പാരീസ്: ഫ്രഞ്ച് ഫുട്‌ബോൾ താരം പോൾ പോഗ്ബയ്ക്ക് നാലുവർഷം വിലക്ക്. ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് യുവന്റസ് മധ്യനിരതാരംകൂടിയായ പോഗ്ബയ്ക്ക് നടപടിനേരിടേണ്ടിവന്നത്. വിലക്ക് 30-കാരനായ താരത്തിന്റെ ഫുട്‌ബോൾ കരിയറിന് കനത്തതിരിച്ചടിയാണ്.

To advertise here,

ഇറ്റാലിയൻ ദേശീയ ആന്റി ഡോപ്പിങ് ഏജൻസി(നാഡോ)യാണ് വിലക്കേർപ്പെടുത്തിയത്. നടപടിക്കെതിരേ താരം അപ്പീൽ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തേജകമരുന്ന് പരിശോധനയുടെ ആദ്യഘട്ടത്തിൽ പരാജയപ്പെട്ടതോടെ കഴിഞ്ഞ സെപ്റ്റംബർമുതൽ താരത്തെ സസ്‌പെൻഡുചെയ്തിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 20-ന് യുവന്റസിനായി കളിച്ചപ്പോൾ ശേഖരിച്ച സാംപിളാണ് പോസിറ്റീവായത്. ഒക്ടോബറിൽ രണ്ടാമത് നടത്തിയ പരിശോധനയും പോസിറ്റീവായതോടെയാണ് വിലക്കിന് ആന്റി ഡോപ്പിങ് പ്രോസിക്യൂട്ടർ ഓഫീസ് ശുപാർശചെയ്തത്.

ലോകഫുട്‌ബോളിലെ മികച്ച മധ്യനിരതാരമായ പോൾ പോഗ്ബയുടെ കരിയറിന് വലിയഭീഷണിയാകുന്നതാണ് വിലക്ക്. 2018-ലെ ഫ്രാൻസിന്റെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച താരമാണ്. ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റർ യുണൈറ്റഡ് 2016-ൽ റെക്കോഡ് തുകയ്ക്കാണ് താരത്തെ സ്വന്തമാക്കിയത്.

സമീപകാലത്ത് പരിക്ക് താരത്തെ കാര്യമായി വേട്ടയാടിയിരുന്നു. കഴിഞ്ഞ രണ്ടു സീസണുകളിലായി അധികം മത്സരങ്ങളിൽ കളിക്കാനുമായിരുന്നില്ല. യുണൈറ്റഡിൽനിന്ന് യുവന്റസിലേക്ക് മടങ്ങിയെത്തിയതിനുശേഷം പോഗ്ബ കളത്തിലിറങ്ങിയത് അപൂർവമായിട്ടായിരുന്നു.

ഫ്രാൻസിന്റെ വിവിധപ്രായപരിധി ടീമുകളിൽ കളിച്ചിട്ടുണ്ട്. ഫ്രാൻസിനായി 91 മത്സരം കളിച്ച താരം 11 ഗോളും നേടി. ലോകകപ്പിനുപുറമേ യുവേഫ നേഷൻസ് ലീഗ് വിജയത്തിലും പങ്കാളിയായി.

ക്ലബ്ബ് കരിയറിൽ മാഞ്ചെസ്റ്റർ യുണൈറ്റഡിനും യുവന്റസിനുമായി 423 മത്സരം കളിച്ചു. യുവന്റസിനൊപ്പം എട്ടു കിരീടങ്ങളും യുണൈറ്റഡിനൊപ്പം രണ്ടു കിരീടവിജയങ്ങളിലും പങ്കാളിയായി.