
കോഴിക്കോട്: 'സി.പി.എം-ബി.ജെ.പി ഡീൽ' ആരോപണം ഫലപ്രദമായി ചെറുക്കാൻ കഴിയാത്തത് നിയമസഭാ തിരഞ്ഞെടുപ്പിലെ പതനത്തിലേയ്ക്കു നയിച്ചെന്ന് വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ കുറ്റസമ്മതം. തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, ദരിദ്ര കർഷകർ തുടങ്ങിയ അടിസ്ഥാനവർഗം പോലും ഈ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വോട്ട് ചെയ്തില്ല. അടിത്തറ വീണ്ടെടുക്കാൻ പ്രത്യേക കർമ്മപരിപാടി ആസൂത്രണം ചെയ്യാൻ ആഹ്വാനം ചെയ്യുന്നതാണ് സി.പി.എം രേഖ.
സി.പി.എം-ബി.ജെ.പി രഹസ്യധാരണയെന്ന് കോൺഗ്രസ് ആരോപിച്ചു. മുസ്ലീംലീഗും ജമാഅത്തെ ഇസ്ലാമിയും സമാനമായി പ്രചാരണം നടത്തി. എസ്.ഐ.ആർ ഉൾപ്പെടെയുള്ളവ ഉപയോഗപ്പെടുത്തി വ്യാജപ്രചാരണം നടന്നു. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളിൽ ഒരു വിഭാഗവും ഈ സ്വാധീനത്തിൽപ്പെട്ട് എൽ.ഡി.എഫിനെതിരേ തിരിഞ്ഞു. ആഗോള അയ്യപ്പസംഗമത്തിൽ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ച് സി.പി.എം ഹിന്ദുത്വവർഗീയതയോട് മൃദുസമീപനം പുലർത്തുന്നുവെന്ന പ്രതീതിയുണ്ടാക്കി. എങ്ങനെയാണ് യു.പി മുഖ്യമന്ത്രിയുടെ സന്ദേശം വായിക്കാൻ പാർട്ടി മന്ത്രി സമ്മതിച്ചെന്നാണ് സെക്രട്ടേറിയേറ്റംഗത്തെ ഉന്നമിട്ട് റിപ്പോർട്ടിലെ ചോദ്യം.
വെള്ളാപ്പള്ളി നടേശൻ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന നടത്തിയപ്പോഴും സി.പി.എം നേതൃത്വം ശക്തമായി പ്രതികരിച്ചില്ല. കൂടാതെ, ചില നേതാക്കൾ നടത്തിയ പ്രസ്താവനകൾ കൂടുതലായി ജനങ്ങളെ പാർട്ടിയിൽ നിന്നകറ്റി. സി.പി.ഐ.യെപ്പോലും വിശ്വാസത്തിലെടുക്കാതെ, പി.എം.-ശ്രീയിൽ ഒപ്പിട്ടത് ബി.ജെ.പി-സി.പി.എം അന്തർധാരയെന്ന പ്രചാരണത്തിന് ബലമേകി. ആർ.എസ്.എസിനെയും ബി.ജെ.പിയെയും ഫലപ്രദമായി നേരിടാനുള്ള, കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലെ നിർദേശങ്ങളൊന്നും നടപ്പായില്ല. തിരഞ്ഞെടുപ്പിൽ ബി.ജെ.പി മൂന്നു സീറ്റിൽ വിജയിച്ചത് ചെറുതായി കാണാനാവില്ല. പാർട്ടി വോട്ടുകൾ ചോർന്നതിൽ, ബി.ജെ.പി-സി.പി.എം ഡീലെന്ന പ്രചാരണം ചെറുക്കാനാവാത്തതും കാരണമായെന്നാണ് തെറ്റു തിരുത്തലിന്റെ ഭാഗമായുള്ള തുറന്നുപറച്ചിൽ.
പകുതിയിലേറെ പാർട്ടി അംഗങ്ങൾക്ക് പരിചയക്കുറവ്; വിശ്വാസ്യതയുള്ള മുഖങ്ങളും വേണം
2016 മുതലുള്ള പത്തു വർഷത്തിനിടയിൽ വന്നവരാണ് 55% പാർട്ടി അംഗങ്ങളെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ. ഇവർക്കൊന്നും പ്രതിപക്ഷത്തിരുന്ന പരിചയ സമ്പത്തില്ല. പാർട്ടി വിദ്യാഭ്യാസം ഊർജിതമാക്കി അംഗങ്ങളുടെ നിലവാരം ഉയർത്താനുള്ള നടപടികളെടുക്കണം. ഇതിനായി സ്ഥിരം പാർട്ടി വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് നിർദേശം. മുഴുവൻ സമയപ്രവർത്തകരുടെ എണ്ണം കുറയ്ക്കാനും നിർദേശമുണ്ട്. ദേശീയതലത്തിൽ 10,473 മുഴുവൻ സമയപ്രവർത്തകരുണ്ട്. ഇതിൽ 6,129 പേരും കേരളത്തിലാണ്. അഭിഭാഷകരോ മറ്റു പ്രൊഫഷണൽ ജോലിയോ ഉള്ളവരാണ് ഇവരിൽ പലരും. മുഴുവൻ സമയം പാർട്ടി പ്രവർത്തനത്തിൽ വ്യാപൃതരായതിനാൽ അവർക്ക് ജോലിയിൽ ശ്രദ്ധിക്കാനാവുന്നില്ല. ഇതു മാറ്റിയെടുക്കാൻ മുഴുവൻ സമയ പ്രവർത്തകരുടെ എണ്ണം കുറയ്ക്കും.
പാർട്ടിയുടെ ജനവിശ്വാസ്യത തകർന്നത് തിരഞ്ഞെടുപ്പിലെ പതനത്തിനു കാരണമായതിനാൽ, പ്രാദേശികതലം മുതൽ വിശ്വാസ്യതയുള്ള മുഖങ്ങളെ ഉയർത്തിക്കാട്ടാനാവണം. അതിന്റെ ഭാഗമായി വർഗ-ബഹുജന സംഘടനകളുടെ പ്രവർത്തനം ശക്തിപ്പെടുത്തണം. എല്ലാവരും എല്ലാ വർഗബഹുജനസംഘടനയിലും പ്രവർത്തിക്കുന്ന രീതിക്കു മാറ്റം വരുത്തണം. ഐ.ടി. ഉൾപ്പെടെയുള്ള പുതിയ തൊഴിൽ മേഖലയിൽ സംഘടനകൾ രൂപവത്കരിക്കാനുള്ള പുതിയ വിഭാഗങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കാനുമുള്ള ശ്രമമുണ്ടാവണം.
ഡിജിറ്റൽ യുഗത്തിന്റെ വെല്ലുവിളികൾ നേരിടാൻ അംഗങ്ങളെയും നേതാക്കളെയും പ്രാപ്തരാക്കും. അതിനായി സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ കാര്യക്ഷമമായ ഇടപെടലിന് പരിശീലനം നൽകും. പൊതുയോഗങ്ങളിലും മറ്റും പ്രസംഗിക്കുന്നതിൽ ചില നേതാക്കൾ ജാഗ്രത പുലർത്തുന്നില്ല. മാധ്യമങ്ങളുമായി സംവദിക്കുന്നതിലുമുണ്ട് വീഴ്ച. സംസാരിക്കുന്നത് റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടെന്നും പ്രചരിക്കപ്പെടുന്നുണ്ടെന്നുമുള്ള ചിന്ത നേതാക്കൾക്കില്ല. സംസാരവും പ്രസംഗവുമൊക്കെ ആകർഷകവും രാഷ്ട്രീയമൂർച്ഛയുള്ളതുമാക്കാനുള്ള ശ്രദ്ധാപൂർവ്വമായ പരിപാടികൾ നടപ്പാക്കണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഇങ്ങനെ, സംഘടനാപരമായ ദൗർബല്യങ്ങൾ തിരുത്തി, കാൽനൂറ്റാണ്ടിലേക്കുള്ള പ്രവർത്തനപരിപാടികൾ ആസൂത്രണം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്നതാണ് രേഖ.
പിണറായിയെ തിരുത്തി എം.എ.ബേബി
പത്തു വർഷത്തെ പിണറായി ഭരണമാണ് കേരളത്തിൽ വികസന ബദൽ സൃഷ്ടിച്ചതെന്ന സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ അവകാശവാദം തള്ളി ജനറൽ സെക്രട്ടറി എം.എ.ബേബി. കേരള സംസ്ഥാന രൂപവത്കരണത്തിന്റെ 70-ാം വർഷമാണിതെന്ന് വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ ഉദ്ഘാടനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാലത്തിനിടെ, 30 വർഷവും കേരളം ഭരിച്ചത് ഇടതുപക്ഷമായിരുന്നു. ലോകത്തിനു മുന്നിൽ കേരള മാതൃകയുണ്ടാക്കിയത് ഈ ഇടതുസർക്കാറുകളാണെന്നും ബേബി പറഞ്ഞു.
മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള പ്രചാരണം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് കേന്ദ്രകമ്മിറ്റിയുടെ അവലോകന റിപ്പോർട്ടിൽ വിമർശിച്ചിരുന്നു. മുൻപ് ഇടതുസർക്കാറുകൾ ഉണ്ടായിരുന്നപ്പോൾ പാർട്ടി-ഭരണ ഏകോപനം ഉണ്ടായിരുന്നുവെന്നും പത്തു വർഷത്തെ പിണറായി ഭരണത്തിൽ അതിന്റെ അഭാവമുണ്ടായെന്നുമാണ് മറ്റൊരു വിമർശനം. ഇക്കാര്യങ്ങളെല്ലാം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിലെ റിപ്പോർട്ടിലും പ്രതിഫലിച്ചിട്ടുണ്ടെന്നാണ് വിവരം.
Content Highlights: CPM state committee report admits failure in countering CPM-BJP secret deal allegations during elections., Loss of traditional vote base including workers, agricultural laborers, and minority communities., MA Baby corrects the narrative on 10 years of Pinarayi governance by highlighting 30 years of overall Left rule., Proposals to reduce full-time workers, enhance digital media training, and rebuild public trust.
Published: 14 Sept 2026, 12:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented