തിരുവനന്തപുരം: പാർട്ടി നടപടിയെടുത്തയാളെ പേഴ്‌സണൽ സ്റ്റാഫാക്കാനുള്ള രമ്യാ ഹരിദാസ് എം.എൽ.എ.യുടെ നീക്കത്തിൽ കെ.പി.സി.സി. നേതൃത്വത്തിന് കടുത്ത അതൃപ്തി. തന്റെ ഓഫീസിനെ സംശയനിഴലിലാക്കാനുള്ള എം.എൽ.എ.യുടെ ശ്രമത്തിനെതിരേ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും രംഗത്തെത്തി.

To advertise here,

കെ.പി.സി.സി. മുൻ അംഗം പാളയം പ്രദീപിനെ മുൻകാലപ്രാബല്യത്തോടെ പേഴ്‌സണൽ സ്റ്റാഫാക്കണമെന്ന രമ്യയുടെ കത്തിനെക്കുറിച്ച് പരിശോധിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫും വ്യക്തമാക്കി.

ചിറയിൻകീഴ് കൈയാങ്കളിയുടെ പേരിൽ രമ്യാ ഹരിദാസിനും ജില്ലാ പഞ്ചായത്തംഗം സജിത് മുട്ടപ്പലത്തിനും എതിരേയുള്ള നടപടികൾ തത്‌കാലം മാറ്റിവെച്ചിരിക്കുകയാണ്. ഇതിനിടയിൽ വീണ്ടും പ്രശ്നം വഷളാക്കാനുള്ള നീക്കങ്ങൾ നടക്കുന്നതിനാൽ കർശനനടപടി വേണമെന്നും ഒരുവിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു.

രമ്യാ ഹരിദാസിനോട് നേരിട്ടെത്തി വിശദീകരണം നൽകാൻ സമിതി അധ്യക്ഷൻ എം.എം. ഹസൻ നിർദേശിച്ചിട്ടുണ്ട്. വിവാദങ്ങളിലേക്ക് സ്പീക്കറുടെ ഓഫീസിനെ വലിച്ചിഴയ്ക്കരുതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. മുൻകൂർപ്രാബല്യത്തോടെ സ്റ്റാഫിനെ നിയമിക്കാൻ സാധ്യമല്ലെന്നാണ് നിയമസഭാ അധികൃതരുടെ നിലപാട്.