പിണറായിക്കെതിരേ ഉയർത്തുന്നത് മൂന്നരക്കോടിയുടെ ഞുണുങ്ങു അഴിമതിയാണെന്ന് എസ്.എൻ.ഡി.പി. ജനനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിണറായി വിജയൻ മകളുടെ കാര്യത്തിൽ സോഫ്റ്റാണ്. മകൾ തനിക്കും ദൗർബല്യമാണ്. മക്കളെ സ്നേഹിക്കുന്നത്‌ ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. മുപ്പതുവർഷം എസ്.എൻ.ഡി.പി.യോഗത്തെ നയിച്ചെന്നും അടുത്ത തിരഞ്ഞെടുപ്പിലും താൻ ജയിക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

To advertise here,

നവതിയിലെത്തുമ്പോഴും കാണുന്ന ഈ ചുറുചുറുക്കിന്റെ രഹസ്യം എന്താണ്

പോരാട്ടം. എതിരിടലാണ് ഇഷ്ടം. പ്രതിസന്ധികളെ എതിരിടാനും അതിജീവിക്കാനും എനിക്കു കഴിയും. മുപ്പതുവർഷം എസ്.എൻ.ഡി.പി.യോഗത്തെ നയിച്ചു. ദേ ഇപ്പോൾ മൂന്നുവർഷത്തേക്കുള്ള തിരഞ്ഞെടുപ്പുകൂടി നടക്കാൻ പോകുവാ. അതിലും ഞാൻ ജയിക്കും. എതിർക്കുമ്പോൾ ഞാൻ കൂടുതൽ കരുത്തുള്ളവനാകും. നിങ്ങൾക്കറിയാമല്ലോ. ആരുമരിച്ചാലും വെള്ളാപ്പള്ളിയാണ് പിന്നിലെന്നു പറയും. ശാശ്വതീകാനന്ദ സ്വാമി മരിച്ചപ്പോൾ, മഹേശൻ ആത്മഹത്യചെയ്തപ്പോൾ പിന്നിൽ ഞാനാണെന്നു പറഞ്ഞു. എന്നെ കോൺഗ്രസുകാർ എത്രയധികം ദ്രോഹിച്ചിട്ടുണ്ടെന്നറിയാമോ. ഇപ്പോഴത്തെ ഇ.ഡി.യൊക്കെ വരുംമുൻപ്‌ കോൺഗ്രസ് സർക്കാർ നിർദേശപ്രകാരം എന്റെ വീട്ടിൽക്കയറി റെയ്ഡു നടത്തി. എന്റെ ഭാര്യയെവരെ ചോദ്യംചെയ്തു. മാൻഹോൾ സംഭവത്തിൽ വർഗീയത പരത്തിയെന്നാരോപിച്ചു കേസുകൊടുത്തില്ലേ. എല്ലാം പോയില്ലേ.

എസ്.എൻ.ഡി.പി. യോഗം തലപ്പത്തെത്തിയ വഴി

കൊങ്കൺ റെയിൽവേ കരാറുകഴിയുമ്പോൾ ഇ. ശ്രീധരൻ എന്നോടു പറഞ്ഞു. അടുത്ത ഡൽഹി മെട്രോയുടെ പണി ഏറ്റെടുക്കാൻ തയ്യാറായിക്കോളാൻ. അപ്പോഴാണ് ശാശ്വതീകാനന്ദ നിർബന്ധിച്ചത് എസ്.എൻ. ട്രസ്റ്റിന്റെ സാരഥ്യം ഏറ്റെടുക്കണമെന്ന്. എസ്.എൻ. ട്രസ്റ്റിന്റെ ചുമതല ഏറ്റെടുത്തു. തുടർന്ന്‌ യോഗത്തിന്റെയും നേതൃത്വത്തിലെത്തി. അതോടെ ഒരുപാടു പഴികേട്ടു. കള്ളുകുടിയൻ, കുടവയറൻ, കരാറുകാരൻ, മണ്ടൻ എന്നൊക്കെ. എന്നാൽ, ജീവിതവിശുദ്ധി എനിക്കുണ്ട്. ഭക്തിയുണ്ട്. മദ്യപിക്കില്ല. പുകവലിക്കില്ല. മുറുക്കില്ല. ഒരുജാതി ഒരുമതം പറയേണ്ട എസ്.എൻ.ഡി.പി. യോഗത്തിന്റെ തലപ്പത്തിരുന്നു മതവിദ്വേഷം വളർത്തുന്നെന്നു പറയുന്നു. മലപ്പുറം പ്രസംഗം, മാൻഹോൾ സംഭവം. ഇതൊക്കെ മുൻനിർത്തിയാണ്.

മുസ്‌ലിം വിരുദ്ധതയില്ല. ലീഗ് വിരുദ്ധത പറഞ്ഞു. അത് മുസ്‌ലിം വിരുദ്ധതയാക്കി. പിന്നാക്ക ഐക്യത്തിനായി ഒരുമിച്ചുനിന്നവരാണ് ലീഗും എസ്.എൻ.ഡി.പി.യോഗവും. എത്രയെത്ര സമരം ഒരുമിച്ചുനടത്തി. കുഞ്ഞാലിക്കുട്ടിയുമായി ചേർന്നായിരുന്നു എല്ലാം. യു.ഡി.എഫ്. ഭരണത്തിൽവന്നാൽ എല്ലാം ശരിയാകുമെന്നു അവർ വിശ്വസിപ്പിച്ചു. എന്നാൽ, ഭരണംപിടിച്ചപ്പോൾ പിന്നാക്കഹിന്ദുക്കളുടെ കാര്യം അവർ മറന്നു. അവരുടെ കാര്യം വാരിക്കോരി നേടി. സ്പെഷ്യൽ റിക്രൂട്ട്‌മെന്റുവരെ നടത്തി. എന്നാൽ, ഞങ്ങൾക്ക് ഒരു കുടിപ്പള്ളിക്കൂടം പോലും നൽകിയില്ല. അവർ ഞങ്ങളെ സവർണരെ പ്രതിരോധിക്കാൻ മാത്രമാണ് ഉപയോഗിച്ചതെന്നു മനസ്സിലായി. സാമൂഹികനീതിക്കായി പോരാടുന്ന ഞാൻ ഈ ചതി മലപ്പുറത്തുനിന്നു പറഞ്ഞതാണോ വർഗീയത. ഈഴവനായ ആർ. ശങ്കറിനു രാഷ്ട്രീയാധികാരം കിട്ടിയപ്പോൾമാത്രമാണ് എസ്.എൻ.ഡി.പി. യോഗത്തിനു കാര്യമായെന്തെങ്കിലും കിട്ടിയത്. പിന്നീട് അതുണ്ടായില്ല. അതുകൊണ്ടു സാമൂഹിക നീതികിട്ടാൻ രാഷ്ട്രീയാധികാരത്തിനുവേണ്ടി പോരാടുകയാണു ഞങ്ങൾ.

വി.ഡി. സതീശനെ വിമർശിച്ചതിൽ ഇപ്പോൾ കുറ്റബോധമുണ്ടോ

ഇല്ല. സതീശൻ എം.എൽ.എ. ആയിരുന്നപ്പോൾ പക്ഷപാതപരമായി നിലപാടു സ്വീകരിച്ചപ്പോൾ വിമർശിച്ചു. എന്നാൽ, മുഖ്യമന്ത്രിയായപ്പോൾ സതീശൻ മാറി. എല്ലാ സമുദായങ്ങളെയും ഒന്നായിക്കാണുന്ന സമീപനമായി. നല്ലമുഖ്യമന്ത്രിയാകാൻ അദ്ദേഹത്തിനു കഴിയും. പക്ഷേ, കോൺഗ്രസിന്റെ കൂട്ടായപിന്തുണ അദ്ദേഹത്തിനു കിട്ടുന്നില്ല.

കേസിന്റെയൊക്കെ പശ്ചാത്തലത്തിൽ പിണറായിയെക്കുറിച്ച് എന്താണു അഭിപ്രായം

പിണറായി വിജയൻ മകളുടെ കാര്യത്തിൽ സോഫ്റ്റാണ്. മകൾ എനിക്കും ദൗർബല്യമാണ്. മക്കളെ സ്നേഹിക്കുന്നത്‌ ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാ. എന്തായാലും ആകെ മൂന്നരക്കോടിയുടെ ഞുണുങ്ങു അഴിമതിയാണ് ദീർഘകാലം മുഖ്യമന്ത്രിയും മന്ത്രിയുമൊക്കെയായ പിണറായിക്കെതിരേ ഉയർത്തുന്നത്. അതും കേസുനടക്കുമ്പോൾ കാണാം. പിണറായിയുടെ ചില പ്രവൃത്തികൾ കമ്യൂണിസ്റ്റ് ശൈലിയിലല്ല. വടക്കൻ, തെക്കൻ ശൈലികൾ ഒരുമിച്ചുകാണുന്നതിന്റെ പ്രശ്നവുമാകാം. പിന്നെ മീഡിയ മാനേജ്മെന്റ് ശരിയല്ല. പത്തുവർഷം തുടർച്ചയായി ഭരിച്ച പിണറായിയല്ലാതെ ഏതു മുഖ്യമന്ത്രിയുണ്ടിവിടെ. അതു പാർട്ടിയുടെ മിടുക്കല്ല. പിണറായിയുടെതന്നെ മിടുക്കാണ്. പക്ഷേ, പത്തുവർഷം ഇടതുപക്ഷം ഭരിച്ചിട്ടും ഈഴവർക്ക് ഒന്നും കിട്ടിയില്ല. ഉപദ്രവിച്ചില്ലെന്നതുമാത്രമാണാശ്വാസം

ബി.ഡി.ജെ.എസ്. രൂപവത്കരിച്ചത് അങ്ങയുടെ നേതൃത്വത്തിൽക്കൂടിയാണ്. ഇപ്പോൾ എന്തുതോന്നുന്നു

സത്യത്തിൽ എസ്.എൻ.ഡി.പി., എൻ.എസ്.എസ്. എന്നിവയ്ക്കൊന്നും രാഷ്ട്രീയപ്പാർട്ടി ശരിയാവില്ല. എല്ലാ പാർട്ടിയിൽപ്പെട്ടവരും സമുദായങ്ങളിലുണ്ട്. സമുദായനേതൃത്വം സാമൂഹികനീതിക്കായി പോരാടണം. ബി.ഡി.ജെ.എസിനെക്കുറിച്ചു ചിന്തിക്കേണ്ടത് അവർ തന്നെയാണ്. എൻ.ഡി.എ.യിൽ പത്തുകൊല്ലമായിട്ടും അവർക്ക് അർഹമായ പരിഗണന കിട്ടിയിട്ടില്ല.

വെള്ളാപ്പള്ളി കമ്യൂണിസ്റ്റാണോ കോൺഗ്രസാണോ. ബി.ജെ.പി.യാണോ

കോൺഗ്രസുമായി അടുപ്പമുണ്ടായിരുന്ന വെള്ളാപ്പള്ളിയെ കമ്യൂണിസ്റ്റാക്കിയത് കോൺഗ്രസുകാരാണ്. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ കള്ളുതുള്ളലും തെറിവിളി ഉൾപ്പെടെയുള്ള അനാചാരങ്ങളുണ്ടായിരുന്നു. അതുമാറ്റാൻ നോക്കിയപ്പോൾ കമ്യൂണിസ്റ്റുകാർ സപ്പോർട്ടു ചെയ്തു. കോൺഗ്രസുകാർ കൂടെനിന്നില്ല. അങ്ങനെ എനിക്കു കമ്യൂണിസ്റ്റുകാരോട്‌ ഇഷ്ടമുണ്ടായി. ഞാൻ അടിയുറച്ച ദേവീഭക്തനാണ്. അതുവിട്ട് ഒരുകളിക്കും ഞാൻ പോവില്ല. നെറ്റിയിലെ ഈ ചുവന്ന പൊട്ട് ദേവീവിചാരമാണ്. വിശ്വാസികൾക്കൊപ്പം നിൽക്കുന്നതിനാൽ ആർ.എസ്.എസെന്നും വിളിച്ചു. ബി.ജെ.പി.ക്കാരനെന്നും വിളിക്കുന്നു.

വിമർശനങ്ങളെ എങ്ങനെ കാണുന്നു

(ചിരി) സുകുമാർ അഴീക്കോട് കിട്ടുന്നവേദിയിലെല്ലാം എന്നെ വിമർശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിമർശനം മാന്യമായിരുന്നു. അദ്ദേഹം രോഗശയ്യയിലായിരുന്നപ്പോൾ ഞാനും പ്രീതിയും കാണാൻപോയി. സ്നേഹംകൊണ്ട് അദ്ദേഹത്തിന്റെ കണ്ണുനിറഞ്ഞു. ഒരു ഓറഞ്ച് എടുത്തു നീട്ടി. അതു പകുത്ത് രണ്ടാളും കഴിക്കാൻപറഞ്ഞു. എസ്.എൻ.ഡി.പി.യാകുന്ന ചന്ദനമരത്തിൽ ചുറ്റിയ വിഷസർപ്പമാണ് നടേശനെന്നു താൻ പ്രസംഗിച്ചിട്ടുണ്ടെന്നു അഴീക്കോടു പറഞ്ഞു. ഞാൻ അപ്പോൾതന്നെ മറുപടി കൊടുത്തു. ‘ശരിയാണ് ആ ചന്ദനമരം കാട്ടുകള്ളന്മാർ വെട്ടിക്കൊണ്ടുപോകാതെ നോക്കുന്ന സർപ്പമാണു ഞാൻ’ എന്ന്. അതുകേട്ട് അദ്ദേഹം പൊട്ടിച്ചിരിച്ചു. മകനുമായി വരണമെന്നു പറഞ്ഞാണു മടക്കിയത്.

എൻ.എസ്.എസുമായി ഇനിയും ഐക്യത്തിനുപോകുമോ

നായാടിമുതൽ നമ്പൂതിരിവരെ ഐക്യപ്പെടണമെന്ന് ഇപ്പോഴും ആഗ്രഹിക്കുന്നു. അതിനുവേണ്ടി ആത്മാർഥമായാണു നിന്നത്. എന്നാൽ എൻ.എസ്.എസ്. നീതിപുലർത്തിയില്ല. അതിനാൽ ഇനി മുന്നിട്ടിറങ്ങില്ല.

നായാടിമുതൽ നസ്രാണിവരെയാക്കി പരിഷ്കരിച്ചതെന്താണ്

ഹിന്ദുക്കളെപ്പോലെ കുറേ ആവലാതി നസ്രാണികൾക്കുമുണ്ട്. അവർ ഭാരതീയ സങ്കല്പത്തിൽ വിളക്കും കൊടിമരവും എല്ലാമായി നാടിന്റെ സംസ്കാരത്തിനനുസരിച്ച് ജീവിക്കുന്നു. അതുകൊണ്ട് അവരെക്കൂടി കൂട്ടി. എന്നാൽ, ഇസ്‌ലാംവിഭാഗം മതത്തെ പ്രമാണമാക്കി അത്രയ്ക്കു ചേരാതെ നിൽക്കുന്നു. സാമൂഹികനീതിക്കായി ഒരുമിച്ചുനിന്നാലും അവരുടെ കാര്യംമാത്രം നോക്കുന്നു. അതുകൊണ്ട് അവരെ കൂട്ടാൻ തോന്നിയില്ല.

ഉരുളയ്ക്ക്‌ ഉപ്പേരിപോലെ പറയാൻ ആരാണു പഠിപ്പിച്ചത്

എന്റെ അമ്മ തുരുതുരെ പെറുമായിരുന്നു. അതിനാൽ ഞങ്ങളൊക്കെ നൂലുപോലെയായിരുന്നു. അടുത്ത പേറിന് ഒരുങ്ങുന്നതിനാൽ അമ്മയ്ക്കു നോക്കാൻ നേരമില്ലായിരുന്നു. വാല്യക്കാരാണ് നോക്കിയിരുന്നത്. അവരുടെ വർത്തമാനവും പഴഞ്ചൊല്ലുകളും എല്ലാം തലയിൽക്കയറി. അതാണ് എപ്പോഴും ഇങ്ങനെ വന്നുകൊണ്ടിരിക്കുന്നത്‌.

എസ്.എൻ.ഡി.പി. പുതിയ നേതൃത്വം വരേണ്ട കാലമായില്ലേ

തീർച്ചയായും. കാലംമാറി. കാലാവസ്ഥമാറി. ടെക്നോളജിമാറി. കാഴ്ചപ്പാടും മാറി. അതിനാൽ പുതിയ നേതൃത്വമെത്തട്ടെ. അവരെ ഏൽപ്പിക്കാൻ ഞാനൊരുങ്ങിക്കഴിഞ്ഞു.