
തൊടുപുഴ (ഇടുക്കി): പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് അവസാനം. അങ്കമാലി-ശബരി റെയിൽവേ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലായി റെയിൽവേ കടന്നുപോകുന്ന ഭാഗത്തെ ഭൂമി ഏറ്റെടുക്കുന്നതിനാണ് ട്രാൻസ്‌പോർട്ട് വകുപ്പ് ഉത്തരവിറക്കിയത്.
പദ്ധതി ചെലവ് പകുതി സംസ്ഥാനം വഹിക്കും
ആകെ 3,800.9 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ പകുതി തുകയായ 1,900 കോടി രൂപ സംസ്ഥാന സർക്കാർ വഹിക്കും. കിഫ്ബി വഴിയുള്ള സാമ്പത്തിക സഹായത്തോടെയായിരിക്കും ഈ തുക കണ്ടെത്തുക. ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവും ഇതിൽ ഉൾപ്പെടും. റെയിൽവേ മന്ത്രാലയത്തെ ഈ തീരുമാനം നേരത്തെ അറിയിച്ചിരുന്നു.
ഏറ്റെടുക്കുന്ന ഭൂമിയുടെ വിവരങ്ങൾ
മൂന്ന് ജില്ലകളിലായി ആകെ 305.71 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുക. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ജില്ലാ കളക്ടർമാർ സർക്കാരിന് സമർപ്പിച്ചിരുന്നു.
എറണാകുളം: ആലുവ, കുന്നത്തുനാട്, കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലായി 152.05 ഹെക്ടർ.
കോട്ടയം: മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലായി 119.89 ഹെക്ടർ.
ഇടുക്കി: തൊടുപുഴ താലൂക്കിൽ 33.77 ഹെക്ടർ.
നടപടികൾ വേഗത്തിലാക്കാൻ നിർദേശം
അംഗീകരിച്ച അലൈൻമെന്റ് പ്രകാരം ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ റവന്യൂ അധികൃതർക്ക് സർക്കാർ കർശന നിർദ്ദേശം നൽകി. നിയമപരമായ വിജ്ഞാപനങ്ങൾ എത്രയും വേഗം പ്രസിദ്ധീകരിച്ച് ഭൂമി കൈമാറാനാണ് ലക്ഷ്യമിടുന്നത്. അഡീഷണൽ സെക്രട്ടറി കെ.എസ് വിജയശ്രീയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രതീക്ഷയോടെ മധ്യകേരളം
ശബരി പാത യാഥാർഥ്യമാകുന്നതോടെ ശബരിമല തീർഥാടകർക്ക് മാത്രമല്ല, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ കിഴക്കൻ മേഖലയുടെ വികസനത്തിനും വലിയ കുതിച്ചുചാട്ടമുണ്ടാകും. ചരക്ക് നീക്കത്തിനും ടൂറിസം മേഖലയ്ക്കും ഈ റെയിൽവേ ലൈൻ പുതിയ വാതായനങ്ങൾ തുറക്കും. കിഴക്കൻ മേഖലയിലെ റെയിൽവേ ബന്ധമില്ലാത്ത പ്രധാന ടൗണുകൾ ഇതോടെ റെയിൽവേ മാപ്പിൽ ഇടംപിടിക്കും.
Content Highlights: Kerala government grants administrative sanction for land acquisition for sabari railway project, The total project cost is estimated at ₹3800.9 crore., The state government will bear 50% of the cost, funded through KIIFB., The project will boost development in Ernakulam, Kottayam, and Idukki districts.
Published: 04 Mar 2026, 05:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented