സോളിലെ ജാംസിൽ ഒളിമ്പിക് സ്റ്റേഡിയം. 1988 സെപ്റ്റംബർ 24 ശനിയാഴ്ച കൊറിയൻ സമയം ഉച്ചകഴിഞ്ഞ് 1.28. ഒളിമ്പിക്സിലെ ഏറ്റവും ശ്രദ്ധേയ ഇനം. പുരുഷന്മാരുടെ 100 മീറ്റർ ഫൈനലിനായി അത്‌ലറ്റുകൾ ട്രാക്കിലെത്തി. ഒന്നുമുതൽ എട്ടുവരെ െലെനുകളിൽ യഥാക്രമം റോബ്സൻ ഡാസിൽ. റെയ്മണ്ട് സ്റ്റിവർട്ട്, കാൾ ലൂയിസ്, ലിൻഫോർഡ് ക്രിസ്റ്റി, കാൾവിൻ സ്മിത്ത്, ബെൻ ജോൺസൺ ദേസായി വില്യംസ്, ഡെന്നിസ് മിച്ചൽ. സ്റ്റേഡിയത്തിൽ കാണികൾ 70,000. ലോകമെങ്ങുമായി ടിവി പ്രേക്ഷകർ രണ്ടു ബില്യൺ (200 കോടി).
സ്റ്റാർട്ടറുടെ വെടിയൊച്ച മുഴങ്ങി 9.79 സെക്കൻഡിൽ ബെൻ ജോൺസൺ ഫിനിഷ് ചെയ്തു. കാൾ ലൂയിസ് (9.92സെ.), ലിൻഫോർഡ് ക്രിസ്റ്റി (9.97), കാൾവിൻ സ്മിത്ത് (9.99) എന്നിവർ തൊട്ടുപിന്നിൽ. കാളിനും ക്രിസ്റ്റിക്കും ജീവിതത്തിലെ മികച്ച സമയം. പേശിവലിഞ്ഞതുമൂലം സ്റ്റിവർട്ട് മാത്രം ഫിനിഷ് ചെയ്തില്ല. 100 മീറ്റർ ഓട്ടത്തിൽ നാലുപേർ 10 സെക്കൻഡിൽ താഴെ ഫിനിഷ് ചെയ്തത് ചരിത്രത്തിൽ ആദ്യം. അതുകൊണ്ടുതന്നെ ‘എക്കാലത്തെയും മികച്ച റേസ്’ ആയി കൊട്ടിഘോഷിക്കപ്പെട്ടു.
തലേവർഷം റോം ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ താൻ തന്നെ കുറിച്ച 9.83 സെക്കൻഡ് എന്ന ലോക റെക്കോഡ് തിരുത്തിക്കൊണ്ടാണ് ബെൻ ജോൺസൺ സ്വർണംനേടിയത്. ഫിനിഷ് ലൈനിനു രണ്ടു ചുവടുമുൻപേ ബെൻ ഇടത്തോട്ടു തിരിഞ്ഞ് കാൾ ലൂയിസ് എവിടെയെത്തിയെന്നുനോക്കിയില്ലായിരുന്നെങ്കിൽ ഒരുപക്ഷേ, സമയം ഇതിലും മെച്ചപ്പെട്ടേനെ.
റോമിൽ ലോകചാമ്പ്യനും ലോക റെക്കോഡുകാരനുമായ ബെഞ്ചമിൻ സിൻക്‌ളെയർ ജോൺസൺ സോളിൽ ലോക റെക്കോഡ് മെച്ചപ്പെടുത്തിക്കൊണ്ട് ഒളിമ്പിക് ചാമ്പ്യനുമായി ‘‘കൂടുതൽ വിലമതിക്കുന്നത് ഒളിമ്പിക് സ്വർണമോ ലോകറെക്കോഡോ?’’ എന്ന ചോദ്യത്തിന് സ്വർണമെന്നു ബെൻ മറുപടി പറഞ്ഞു. കാരണവും വിശദീകരിച്ചു. ‘‘ലോക റെക്കോഡ് തകരും. സ്വർണം കൈയിൽ കാണുമല്ലോ?’’
നാല്പത്തിയെട്ടു മണിക്കൂർ കഴിഞ്ഞു. കാനഡ സംഘത്തലവൻ കാരൽ ആൻ ലെതറെനോട് ഐഒസി മെഡിക്കൽ കമ്മിഷൻ തലവൻ, ബെൽജിയത്തിൽനിന്നുള്ള പ്രിൻസ് അലക്സാണ്ടർ ഡി മെറോഡ് പറഞ്ഞു: ‘‘ഉത്തേജക പരിശോധനയിൽ ജോൺസന്റെ ‘എ’ സാംപിൾ പോസിറ്റീവാണ്’’ മെഡിക്കൽ കമ്മിഷണർ, ബ്രിട്ടന്റെ അർനോൾഡ് ബെക്കറ്റ് വെളിപ്പെടുത്തി. ‘‘സ്റ്റാനൊസൊലോൽ (stanozolol)’’.
‘‘ഇതെന്റെ ജീവിതത്തിലെ ഏറ്റവും വലിയ മത്സരമായിരുന്നു. ഞാൻ എന്റെ അമ്മയ്ക്കു (ഗ്ലോറിയ) വേണ്ടിയാണ് ഓടിയത്. ഞാൻ ഇവിടെ ഉത്തേജകം ഉപയോഗിച്ചിട്ടില്ല.’’ -ബെൻ വിശദീകരിച്ചു. അനബോളിക് സ്റ്റിറോയിഡ് സ്റ്റാനൊസൊലോൽ ബെന്നിന്റെ മൂത്രത്തിൽ കാണില്ലെന്ന് ബെന്നിനും കോച്ച് ചാർലി ഫ്രാൻസിസിനും ഉറപ്പ്. പക്ഷേ, വാദങ്ങളൊന്നും സ്വീകരിക്കപ്പെട്ടില്ല.
ബെന്നിന്റെയും ഫ്രാൻസിസിന്റെയും വിശ്വാസത്തിനു കാരണമുണ്ട്. ഫ്രാൻസിസിന്റെ ശിഷ്യർ 1981 മുതൽ ഉത്തേജകം ഉപയോഗിച്ചിരുന്നു. എന്നാൽ, പേശികൾ ദൃഢമാക്കുന്ന ‘സ്റ്റാനൊസൊലോൽ’ ഉപേക്ഷിച്ച്, ഡോക്ടർ ജാമി അസ്തഫാന്റെ നിർദേശാനുസരണം ജോൺസൺ ഉൾപ്പെടെയുള്ളവർ ഫുറാ സബോലിലേക്ക് (furazabol) മാറിയിരുന്നു. ഇതാകട്ടെ അക്കാലത്ത് പരിശോധനയിൽ കണ്ടെത്താനും കഴിയില്ലായിരുന്നു. പിന്നെയെങ്ങനെ ബെൻ ‘പോസിറ്റീവ്’ ആകും?
ഈ ചോദ്യത്തിനുള്ള ഏകദേശ ഉത്തരം മാത്രമല്ല, ബെന്നിനൊപ്പം സോളിൽ ഫൈനൽ ഓടിയ മറ്റു പലതാരങ്ങളുടെയും ഉത്തേജക ഉപയോഗവും വെളിപ്പെടുത്തിക്കൊണ്ടാണ് ‘‘ദ് ഡർട്ടിയസ്റ്റ് റേസ് ഇൻ ഹിസ്റ്ററി’’ (The Dirtiest Race in History) എന്ന പുസ്തകം ബ്രിട്ടീഷ് സ്പോർട്സ് എഴുത്തുകാരൻ റിച്ചാർഡ് മൂർ 2012 -ൽ പ്രസിദ്ധീകരിച്ചത്. വർഷങ്ങൾ നീണ്ട അന്വേഷണത്തിലെ കണ്ടെത്തലുകളാണ് ഈ പുസ്തകത്തിൽ. അന്ന് ഫൈനലിൽ മത്സരിച്ച എട്ടുപേരിൽ ഏഴുപേരെയും നേരിട്ടുകണ്ട് റിച്ചാർഡ് മൂർ സംസാരിച്ചു. ബന്ധപ്പെട്ട മറ്റുള്ളവരെയും കണ്ടു. കാൾ ലൂയിസിനെ ബന്ധപ്പെടാൻ പല വഴിശ്രമിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി. ഒടുവിൽ ലണ്ടനിലെ ഓക്സ്ഫഡ് സ്ട്രീറ്റിലെ ഒരു ഷോപ്പിൽ കാളിനെ കണ്ടെത്തിയെങ്കിലും പ്രയോജനപ്പെട്ടില്ല. ഇൻ സെർച്ച് ഓഫ് കാൾ ലൂയിസ് എന്ന് പുസ്തകത്തിനുപേരിടാൻ താൻ ഒരുഘട്ടത്തിൽ ആലോചിച്ചിരുന്നെന്ന് മൂർ പറയുന്നു.
അന്നു ഫൈനലിൽ ഓടിയ എട്ടുപേരിൽ ആറുപേരും ഉത്തേജകം ഉപയോഗിച്ചിരുന്നുവെന്ന് തെളി വുകൾ സഹിതം മൂർ കണ്ടെത്തി. ഒരിക്കലും ഉത്തേജകം ഉപയോഗിക്കാത്തവർ കാൾവിൻ സ്മിത്തും റോബ്‌സൻ ഡാസിൽവയുംമാത്രം. സ്മിത്ത് തന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന വെങ്കല മെഡൽ ചൂണ്ടിക്കൊണ്ട് മുറിനോട് പറഞ്ഞു: ‘‘നേരായ മത്സരം നടന്നിരുന്നെങ്കിൽ എനിക്കു സ്വർണം കിട്ടിയേനെ.’’
എക്കാലത്തെയും മികച്ച മത്സരം ‘ചരിത്രത്തിലേക്കും വൃത്തികെട്ട മത്സര’മായി പരിണമിച്ചു. ഇനി ജോൺസന്റെ ഭാഗം അറിയണമല്ലോ? കാത്തിരിപ്പു നീണ്ടു. ലോകത്തേക്കും വേഗമേറിയ ഓട്ടക്കാരൻ (Worlds Fastest Man*) എന്ന പുസ്തകം കഴിഞ്ഞവർഷം ഇറങ്ങി. കാനഡയിലെ ടൊറന്റോ സ്റ്റാർ പത്രത്തിനു സോൾ ഒളിമ്പിക്സ് റിപ്പോർട്ട് ചെയ്ത മേരി ഓംസ്ബി (Mary Ormsby) എഴുതിയ പുസ്തകം ബെന്നിന്റെ ഓട്ടോഗ്രാഫോടെ ഈയിടെ കിട്ടി. ബെന്നിനു കീഴിൽ ഇപ്പോൾ പരിശീലനം നടത്തുന്ന, കനേഡിയൻ മാസ്റ്റേഴ്സ് താരം (കേരളത്തിന്റെ മുൻ ദേശീയതാരം) നൈന ജോസ് ആണ് പുസ്തകം സംഘടിപ്പിച്ചുതന്നത്. തന്റെ കൈയൊപ്പിനൊപ്പം ബെൻ അതിൽ കുറിച്ചു 9.79. പക്ഷേ, പുസ്തകത്തിന്റെ പേരിനൊപ്പം ഒരു നക്ഷത്രചിഹ്നം (asterisk) ഉണ്ട്. ബ്രിട്ടീഷ് ഫിലിം നിർമാതാവ് ഡാനിയൽ ഗോർഡൻ നിർമിച്ച ഡോക്യുമെന്ററിയുടെ 9.79* എന്ന പേര് മേരി പകർത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട പലരുടെയും അഭിമുഖം ഗോർഡൻ എടുത്തിരുന്നു. സോൾ സംഭവത്തിന്റെ രജതജൂബിലി വർഷത്തിൽ 2013-ലാണ് ഗോർഡൻ ഡോക്യുമെന്ററി നിർമിച്ചത്.
കാനഡ നിയോഗിച്ച അന്വേഷണക്കമ്മിഷൻ ജസ്റ്റിസ് ഡുബിനു മുൻപാകെ ബെന്നിന്റെ കുടുംബഡോക്ടർ, മെല്ലിച്ച പതിനേഴുകാരൻ പേശികൾ വളർന്ന അത്‌ലറ്റായി പെട്ടെന്നു മാറിയതിൽ ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു. 1987 ഒക്ടോബറിൽ ബെന്നിന്റെ ഇടതു മാറിടം അസാമാന്യ വളർച്ച പ്രാപിച്ചിരുന്നു. ഇത് അനബോലിക് സ്റ്റിറോയിഡ് ഉപയോഗിച്ചതിന്റെ ഫലമാണെന്നു ഡോക്ടർ സംശയിച്ചു.
ഇടയ്ക്ക് ചാർലി ഫ്രാൻസിസുമായി തെറ്റിയ ബെൻ ജോൺസൻ തന്റെ അനധികൃത പണം സൂക്ഷിച്ചിരുന്ന റോസ് ഏലിൽനിന്ന് 10,000 ഡോളർ വാങ്ങി. ഇത് സെയ്‌ന്റ് കിറ്റ്‌സിൽ എത്തി ശരീരവളർച്ചയ്ക്കുള്ള ഹോർമോണിനായി ഡോ. അസ്തഫാനു നൽകി. ഇതേസമയം, താൻ മലാഗയ്ക്കു പോകുന്നുവെന്നാണ് ബെൻ പറഞ്ഞിരുന്നത്. ഈ ആറാഴ്ചക്കാലത്ത് അസ്തഫാൻ ബെന്നിന്റെ അനുമതിയോടെ സ്റ്റിറോയിഡിന്റെ ഒരു പരമ്പര തന്നെ നൽകിയതായി സ്പോർട്സ് ഇലസ്‌ട്രേറ്റഡ് റിപ്പോർട്ട് ചെയ്തിരുന്നു.
1981-’82 കാലത്ത് ലഭിച്ച ‘ഡയനബോൽ’ ഗുളികകളെക്കുറിച്ചു ബെന്നിനു വലിയ ധാരണയില്ലായിരുന്നു. പക്ഷേ, തുടർന്നുള്ള ഉപയോഗം അറിഞ്ഞുകൊണ്ടായിരുന്നു. മത്സരത്തിന് 28 ദിവസം മുൻപ് ഉത്തജക ഉപയോഗം നിർത്തണമെന്ന് കോച്ച് ചാർലിയുടെ നിർദേശവുമുണ്ടായിരുന്നു.
ഡോക്ടർ സംശയത്തിന്റെ നിഴലിൽ
ഡോ. ജോർജ് മരിയോ ‘ജാമി’ അസ്തഫാൻ ആണ് ചാർലി ഫ്രാൻസിസിന്റെ ശിഷ്യരുടെ ഉത്തേ ജക ഉപയോഗത്തിന് ചുക്കാൻ പിടിച്ചത്. സെയ്‌ന്റ് കിറ്റ്‌സിൽ നിന്നുള്ള അസ്തഫാൻ ടൊറന്റോയിൽ ആയിരുന്നു താമസം. 1983-ൽ ചാർലിക്കൊപ്പം ചേർന്ന അസ്തഫാൻ ഡയനബോൽ വിൻസ്‌ട്രോൽ (സ്റ്റാനൊ സൊലോലിന്റെ മറ്റൊരു പേര്) എന്നിവയ്ക്കുപുറമേ നിരോധിത മരുന്നായ എച്ച്ജിഎച്ചും ഗുളികയായും കുത്തിെവപ്പായും താരങ്ങൾക്കു നൽകിയിരുന്നെന്ന് മേരി ഓംസ്ബി തന്റെ പുസ്തകത്തിൽ വ്യക്തമാക്കുന്നു. 1985-ൽ അസ്തഫാൻ, ഇസ്ട്രജോൽ (estragol) എന്ന സ്റ്റിറോയ്‌ഡ് പരിചയപ്പെടുത്തി. പൂർവജർമൻകാർ ഉപയോഗിക്കുന്നതാണെന്നും പിടിക്കപ്പെടില്ലെന്നും ഉറപ്പുനൽകി.
ബെൻ ജോൺസണുമുൻപേ രാജ്യാന്തരശ്രദ്ധ നേടിയ ഏഞ്ജലാ ടെയ്‌ലർ ഇസ്ജെങ്കോയും ചാർലിയുടെ ശിഷ്യതന്നെ. എന്നാൽ, ഉത്തേജകത്തെക്കുറിച്ച് ആധികാരിക വിവരങ്ങൾ നൽകുന്നൊരു പുസ്തകം (‘ഡ്രഗ് ബൈബിൾ’ എന്ന് ഏഞ്ജലാ ഇതിനെ വിളിച്ചുപോന്നു) അവർ സൂക്ഷിച്ചിരുന്നു. ഇതിൽ ‘ഇസ്ട്ര ജോൽ’ ഇല്ലായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ‘ഫുറാസബോലിന്റെ’ (furazabol) മറ്റൊരു പേരാണെന്ന് അസ്തഫാൻ വിശദീകരിച്ചു. എന്നാൽ, ജപ്പാനിൽ മാത്രമാണ് ഫുറാസബോൽ നിർമിക്കുന്നതെന്നും അതിന്റെ പേര് മിയോടൊലൻ (miotolan) എന്നാണെന്നും പിന്നീട് കണ്ടെത്തി. മാത്രമല്ല കാനഡയിലെ സ്റ്റെർലിങ് ഡ്രഗ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽനിന്ന് അസ്തഫാൻ വിൻസ്‌ട്രോൽ വി (winstrol V) എന്ന പേരിൽ സ്റ്റാനൊസൊലോൽ വാങ്ങിയിരുന്നതായി ടൊറന്റോ പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി.
അസ്തഫാൻ നൽകിയിരുന്നത് സ്റ്റാനൊസൊലോൽ തന്നെയെന്ന് ഇസ്‌ജെങ്കോ 1987-ൽ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. കാരണം അത് അവരുടെ പേശികൾ ദൃഢമാക്കിയിരുന്നു. ജസ്റ്റിസ് ഡുബിൻ അന്വേഷണക്കമ്മിഷനുമുന്നിൽ അസ്തഫാൻ വെളിപ്പെടുത്തിയത് 1984-നും ’88-നും ഇടയ്ക്ക് താൻ ബെൻ ജോൺസന് 50-60 കുത്തിെവപ്പ് എടുത്തെന്നാണ്. ബെന്നിന്റെ പിൻഭാഗത്ത് തങ്ങളും ഉത്തേജകം കുത്തിെവച്ചിട്ടുണ്ടെന്ന് ഇസ്‌ജെങ്കോയും ഡിസ്കസ് താരം റോബ് ഗ്രേയും മൊഴിനൽകി. (1990 ജൂണിൽ ജസ്റ്റിസ് ഡുബിൻ 637 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചു.)
അസ്തഫാൻ പറഞ്ഞ കിഴക്കൻ ജർമൻ ബന്ധങ്ങളെല്ലാം കള്ളമായിരുന്നു. മാത്രമല്ല, അദ്ദേഹത്തെ സംശയിക്കാൻ വേറെയും കാരണങ്ങളുണ്ട്. പ്രതിമാസം 10,000 ഡോളർ പ്രതിഫലം വാങ്ങിയിരുന്ന അസ്തഫാൻ സോൾ ഒളിമ്പിക്സിന് എത്തിയശേഷം 10 ലക്ഷം ഡോളർ നൽകിയില്ലെങ്കിൽ ഉത്തേജകവിവരം പുറത്തുവിടുമെന്ന് ബെന്നിനെ ഭീഷണിപ്പെടുത്തിയിരുന്നു. മാത്രമല്ല, സ്റ്റിറോയ്‌ഡിനായി തന്നെ സമീപിച്ച രണ്ട് ഓസ്‌ട്രേലിയൻ അത്‌ലറ്റുകളോട് അത് നൽകാമെന്ന് അദ്ദേഹം സമ്മതംമൂളിയത് ബെൻ ശ്രദ്ധിച്ചിരുന്നു.
ആന്ദ്രേ ജാക്സൻ എന്ന ‘അജ്ഞാതൻ’
ബെൻ ജോൺസണും കോച്ച് ചാർലി ഫ്രാൻസിസും സോളിൽ അട്ടിമറി നടന്നതായി വിശ്വസിച്ചു. ഉത്തേജക പരിശോധനയ്ക്ക് എത്തുമ്പോൾ അത്‌ലറ്റിന് ഒരാളെ കുടെക്കൂട്ടാം. പേശിവലിവു കാരണം ചാർലിക്കുപകരം മസാജ് തെറപ്പിസ്റ്റ് വാൽഡിമർ മറ്റൂസെൻസ്കിയെയാണ് കൂടെക്കൂട്ടിയത്. ബെൻ മത്സരത്തിനുമുൻപ് മൂത്രമൊഴിച്ചിരുന്നതിനാൽ മത്സരശേഷം ഉത്തേജക പരിശോധനയ്ക്കായി മൂത്രംകിട്ടാതെ വന്നു. തുടർന്ന് പരിശോധനയ്ക്കായി കാത്തിരുന്ന മുറിയിലെ ഫ്രിഡ്ജിൽ നിന്ന് ഏതാനും ബിയർ ബെൻ കുടിച്ചു. (എട്ടു കാൻ എന്ന് മൂർ, ആറു കാൻ എന്ന് മേരി) ഇത് എടുത്തുകൊടുത്ത അജ്ഞാതനെയാണ് സംശയിച്ചതത്രയും.
ആന്ദ്രേ ജാക്സൻ എന്ന അമേരിക്കക്കാരനാണ് ഇരുവശത്തേക്കും കാലുകൾ വിടർത്തി ഫ്രിഡ്ജിനു സമീപം നിലത്തിരുന്നിരുന്നത്. ജാക്സനെ 1986 ഓഗസ്റ്റ് 13-ന് സൂറിച്ചിൽ ഒരു നിശാ ക്ലബിൽ പരിചയപ്പെട്ടിരുന്നെങ്കിലും ഓർത്തെടുക്കാൻ ബെന്നിനു കഴിഞ്ഞില്ല. മറിച്ച് ചാർലി ഫ്രാൻസിസ് ഒപ്പമുണ്ടായിരുന്നെങ്കിൽ തിരിച്ചറിഞ്ഞേനെ. 1980-കളുടെ തുടക്കത്തിൽ ജാക്സൻ ഹ്യൂസ്റ്റൻ സർവകലാശാലയിൽ കാൾ ലൂയിസിനൊപ്പമുണ്ടായിരുന്നു. കാളിന്റെ മാനേജർ ജോ ഡഗ്ളസുമായും സാന്റാ മോനിക്ക ട്രാക്ക് ക്ലബുമായും അടുത്തബന്ധമുള്ളയാൾ. പിന്നീട് ആഫ്രിക്കൻ ഡയമണ്ട് കൗൺസിൽ ചെയർമാനായ ജാക്സൻ സോൾ ഒളിമ്പിക്സ് വേളയിൽ കാൾ ലൂയിസിനൊപ്പമാണ് താമസിച്ചത്. പക്ഷേ, യുഎസ് ടീമുമായോ ഒളിമ്പിക് പ്രസ്ഥാനവുമായോ ഒരു ബന്ധവുമില്ലാത്ത ജാക്സന് ഡോപ് പരിശോധനാ കേന്ദ്രത്തിൽ കയറാൻ ആരാണ് പാസ് നൽകിയത്? ബെന്നിനെ മസാജ് ചെയ്യുമ്പോൾ ജാക്സൻ ബിയറിൽ ‘സ്റ്റാനൊസൊലോൽ’ ഗുളിക കലർത്തിയെന്നാണ് സംശയം.
ഗോർഡൻ തന്റെ ഡോക്യുമെന്ററിക്കായി അഭിമുഖമെടുത്തപ്പോൾ പുതിയ സ്വർണമെഡൽ ജേതാവിനെ ഡോപ് സെന്ററിൽ നിരീക്ഷിക്കാൻ ജാക്സനെ തങ്ങൾ തിരുകിക്കയറ്റിയതാണെന്ന് ലൂയിസിന്റെ മാനേജർ ജോ ഡഗ്ളസ് പറയുന്നുണ്ട്. അപ്പോൾ ജോൺസൺ സ്വർണംനേടുമെന്ന് ലൂയിസിന്റെ ടീം മുൻകൂട്ടിക്കണ്ടിരുന്നുവെന്നു വ്യക്തം. അട്ടിമറിയെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിപറഞ്ഞപ്പോൾ ഡഗ്ളസ് ക്യാമറയിൽ നിന്നുമാറി. പക്ഷേ, സ്‌ക്രീനിൽ ഇങ്ങനെ തെളിഞ്ഞു. ‘‘ചിലപ്പോൾ ഞാൻ ചെയ്തിരിക്കാം-ചിലപ്പോൾ ചെയ്തിട്ടില്ലായിരിക്കാം.’’
ജാക്സൻ ആയിരുന്നു തനിക്കൊപ്പം ഡോപ് സെന്ററിൽ ഉണ്ടായിരുന്നതെന്ന് 1989 അവസാനമാണ് ജോൺസൺ തിരിച്ചറിഞ്ഞത്. 1995-ൽ ജാക്സൺ വീണ്ടും പ്രത്യക്ഷപ്പെട്ടു. ദുബായിൽ ഈ കൂടിക്കാഴ്ചയിൽ ബെന്നിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് സംസാരം റെക്കോഡ് ചെയ്യുന്നത് മനസ്സിലാക്കി ജാക്സൻ ചീത്തവിളിച്ച് ഇറങ്ങിപ്പോയി. പിന്നീട്, 2004-ൽ സത്യം പറയാമെന്നുപറഞ്ഞ് ജോൺസണെ ക്ഷണിച്ചു. അമ്മ മരണക്കിടക്കയിൽ ആയിരിക്കേ ജാക്സനെ കാണാൻ കാലിഫോർണിയക്കു പുറപ്പെട്ട ബെൻ വീണ്ടും നിരാശനായി മടങ്ങിയെന്നാണ് മേരി എഴുതിയത്. എന്നാൽ, മൂറിന്റെ ഗ്രന്ഥത്തിൽ സോൾ ടു സോൾ (Seoul to Soul) എന്ന ബെന്നിന്റെ ആത്മകഥ (2010) ഉദ്ധരിച്ച് ജാക്സൻ കുറ്റം സമ്മതിച്ചെ ന്നാണു പറയുന്നത്. ബെന്നും ജാക്സനും ഡോപ്‌സെന്ററിൽ ഒരുമിച്ചുള്ള ഫോട്ടോ കാൾ ലൂയിസ് ഇൻസൈഡ് ട്രാക്ക് എന്ന് തന്റെ പുസ്തകത്തിൽ (1990) ചേർത്തിട്ടുണ്ട്. പക്ഷേ, താൻ മാന്യനും ബെൻ നീചനും എന്നു വിവരിക്കാനാണ് കാൾ ലൂയിസ് ശ്രമിച്ചുപോന്നത്.
ബെന്നിനു നീതി നിഷേധിക്കപ്പെട്ടു
ആൻഡ്രേ ജാക്സന്റെ റോൾ എന്തായിരുന്നാലും ബെൻ ജോൺസണ് സോളിൽ നീതി നിഷേധിക്കപ്പെട്ടുവെന്ന് മേരി ഓംസ്ബി ചൂണ്ടിക്കാട്ടുന്നു. അതിനായി അവർ സോളിലെ ഉത്തേജകപരിശോധനയുമായി ബന്ധപ്പെട്ട ഒട്ടേറെ രേഖകൾ പരിശോധിച്ചു. പലരോടും സംസാരിച്ചു. കനേഡിയൻ സംഘത്തിലെ സിഎംഒ ഡോ. വില്യം സ്റ്റാനിഷ് രണ്ടുതവണ ആവശ്യപ്പെട്ടിട്ടും യൂറിൻ അനാലിസിസ് അധികൃതർ നൽകിയില്ലത്രേ. റിപ്പോർട്ടിൽ 31 പേജ് കൈകൊണ്ട് എഴുതിയതായിരുന്നു. പലയിടത്തും വെട്ടും തിരുത്തും ഉണ്ട്. സ്റ്റനൊസൊലോൽ എന്ന് ഒരു പേജിന്റെ മൂലയിൽ കുറിച്ചതിനു നേരേ ചോദ്യചിഹ്നമുണ്ട്. ബെൻ സ്ഥിരമായി സ്റ്റിറോയ്‌ഡ് ഉപയോഗിച്ചു എന്നു സ്ഥാപിക്കാൻ നടത്തിയ ‘‘എൻഡോെെക്രൻ പ്രൊെെഫലിങ്’ ഐഒസി അംഗീകരിച്ചിട്ടില്ല. ബെന്നിന്റെ മൂത്രം പരിശോധിച്ച ദിവസം പ്രധാന ലാബിൽ നാല് ഉപകരണങ്ങൾ താഴെവീണ് ഉടഞ്ഞു. ഇതേസമയം, 200 മീറ്ററിനുശേഷം നടന്ന പരിശോധനയിൽ ലിൻഫോർഡ് ക്രിസ്റ്റിയുടെ സാംപിളിൽ ‘എഫെഡ്രിൻ’ (ephedrine) കണ്ടെത്തിയെങ്കിലും സംശയത്തിന്റെ ആനുകൂല്യം നൽകി നടപടി ഒഴിവാക്കി. 1990-ൽ ബുച്ച് റെയ്‌നോൾഡ്സ് പരിശോധനയിൽ പോസിറ്റീവ് ആയത് തെറ്റാണെന്ന് തെളിയിച്ച പ്രശസ്തനായ ഡോ. ഡേവിഡ് ബ്ലാക്ക്, റെയ്‌നോൾഡ്സിന്റെ സാംപിൾ പരിശോധനയിലെ പിഴവുകൾ ബെന്നിന്റെ കാര്യത്തിലും സംഭവിച്ചെന്നു പറയുമ്പോൾ ദുരൂഹതകൾ വർധി ക്കുന്നു.
പൊളിഞ്ഞ വാദം
റോം ലോക ചാമ്പ്യൻഷിപ്പിൽ ബെൻ ലോക റെക്കോഡ് തിരുത്തിയപ്പോൾ ഫോൾസ് സ്റ്റാർട്ട്, എന്ന് കാൾ ലൂയിസ് ആരോപിച്ചു. പക്ഷേ, സ്റ്റാർട്ടിങ് ബ്ലോക്കിൽനിന്നുള്ള ബെന്നിന്റെ റിയാക്‌ഷൻ 0.129 എന്നാണു രേഖപ്പെടുത്തിയിരുന്നത്. റിയാക്‌ഷൻ 0.100 ത്തിൽ താഴെവന്നാലേ ഫോൾസ് സ്റ്റാർട്ട് ആകുകയുള്ളൂ. സോളിൽ ബെന്നും മറ്റു പലരും ഉത്തേജകം ഉപയോഗിച്ചതായി കാൾ വലിയ പ്രചാരണം നടത്തി. പക്ഷേ, സോൾ ഒളിമ്പിക്സ് കഴിഞ്ഞ് 15 വർഷത്തിനുശേഷം സത്യം പുറത്തുവന്നു. യുഎസ് ഒളിമ്പിക് കമ്മിറ്റിയുടെ ചീഫ് മെഡിക്കൽ ഓഫീസർ ആയി റോബർട്ട് വോയ്ക്കു പകരം വന്ന ഡോ. വെയ്ഡ് എക്സം ആണ് 2003-ൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്.
സോൾ ഒളിമ്പിക്സിനുമുൻപ് മൂന്നു തവണയാണ് കാൾ ലൂയിസ് ഉത്തേജകപരിശോധനയിൽ പരാജയപ്പെട്ടത്. അതിലൊന്ന് ഒളിമ്പിക് ട്രയൽസിലും യു.എസ്. ഒളിമ്പിക് കമ്മിറ്റി ആദ്യം ലൂയിസിനെ അയോഗ്യനാക്കിയെങ്കിലും താൻ ഹെർബൽ സപ്ളിമെന്റ് (മാഹുയാങ്) ഉപയോഗിച്ചിരുന്നു എന്ന വിശദീകരണത്തിൽ അയോഗ്യത ഒഴിവാക്കി. 1988 ഓഗസ്റ്റ് 26-ന് യുഎസ് ഒളിമ്പിക് കമ്മിറ്റിയുടെ എക്സിക്യുട്ടീവ് ഡയറക്ടർ ബാരൻ പിറ്റെൻജർ ഒപ്പിട്ട് കാൾ ലൂയിസിന് അയച്ച കത്തിൽ ലൂയിസിന്റെ ‘ബി’ സാംപിളും പോസിറ്റീവ് ആണെന്നും സസ്പെൻഷൻ ഉണ്ടെന്നും വ്യക്തമാക്കിയിരുന്നു. മാത്രമല്ല, ഓഗസ്റ്റ് ആറിന് അയച്ച കത്തിന്റെ കാര്യവും പരാമർശിച്ചിട്ടുണ്ട്. ആദ്യത്തേത് ‘എ’ സാംപിൾ പോസിറ്റീവ് ആണെന്ന് സൂചിപ്പിച്ചുള്ള കത്ത് ആയിരിക്കണം.
അന്ന് പോസിറ്റീവ് ആയ എട്ട് പേരിൽ ലൂയിസ് ഉൾപ്പെടെ മൂന്നു പേർ സാന്റാ മോനിക്കാ ട്രാക്ക് ക്ലബ് അംഗങ്ങളായിരുന്നു. നേരത്തേ പറഞ്ഞ കത്ത് മുക്കി; സസ്പെൻഷനുപകരം ശിക്ഷ താക്കീതിൽ ഒതുക്കി. സോളിൽ 200 മീറ്ററിൽ കാൾ ലൂയിസിനെ പിന്തള്ളി സ്വർണം നേടിയ ജോ ഡെലോചും (സാന്റാ മോനിക്ക ക്ലബ്) ട്രയൽസിൽ പിടിക്കപ്പെട്ടിരുന്നു. 1984-ലെ ലോസ് ആഞ്ജലിസ് ഒളിമ്പിക്സിൽ നാലുസ്വർണം നേടിയ ലൂയിസ് അന്നും ഉത്തേജകം ഉപയോഗിച്ചിരുന്നുവെന്നാണ് അമേരിക്കയിൽ ഈ രംഗത്ത് ഗവേഷണം നടത്തിപ്പോന്ന ഡോൺ കാറ്റ്‌ലിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. ഐഒസി അംഗീകരിച്ച അദ്ദേഹത്തിന്റെ ലാബിൽ ക്ലീൻ അത്‌ലറ്റുകളുടെ പോസ്റ്റർ ഉണ്ട്. അതിൽ എഡ്വിൻ മോസസും ഈവ്‌ലിൻ ആഷ്‌ഫോർഡും നീന്തൽ താരം ജാനറ്റ് ഇവാൻസും ഉണ്ട്. കാൾ ലൂയിസ് ഇല്ല.
1988-ൽ, സോൾ ഒളിമ്പിക്സിൽ പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനക്കാരനായി ബെൻ ജോൺസൺ. ലോകത്തെ ഏറ്റവും വേഗംകൂടിയ ഈ താരത്തിന്റെ പതനം ഏറെ പെട്ടെന്നായിരുന്നു. അദ്ദേഹം ഉത്തേജകമരുന്ന് കഴിച്ചതായി ആരോപിക്കപ്പെട്ടു. ഇന്നും തീർന്നിട്ടില്ല അതിലെ നിഗൂഢത
Content Highlights: ben johnson 100m sprint controversy
Published: 05 Oct 2025, 04:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented