
കൊച്ചി/കൊല്ലം: കേരളത്തിന്റെ വികസന ഭൂപടത്തിൽ ദശകങ്ങളായി ചർച്ച ചെയ്യപ്പെടുന്ന ശബരി റെയിൽ പദ്ധതിക്ക് പുതുജീവൻ ലഭിക്കുന്നു. പദ്ധതിയുടെ പകുതി ചെലവ് വഹിക്കാമെന്ന സംസ്ഥാന സർക്കാരിന്റെ നിർണ്ണായക പ്രഖ്യാപനം മധ്യകേരളത്തിലെയും മലയോര മേഖലയിലെയും ജനങ്ങളിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ദീർഘകാലത്തെ തർക്കം പരിഹരിക്കപ്പെട്ടതോടെ, 28 വർഷമായി മുടങ്ങിക്കിടക്കുന്ന പദ്ധതി യാഥാർത്ഥ്യത്തിലേക്ക് നീങ്ങുകയാണ്.
പദ്ധതിക്കായി ഭൂമി വിട്ടുനൽകിയ രണ്ടായിരത്തോളം കുടുംബങ്ങൾ കഴിഞ്ഞ 25 വർഷത്തിലേറെയായി വലിയ ദുരിതമാണ് അനുഭവിച്ചു വരുന്നത്. റെയിൽവേ ഇട്ട അതിർത്തിക്കല്ലുകൾ കാരണം ഭൂമി വിൽക്കാനോ പണയം വെക്കാനോ വീട് പണിയാനോ കഴിയാത്ത അവസ്ഥയിലാണ് ഇവർ. മക്കളുടെ വിവാഹ ആവശ്യങ്ങൾക്കോ വിദ്യാഭ്യാസത്തിനോ പണമില്ലാതെ ഈ കുടുംബങ്ങൾ വലയുകയാണ്. പുതിയ പ്രഖ്യാപനം വെറുമൊരു 'തിരഞ്ഞെടുപ്പ് സ്റ്റണ്ട്' ആയി മാറരുതെന്നും, പദ്ധതി നടന്നില്ലെങ്കിൽ കല്ലുകൾ പിഴുതുമാറ്റി തങ്ങളെ സ്വതന്ത്രമാക്കണമെന്നുമാണ് ഭൂമി നഷ്ടപ്പെട്ടവരുടെ ആവശ്യം.
ദീർഘകാലത്തെ കാലതാമസം കാരണം പദ്ധതി ചെലവിൽ 525 ശതമാനത്തിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 517 കോടി രൂപയിൽ തുടങ്ങിയ പദ്ധതിയുടെ നിർമ്മാണ ചെലവ് ഇപ്പോൾ 3347 കോടി രൂപയായി ഉയർന്നു. അങ്കമാലി മുതൽ കാലടി വരെ മുൻപ് ട്രാക്കുകൾ സ്ഥാപിച്ചിരുന്നെങ്കിലും അവ ഇപ്പോൾ നശിച്ചുകൊണ്ടിരിക്കുകയാണ്. കാലടി കടന്ന് പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ വഴി ഇടുക്കി ജില്ലയിലേക്കാണ് പാത പ്രവേശിക്കേണ്ടത്. ഈ പദ്ധതി യാഥാർത്ഥ്യമായാൽ അത് കേരളത്തിന്റെ മൂന്നാം റെയിൽവേ പാതയായി മാറും.
ശബരി പാത എരുമേലിയിൽ നിന്ന് പുനലൂർ വഴി തിരുവനന്തപുരം ബാലരാമപുരത്തേക്ക് നീട്ടുന്നതിനുള്ള സാധ്യതകളും ഇപ്പോൾ സജീവമാണ്. ഇതിന്റെ സാധ്യതാ പഠനത്തിന് അനുമതി ലഭിച്ചതോടെ പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഇതുവരെ റെയിൽവേ എത്താത്ത പ്രദേശങ്ങളും റെയിൽ ഭൂപടത്തിന്റെ ഭാഗമാകും. കോന്നി, പത്തനാപുരം, അഞ്ചൽ, കിളിമാനൂർ, കാട്ടാക്കട തുടങ്ങിയ സ്ഥലങ്ങളിലൂടെ പാത കടന്നുപോകുന്നത് തെക്കൻ കേരളത്തിന്റെ ഗതാഗത മുഖച്ഛായ തന്നെ മാറ്റും.
ഈ പാത യാഥാർത്ഥ്യമായാൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായുള്ള റെയിൽ കണക്ടിവിറ്റി സാധ്യമാകുമെന്നതാണ് മറ്റൊരു പ്രത്യേകത. ചരക്കുനീക്കം സുഗമമാക്കുന്നതിനും പരമ്പരാഗത പാതയിലെ തിരക്ക് കുറയ്ക്കാനും ഇത് സഹായിക്കും.
Content Highlights: Kerala govt`s decision to bear 50% cost of Sabari Rail project ends decades of uncertainty. Hopes rise for stalled project`s revival, benefiting remote regions. Learn more!
Published: 17 Feb 2026, 10:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented