കൊച്ചി: അങ്കമാലി-എരുമേലി ശബരി റെയിൽപദ്ധതിക്കു വേണ്ടി ഒരാഴ്ചയ്കകം പുതിയ സ്ഥലമെടുപ്പ് വിജ്ഞാപനം ഉണ്ടാകും. ഇതിന്റെ നടപടികൾ അന്തിമഘട്ടത്തിലാണ്. സെക്രട്ടേറിയറ്റിലെ റവന്യൂവകുപ്പിൽ ഇതിന്റെ നീക്കം പുനരാരംഭിച്ചിട്ടുണ്ട്. നിയമസഭാതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുൻപുതന്നെ ഇതിന്റെ വിജ്ഞാപനം വരും. 303.58 ഹെക്ടർ സ്ഥലമാണ് ഇനി ഏറ്റെടുക്കാനുള്ളത്. സ്ഥലമേറ്റെടുക്കുന്നതിന് ഭരണാനുമതി വൈകാതെ ലഭിക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ പ്രബല്യത്തിൽ വരുന്നതിനുമുന്നേ ഇത് പൂർത്തിയാക്കാനാണ് തീരുമാനം.

To advertise here,

പദ്ധതി സംബന്ധിച്ച വിശദാംശങ്ങളും മറ്റും എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ കളക്ടർമാർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

2013-ൽ തീരുമാനിച്ച അലൈൻമെന്റ് തന്നെയാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. കോട്ടയം കളക്ടറുമായി പദ്ധതി സംബന്ധിച്ച് റെയിൽവേ അധികൃതർ ചർച്ച ചെയ്തിരുന്നു. പഴയ ചില സർവേനമ്പറുകളാണ് രേഖകളിൽ ഉണ്ടായിരുന്നത്. അത് പുതിയ നമ്പറുകളാക്കും. വിജ്ഞാപനം വന്നശേഷം ബാക്കി നടപടികളിലേക്ക് കടക്കാമെന്നാണ് തീരുമാനം.

എറണാകുളം ജില്ലയിൽ 17 വില്ലേജുകളിലാണ് സ്ഥലം ഏറ്റെടുക്കേണ്ടത്. അങ്കമാലി മുതൽ രാമപുരം വരെയുള്ള ഭാഗത്താണ് പദ്ധതിക്കായി വർഷങ്ങൾക്കുമുൻപ് കല്ലിട്ടത്. അങ്കമാലി മുതൽ തൊടുപുഴവരെ സാമൂഹികാഘാത പഠനവും പൂർത്തിയായിരുന്നു. തുടർന്ന് എരുമേലിവരെ കെ.ആർ.ഡി.സി.എല്ലിന്റെ നേതൃത്വത്തിൽ ലിഡാർ സർവേ നടത്തിയിരുന്നു.

ഇടുക്കി ജില്ലയിലെ തൊടുപുഴ, കരിങ്കുന്നം, മണക്കാട് എന്നിവിടങ്ങളിലും രാമപുരത്തും സാമൂഹികാഘാതപഠനം നടത്താനുണ്ട്. അതിനുശേഷമാണ് സ്ഥലത്തിന്റെ വില നിശ്ചയിക്കുക. സ്ഥലമെടുപ്പ് ഓഫീസുകൾ വീണ്ടും തുറക്കുന്നതിന് നടപടികൾ പൂർത്തിയായി വരുകയാണ്.

പെരുമ്പാവൂർ, മൂവാറ്റുപുഴ, പാലാ എന്നിവിടങ്ങളിലാണ് ഓഫീസുകൾ തുറക്കുക. അംഗീകൃത അലൈൻമെന്റ് അനുസരിച്ച് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളെടുക്കാൻ റെയിൽവേയുടെ ചുമതലയുള്ള മന്ത്രി അബ്ദുറഹ്‌മാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു.

14 സ്റ്റേഷനുകളുള്ള ശബരി റെയിൽപ്പാതയ്ക്ക് 3810 കോടി രൂപയാണ് എസ്റ്റിമേറ്റ്.