കൊച്ചി: കളമശ്ശേരിയിൽ രണ്ട് സംഘം യുവാക്കൾ തമ്മിലുണ്ടായ സംഘർഷം തടയാനെത്തിയ പോലീസ് സംഘത്തിന് നേരെ യുവാക്കളുടെ ആക്രമണം. ആക്രമണത്തിൽ നാല് പോലീസുകാർക്ക് പരിക്കേറ്റു. ഇതിൽ ഒരു പോലീസുകാരന്റെ കൈയ്ക്ക് പൊട്ടലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.

To advertise here,

കഴിഞ്ഞ രാത്രി സൗത്ത് കളമശ്ശേരിയിലാണ് സംഭവം നടന്നത്. പ്രദേശത്ത് രണ്ടു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് കളമശ്ശേരി പോലീസ് സ്ഥലത്തെത്തിയത്. പോലീസ് എത്തിയതോടെ ഇതിലൊരു വിഭാഗം പോലീസിന് നേരെ തിരിയുകയും ആക്രമിക്കുകയുമായിരുന്നു.

ആക്രമണത്തിൽ പോലീസ് വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു. തുടർന്ന് കൂടുതൽ പോലീസുകാരെ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.

ആക്രമണം നടത്തിയവർ ലഹരി ഉപയോഗിച്ചിരുന്നോ എന്നും ഇവരുടെ ക്രിമിനൽ പശ്ചാത്തലവും പോലീസ് പരിശോധിച്ചുവരികയാണ്. പോലീസിനെ ആക്രമിച്ച സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും, സ്ഥലത്തുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് മറ്റു പരാതികൾ പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി.