന്നു കേരളത്തിന്റെ മുൻവിഹിതം. ഇത് 40.68 ലക്ഷം ലിറ്ററായിട്ടാണ് കുറച്ചത്. മൊത്തം 16.08 ലക്ഷം ലിറ്ററിന്റെ കുറവ്. മൂന്നുമാസത്തേക്കുള്ള വിഹിതമാണ് അനുവദിക്കുന്നത്.

To advertise here,

5.94 ലക്ഷം മുൻഗണനാ കാർഡുകൾക്ക് ഒരുലിറ്റർവീതം നൽകിയിരുന്നത് തുടരാം. പക്ഷേ, പിങ്ക്, നീല, വെള്ള കാർഡുകൾക്ക് അരലിറ്റർ വീതം കൊടുക്കാൻ പറ്റാതെവരും. 89 ലക്ഷം പേരാണ് ഇതിന് അർഹതയുള്ളത്. മാത്രമല്ല ഇത്തവണത്തെ വിഹിതത്തിൽനിന്ന് മീൻപിടിത്ത ബോട്ടുകൾക്കും വിഹിതം നൽകാൻ നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനങ്ങൾക്ക് വിതരണരീതി നിശ്ചയിക്കാമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. ചില്ലറ വിൽപ്പന വില 71 രൂപയായി തുടരും.

അതേസമയം എല്ലാ കാർഡുകൾക്കും മണ്ണെണ്ണ കൊടുക്കാൻ പറ്റാതെവരുന്ന സാഹചര്യത്തിൽ വിതരണം പുനഃപരിശോധിക്കേണ്ടിവരുമെന്നാണ് ഒാൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ നിലപാട്. രണ്ടുതരം വിതരണം കടകളിൽ അസ്വസ്ഥത ഉണ്ടാക്കുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺസൺ വിളവിനാൽ പറഞ്ഞു.

നീണ്ട ഇടവേളയ്ക്കുശേഷം 2025 മെയിലാണ് മണ്ണെണ്ണവിഹിതം പുനഃസ്ഥാപിച്ചത്. വിതരണം ഇല്ലാത്തതിനാൽ മൊത്തവ്യാപാരികൾ രംഗംവിട്ടിരുന്നു. മന്ത്രിതലത്തിൽ പഴയ ലൈസൻസികളെ വിളിച്ചുവരുത്തിയാണ് ലോഡ് എടുപ്പിച്ചത്. ഇപ്പോൾത്തന്നെ എല്ലാ ജില്ലകളിലും വിതരണക്കാർ ഇല്ല. വിഹിതം കുറയ്ക്കുന്നതോടെ ചരക്ക് നീക്കത്തിന് പഴയതുക നൽകുന്നത് വ്യാപാരികൾക്കും നഷ്ടമാകും.