
കൊച്ചി: മെസ്സിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ സ്പോൺസർമാരായിരുന്ന റിപ്പോർട്ടർ ടിവിയുടെ ഓഫീസിൽ പോലീസ് പരിശോധനയ്ക്കെത്തിയെങ്കിലും റെയ്ഡുമായി ബന്ധപ്പെട്ടവർ സഹകരിക്കുന്നില്ലെന്ന് പോലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിനുശേഷം കളമശ്ശേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് റെയ്ഡിനെത്തിയതെന്ന് തൃക്കാക്കര എസിപി പറഞ്ഞു.
കോടതിയുടെ വാറണ്ടോട് കൂടിയാണ് ചാനൽ ഓഫീസിൽ റെയ്ഡിനെത്തിയത്. എന്നാൽ വാറണ്ട് കൈപ്പറ്റാൻ ഇവിടെയുള്ളവർ തയ്യാറായില്ല. ഉത്തരവാദിത്തപ്പെട്ട ഒരു സ്ത്രീ അഞ്ച് മിനിറ്റ് കൊണ്ട് എത്തുമെന്ന് പറഞ്ഞെങ്കിലും വന്നില്ല. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് ലഭിച്ചില്ല. അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് തുറന്ന് തരാൻ പലതവണ പറഞ്ഞെങ്കിലും തുറന്ന് നൽകിയില്ല. ഡിജിറ്റലായി ലോക്കാണ്. നിലവിൽ പൂട്ട് തകർത്തുള്ള പരിശോധനയിലേക്ക് കടന്നിട്ടില്ലെന്നും പോലീസ് പറഞ്ഞു.
റിപ്പോർട്ടർ ഉടമകളായ അഗസ്റ്റിൻ സഹോദരന്മാരുടെ വയനാട്ടിലെ വീട്ടിലടക്കം അഞ്ചിടങ്ങളിലാണ് പ്രത്യേക അന്വേഷണ സംഘം റെയ്ഡ് നടത്തിവരുന്നത്. പുലർച്ചെ നാലു മണി മുതലാണ് പരിശോധന ആരംഭിച്ചതെന്നാണ് വിവരം.
എഡിജിപി പി.വിജയന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടുള്ള ഫയലുകൾ പരിശോധിക്കുന്നതിനും പിടിച്ചെടുക്കുന്നതിനുമാണ് മിന്നൽ പരിശോധന. രേഖകൾ പരിശോധിച്ച് സാമ്പത്തിക ഇടപാടുകളും മറ്റ് കത്തിടപാടുകളും കണ്ടെത്തുകയാണ് ലക്ഷ്യം. തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് എസ്ഐടി ആദ്യ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ഇതിനു പിന്നാലെ കോടതിയിൽനിന്ന് അനുമതി സമ്പാദിച്ചശേഷം പരിശോധനയിലേക്ക് കടക്കുകയായിരുന്നു. വഞ്ചന, തട്ടിപ്പ്, ഗൂഢാലോചന എന്നിവയിലാണ് കളമശ്ശേരി പൊലീസ് കേസെടുത്തിട്ടുള്ളത്. റിപ്പോർട്ടർ കമ്പനി, ആന്റോ അഗസ്റ്റിൻ എന്നിവരെ പ്രതി ചേർത്തിട്ടുണ്ട്.
Content Highlights: Police raided Reporter TV offices and associated locations over a fraud case related to Lionel Messi's visit., The raid was conducted with a court warrant, but channel representatives allegedly failed to cooperate., Special Investigation Team led by ADGP P. Vijayan is inspecting financial transactions and documents., Cases including cheating, fraud, and conspiracy have been registered against Reporter Company and Anto Augustine.
Published: 16 Sept 2026, 08:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented