തിരുവനന്തപുരം: മുൻ എം.എൽ.എ പി.കെ. ശശിക്കെതിരേ യുവതി നൽകിയ പീഡനപരാതി സി.പി.എമ്മിനെ പിടിച്ചുലച്ചതിനു പിന്നാലെ, പാലക്കാട്ടെ പാർട്ടിക്ക് തലവേദനയായി വീണ്ടും പരാതി. സി.പി.എം ജില്ലാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറിയുമായ നേതാവിനെതിരേ ഭാര്യയാണ് സംസ്ഥാന-ജില്ലാ നേതൃത്വത്തിന് പരാതി നൽകിയിട്ടുള്ളത്. പ്രാദേശിക പാർട്ടി നേതാവായ സ്ത്രീയുമായി ബന്ധപ്പെടുത്തിയാണ് പരാതി. ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുള്ള പരാതി കിട്ടിയിട്ട് മൂന്നു മാസമായെങ്കിലും ഇതുവരെ സി.പി.എം നടപടിയെടുത്തിട്ടില്ല.

To advertise here,

പാർട്ടി അംഗങ്ങളുടെയും നേതാക്കളുടെയും വ്യക്തിപരവും സംഘടനാപരവുമായ പിഴവുകൾ തിരുത്താൻ വിപുലീകൃത സംസ്ഥാന കമ്മിറ്റി നടന്നു കൊണ്ടിരിക്കേ, സി.പി.എമ്മിൽ ചർച്ചയാവുകയാണ് ഈ പരാതി. നേതാവിന്റെ പരസ്ത്രീ ബന്ധത്തെക്കുറിച്ച് നേരത്തേ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴെല്ലാം ഇനിയൊരിക്കലും ആവർത്തിക്കില്ലെന്ന് സമ്മതിച്ചിരുന്നു. എല്ലാം പൊറുത്ത് ജീവിതം തുടരുകയായിരുന്നു. എന്നാൽ, ഇടതുപക്ഷത്തിന് കനത്ത തിരഞ്ഞെടുപ്പ് പരാജയം സംഭവിച്ച ദിവസം വീണ്ടും ആ സ്ത്രീയുമായി ബന്ധം പുലർത്തിയതും പിന്നീട് അതേക്കുറിച്ച് ഫോണിൽ സംസാരിക്കുന്നതുമൊക്കെ തന്റെ ശ്രദ്ധയിൽപ്പെട്ടതിനാലാണ് പാർട്ടിയെ പരാതിയുമായി സമീപിച്ചിട്ടുള്ളതെന്ന് ഭാര്യ വ്യക്തമാക്കി. പാർട്ടി അനുഭാവിയെന്ന നിലയിൽ രാഷ്ട്രീയ ഉത്തരവാദിത്വത്തിന്റെകൂടി ഭാഗമായാണ് ഇപ്പോഴത്തെ പരാതി.

സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നൽകിയിട്ടുള്ള പരാതിയുടെ പകർപ്പ് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറിക്കും നൽകിയിട്ടുണ്ട്. സംസ്ഥാന നേതൃത്വം നിർദേശിച്ചതനുസരിച്ച്, കെ.രാധാകൃഷ്ണൻ എം.പി. പരാതിയെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടെന്നും പ്രാഥമിക മൊഴിയെടുക്കൽ നടത്തിയിട്ടുണ്ടെന്നുമാണ് വിവരം. എന്നാൽ, ഇതുവരെയും നേതാവിനെതിരേ അച്ചടക്ക നടപടിയൊന്നും എടുത്തിട്ടില്ല.

നേതാവുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികൾ നേരത്തേതന്നെ പാർട്ടിക്കുള്ളിൽ ഉയർന്നുവന്നിട്ടും ജില്ലാ നേതൃത്വം ഗൗരവത്തിലെടുത്തില്ലെന്നാണ് ആക്ഷേപം. പകരം, ഡി.വൈ.എഫ്.ഐ. സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സ്ഥാനം നൽകി സംരക്ഷിച്ചെന്നും പാർട്ടിക്കുള്ളിൽ വിമർശനമുണ്ട്. ജില്ലാ നേതൃത്വത്തിൽനിന്ന് നീതിലഭിക്കാത്ത സാഹചര്യത്തിലാണ് സി.പി.എം. അനുഭാവികൂടിയായ ഭാര്യ സംസ്ഥാന നേതൃത്വത്തെ സമീപിച്ചതെന്നും അറിയുന്നു.