തിരുവനന്തപുരം: ശബരിമലയിലേക്ക് നെയ്യ് വാങ്ങിയതിൽ പിഎസ് പ്രശാന്തും അജികുമാറും ബോധപൂർവം അഴിമതി നടത്തിയെന്ന് എഫ്.ഐ.ആർ. എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന മുരാരി ബാബുവും ക്രമക്കേടിന് കൂട്ടുനിന്നു. ടെണ്ടറിൽ പങ്കെടുത്ത മൂന്ന് കമ്പനികളെ ഒഴിവാക്കിയതിൽ ദുരൂഹതയുണ്ടെന്നും എഫ്.ഐ.ആറിൽ പറയുന്നുണ്ട്. കേസിൽ വിജിലൻസ് അന്വേഷണം തുടരുകയാണ്.
കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികാളാണ് പിഎസ് പ്രശാന്തും അജികുമാരും മുരാരി ബാബുവും. ഇവർ ഗുരുതരമായ ക്രമക്കേട് കാണിച്ചുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു. വിശ്വാസവഞ്ചന, അഴിമതി നിരോധനനിയമത്തിലെ മൂന്ന് കുറ്റങ്ങൾ എന്നിവയാണ് കേസിൽ ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്.
ശബരിമലയിലേക്ക് നെയ്യ് വാങ്ങിക്കാൻ മൂന്ന് കമ്പനികളാണ് ടെണ്ടർ നൽകിയത്. എന്നാൽ കാരണമില്ലാതെ ഈ കമ്പനികളെ ഒഴിവാക്കി. മിൽമയെ തിരഞ്ഞെടുക്കാൻ ശുപാർശ ചെയ്തുകൊണ്ട് മുരാരി ബാബു കത്ത് നൽകുകയും ചെയ്തു. യാതൊരു കാരണവും ചൂണ്ടിക്കാട്ടാതെയാണ് 'ടെൻഡർ റദ്ദാക്കുന്നു' എന്ന് പ്രശാന്ത് സ്വന്തം കൈപ്പടയിൽ രേഖപ്പെടുത്തിയത്. ഒപ്പം മിൽമയിൽനിന്ന് നെയ്യ് വാങ്ങാൻ അനുമതിനൽകുകയും അളവ് തീരുമാനിക്കാൻ എക്സിക്യുട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തുകയും ചെയ്തു. ഈ കുറിപ്പിനുകീഴിൽ പ്രശാന്തും ബോർഡ് അംഗം എ. അജികുമാറും ഒപ്പിട്ടിട്ടുണ്ട്.
2024 ഡിസംബർ 30-നാണ് മുരാരി ബാബു മിൽമയിൽനിന്ന് നെയ്യ് വാങ്ങണമെന്ന് ശുപാർശ ചെയ്ത് ബോർഡിന് കത്തുനൽകിയത്. സാധാരണ ഒരു മണ്ഡലകാലത്ത് അടുത്തസീസണിലേക്കുള്ള ടെൻഡറോ, വിതരണ കരാറുകളോ തുടങ്ങാറില്ല. മകരവിളക്കിനുശേഷമുള്ള മാർച്ച് -ഏപ്രിൽ മാസങ്ങളിലാണിത് ആരംഭിക്കാറ്.
ലിറ്ററിന് 400 രൂപയിൽത്താഴെ നിരക്ക് ക്വാട്ടുചെയ്ത രണ്ട് സ്ഥാപനങ്ങളുടെ സാംപിളുകൾ ഭക്ഷ്യസുരക്ഷാ പരിശോധനയിൽ വിജയിച്ചിട്ടും വ്യക്തമായ കാരണം രേഖപ്പെടുത്താതെ ടെണ്ടർ റദ്ദാക്കി പിന്നീട് ലിറ്ററിന് 510 രൂപ നിരക്കിൽ മിൽമയ്ക്ക് കരാർ നൽകുകയായിരുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള കുങ്കുമരാജ് ഡയറീസ് എന്ന കമ്പനിയാണ് ഏറ്റവും കുറഞ്ഞ ക്വട്ടേഷൻ നൽകിയിരുന്നത്. എന്നാൽ ഇതിനെ ഒഴിവാക്കിയാണ് ടെണ്ടർ അപേക്ഷ പോലും നൽകാത്ത മിൽമയെ തിരഞ്ഞെടുത്തത്. 2.28 കോടി രൂപയുടെ നഷ്ടമാണ് കുങ്കുമരാജ് ഡയറീസിനെ ഒഴിവാക്കി കൂടിയ വിലയിൽ നെയ്യ് കൊടുത്ത മിൽമയെ തിരഞ്ഞെടുത്തതിലൂടെ ദേവസ്വം ബോർഡിനുണ്ടായത്.
മിൽമ ആണെങ്കിൽ കുറച്ച് നെയ്യ് ഉപയോഗിച്ച് കൂടുതൽ അരവണ നിർമിക്കാമെന്നായിരുന്നു മുരാരി ബാബു ഇതിനായി പറഞ്ഞ കാരണം. എന്നാൽ ഇതിൽ ശാസ്ത്രീയതയൊന്നും ഇല്ലെന്ന് ദേവസ്വം ബോർഡ് വിജിൻലൻസ് കണ്ടെത്തിയിട്ടുണ്ട്. ടെണ്ടറിൽ നിന്ന് പുറത്തായ കമ്പനികൾ പരാതികളായി രംഗത്ത് എത്താതിരിക്കുന്നതിലും ദുരൂഹതയുണ്ട്. ഇവർക്ക് പണം നൽകിയാണോ കരാറിൽ നിന്ന് പുറത്താക്കിയതെന്നതും പരിശോധിക്കുന്നുണ്ട്. ക്രമക്കേടിന് പിന്നിലെ ഗൂഢാലോചന വ്യക്തമാക്കാനായി കൂടുതൽ അന്വേഷണത്തിലാണ് ദേവസ്വം വിജിലൻസ്.
Content Highlights: FIR registered against PS Prashanth, Ajikumar, and Murari Babu for corruption in ghee procurement., Tender process bypassed to favor Milma at a higher cost of 510 INR per liter., Devaswom Board suffered a loss of 2.28 lakh INR due to rejection of lower-priced qualified bidders., State Vigilance investigation is ongoing to uncover the conspiracy.
Published: 08 Aug 2026, 10:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented