തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ള ഉൾപ്പെടെയുള്ള കേസുകൾ പുറത്തുകൊണ്ടുവന്ന തിരുവിതാങ്കൂർ ദേവസ്വം ബോർഡ് വിജിലൻസ് അന്വേഷണ സംഘത്തെ മാറ്റരുതെന്ന ഹൈക്കോടതി നിർദേശം മറികടന്ന് സംസ്ഥാന പോലീസ് മേധാവിയുടെ നീക്കം. നിലവിലുള്ള വിജിലൻസ് ഉദ്യോഗസ്ഥർക്ക് പകരം പുതിയ ആറംഗ സംഘത്തെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ച്, കാലാവധി അവസാനിക്കുംമുൻപേ വിജിലൻസ് ഡയറക്ടർക്ക് ഡി.ജി.പി. പുതിയ ആളുകളുടെ ചുരുക്കപ്പട്ടിക കൈമാറി.
ശബരിമലയിലെ സ്വർണക്കൊള്ള, നെയ്യഭിഷേകത്തിലെ ക്രമക്കേടുകൾ തുടങ്ങിയ ഒട്ടനവധി വിഷയങ്ങൾ പുറത്തുകൊണ്ടുവന്നത് എസ്.പി. സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ്. ഒരു എസ്.പി, മൂന്ന് എസ്.ഐമാർ, മൂന്ന് സി.പി.ഒമാർ എന്നിവരടങ്ങുന്നതാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിജിലൻസ് വിഭാഗം.
ഈ ഉദ്യോഗസ്ഥരെ മാറ്റാൻ സർക്കാർ തലത്തിൽ മുൻപും നീക്കം നടന്നിരുന്നെങ്കിലും ഹൈക്കോടതി അത് അനുവദിച്ചിരുന്നില്ല. നിലവിലെ വിജിലൻസ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ കാലാവധി 2027 ഡിസംബർ 31 വരെ ദീർഘിപ്പിക്കാനും ഒഴിവുള്ള ഒരു എസ്.ഐ തസ്തികയിലേക്ക് മാത്രം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അനുയോജ്യനായ ഉദ്യോഗസ്ഥനെ നിയമിക്കാൻ അടിയന്തര നടപടി സ്വീകരിക്കാനും കഴിഞ്ഞ സെപ്റ്റംബർ രണ്ടിന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിട്ടിരുന്നു.
എന്നാൽ, ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ സെപ്റ്റംബർ എട്ടാംതീയതി സംസ്ഥാന പോലീസ് മേധാവി പുതിയൊരു ഉത്തരവിറക്കി. ശബരിമല സന്നിധാനത്തെ ദേവസ്വം വിജിലൻസ് വിഭാഗത്തിലേക്ക് മൂന്ന് എസ്.ഐമാരുടെയും മൂന്ന് സി.പി.ഓമാരുടെയും ഒഴിവുകളുണ്ടെന്ന് കാണിച്ച് അപേക്ഷ ക്ഷണിച്ചുകൊണ്ട് ജില്ലാ പോലീസ് മേധാവിമാർക്ക് ഡിജിപി സർക്കുലർ അയക്കുകയായിരുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 15 ആയിട്ടാണ് നിശ്ചയിച്ചിരുന്നത്.
ഈ കാലാവധി അവസാനിക്കുന്നതിന് മുൻപുതന്നെ, സെപ്റ്റംബർ 11-ന് പോലീസ് ആസ്ഥാനത്തുനിന്ന് വീണ്ടും മറ്റൊരു ഉത്തരവ് പുറത്തിറങ്ങി. അപേക്ഷ കഴിയുന്നതിന് മുൻപേ പുതിയ ആറംഗ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി വിജിലൻസ് ക്ലിയറൻസിനായി വിജിലൻസ് ഡയറക്ടർക്ക് കൈമാറി. എസ്.ഐമാരായ വിഷ്ണു എം.പി., രാംലാൽ എ.ആർ., രമേശൻ പിള്ള, സി.പി.ഓമാരായ ശ്യാം മോഹൻ എം., രതീഷ് ആർ., വിനു ബി.എസ് എന്നിവരുൾപ്പെട്ട പട്ടികയാണ് വിജിലൻസ് ക്ലിയറൻസിനായി ഡിജിപി കൈമാറിയത്.
Published: 14 Sept 2026, 02:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented