തൃശൂർ സ്വദേശി അഭിജിത്തും അബുദാബിയിൽ ജോലി ചെയ്യുന്ന അഖിലുമാണ് വീഡിയോയുടെ സ്രഷ്ടാക്കൾ

തൃശ്ശൂർ: കേരളത്തിൽ തുടർച്ചയായി കറന്റ് പോകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി വി.ഡി. സതീശനും കെഎസ്ഇബി ജീവനക്കാരും കൂടിയുള്ള ഒരു ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. ഒറിജിനലിനെ വെല്ലുന്ന എഐ നിർമിത വീഡിയോ ആയിരുന്നു അത്. സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയ ആ വീഡിയോക്ക് പിന്നിലുള്ളത് തൃശ്ശൂരിൽ നിന്ന് അബുദാബി വരെ നീളുന്നൊരു സൗഹൃദമാണ്. തൃശ്ശൂർ സ്വദേശിയായ അഭിജിത്തും അബുദാബിയിൽ ജോലി ചെയ്യുന്ന സുഹൃത്ത് അഖിലും ചേർന്നാണ് ഈ വൈറൽ വീഡിയോ അണിയിച്ചൊരുക്കിയത്.
നാട്ടിൽ രൂക്ഷമായ പവർ കട്ട് കാരണം ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെയാണ് ഇത്തരമൊരു ആശയം ഉയർന്നുവന്നതെന്ന് അഭിജിത്ത് പറയുന്നു. അഭിജിത്തിന്റെ ഡിജിറ്റൽ മാർക്കറ്റിങ് കമ്പനിയുടെ ഭാഗമായ 'എഐ കവല' എന്ന സോഷ്യൽ മീഡിയ പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. ഓൺലൈനായി നിരന്തരം ചർച്ചകൾ നടത്തിയാണ് അഭിജിത്തും അഖിലും വീഡിയോയുടെ രൂപരേഖ തയാറാക്കിയത്.
ജയിലർ 2 എന്ന ചിത്രത്തിലെ ഗാനത്തിനായി നടി ഷംന കാസിം വെച്ച ചുവടും ഭാവങ്ങളുമാണ് എഐ സഹായത്തോടെ മുഖ്യമന്ത്രിയിലേക്ക് സന്നിവേശിപ്പിച്ചതെന്ന് അഭിജിത്ത് പറയുന്നു. നേരത്തേ വൈറലായ ഷംനയുടെ ഭാവങ്ങൾ ഇതിന് അനുയോജ്യമാണെന്ന് തോന്നി. മുഖ്യമന്ത്രിയോടുള്ള ദേഷ്യം കൊണ്ടല്ല മറിച്ച് തമാശരൂപത്തിലെടുക്കാൻ കഴിയുന്നത് പോലെയാണ് വീഡിയോ സൃഷ്ടിച്ചതെന്നും അഭിജിത്ത് പറഞ്ഞു.
വീഡിയോ റിലീസ് ചെയ്ത് ചുരുങ്ങിയ സമയം കൊണ്ട് 1.78 കോടിയിലധികം ആളുകൾ കാണുകയും 52,000-ത്തിലധികം കമന്റുകൾ ലഭിക്കുകയും ചെയ്തു. 'വിജയ്‌യേക്കാളും മോഹൻലാലിനേക്കാളും നന്നായി ഞാൻ ഡാൻസ് ചെയ്യുന്നുണ്ട്' എന്ന് മുഖ്യമന്ത്രി തന്നെ ഒരു വേദിയിൽ പറഞ്ഞതോടെ വലിയ ആശ്വാസമായെന്ന് അണിയറപ്രവർത്തകർ പറയുന്നു. വീഡിയോ ചുരുങ്ങിയ സമയംകൊണ്ട് ആളുകൾ ഏറ്റെടുത്തതിലും മുഖ്യമന്ത്രി പോലും അത് ആസ്വദിച്ചു എന്നറിഞ്ഞതിലും വളരെ സന്തോഷമുണ്ടെന്നാണ് അഖിൽ പറഞ്ഞത്.
നെഗറ്റീവ് കമന്റുകളോ തെറിവിളികളോ ഇല്ലാതെ കേരളക്കര ഒന്നാകെ, പ്രത്യേകിച്ച് കുട്ടികൾ വീഡിയോ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് ഇരുവരും. എഐ, ഡിജിറ്റൽ മാർക്കറ്റിങ് മേഖലകളിൽ കൂടുതൽ പേർക്ക് ഉന്നതനിലവാരമുള്ള പരിശീലനം നൽകുന്നതിനായി 'എഐ ആഡ്‌സ് മീഡിയ' എന്ന പേരിൽ പുതിയൊരു അക്കാദമി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഇവർ.
Published: 14 Sept 2026, 02:14 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented