തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് പിന്നാലെ പുറത്തുവന്ന വലിയ തട്ടിപ്പായ നെയ്‌ക്കൊള്ളയിൽ നിർണായക വിവരങ്ങൾ വിജിലൻസ് അന്വേഷണ സംഘം കണ്ടെത്തി. ശബരിമലയിലേക്ക് കൊണ്ടുവന്ന 11,000 കിലോഗ്രാം മിൽമ നെയ്യ് മോഷ്ടിച്ച് തമിഴ്‌നാട്ടിലെ രണ്ട് കമ്പനികൾക്ക് വിറ്റ വകയിൽ കിട്ടിയ 50 ലക്ഷം രൂപയിൽ നിന്ന് 20 ലക്ഷം രൂപ ദേവസ്വം ജീവനക്കാർക്ക് പ്രതി വിഹിതമായി നൽകി. തട്ടിപ്പ് ആസൂത്രണം ചെയ്യുകയും നെയ്യ് മറിച്ചുവിൽക്കുകയും ചെയ്ത പ്രധാന പ്രതിയും ട്രാൻസ്‌പോർട്ട് കരാറുകാരനുമായ എസ്.എസ്. ബിനുവാണ് ഈ പണം ദേവസ്വം ജീവനക്കാർക്ക് പങ്കിട്ടു നൽകിയത്. വിജിലൻസ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) നടത്തിയ അന്വേഷണത്തിൽ തട്ടിപ്പിന് കൂട്ടുനിന്ന ജീവനക്കാർക്ക് ബിനു പണം നൽകിയതായി വ്യക്തമായിട്ടുണ്ട്. ഏതൊക്കെ ഉദ്യോഗസ്ഥർ പണം വാങ്ങിയെന്ന് വിജിലൻസ് ഊർജിതമായി അന്വേഷിക്കുകയാണ്.

To advertise here,

കേസുമായി ബന്ധപ്പെട്ട് നേരത്തേ അറസ്റ്റിലായ പ്രതി എസ്.എസ്. ബിനുവിന് പുറമേ ശബരിമലയിലെ നെയ്യ് സ്റ്റോർ കീപ്പറായ ജയലാലിനെയും വിജിലൻസ് സംഘം കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു. സന്നിധാനത്തേക്ക് കൊണ്ടുവന്ന മിൽമ നെയ്യ് വഴിതിരിച്ചുവിട്ട ശേഷം പകരം ഗുണനിലവാരമില്ലാത്ത മോശം നെയ്യ് എത്തിച്ചെന്നായിരുന്നു മുൻപ് പ്രചരിച്ചതെങ്കിലും അങ്ങനെ പുതിയ നെയ്യ് സന്നിധാനത്തേക്ക് കൊണ്ടുപോയില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. 11,000 കിലോ നെയ്യ് കടത്തിയ ശേഷം ഈ നെയ്യ് ശബരിമലയിൽ എത്തി എന്ന് കാണിക്കാൻ ഔദ്യോഗിക രേഖകളിൽ തിരിമറി നടത്തുകയാണ് ഇവർ ചെയ്തത്. ഇത്തരത്തിൽ രേഖകളിൽ കൃത്രിമത്വം കാട്ടിയതിനാണ് ജയലാലിനെ വിജിലൻസ് പിടികൂടിയത്. ജയലാലിനെ ചോദ്യം ചെയ്തതോടെ തട്ടിപ്പിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്ന് വ്യക്തമായിട്ടുള്ള സാഹചര്യത്തിൽ അടുത്ത പ്രതിയുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് വിജിലൻസ് നൽകുന്ന സൂചന.

അതേസമയം കേസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ (എഫ്‌ഐആർ) മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും ബോർഡ് അംഗം അജികുമാറും പ്രതികളായി ഉൾപ്പെട്ടിട്ടുണ്ടെങ്കിലും തട്ടിപ്പിൽ ഇവരുടെ പങ്കിന് ഇതുവരെ വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ല. ബിനുവിന്റെ മൊഴിയിൽ ഇവർ തട്ടിപ്പിന് കളമൊരുക്കിയതായി പറഞ്ഞിട്ടില്ലെങ്കിലും ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെങ്കിൽ ബോർഡിലെ മറ്റു ഭാരവാഹികൾക്കും ഇതിൽ ബന്ധമുണ്ടാകാമെന്ന നിഗമനത്തിൽ അന്വേഷണം മുകളിലേക്ക് വ്യാപിപ്പിക്കുകയാണ്. ഇതോടൊപ്പം മോഷ്ടിച്ച നെയ്യ് വാങ്ങിയ തമിഴ്‌നാട് സ്വദേശിയായ കമ്പനി ഉടമയെ കേസിൽ പ്രതിയാക്കുന്ന കാര്യവും വിജിലൻസ് പരിഗണിക്കുന്നുണ്ട്. ശബരിമലയിലെ മിൽമ നെയ്യാണെന്ന് അറിഞ്ഞുകൊണ്ടാണോ തമിഴ്‌നാട് സ്വദേശി നെയ്യ് വാങ്ങിയതെന്ന് പരിശോധിച്ച ശേഷമായിരിക്കും പ്രതി ചേർക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. നിലവിൽ അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണെന്നാണ് വിജിലൻസിൽ നിന്നുള്ള വിവരം.