തിരുവനന്തപുരം: സി.പി.എമ്മിനുള്ളിൽ വിമർശനത്തിന്റെ കുന്തമുന പിണറായി വിജയനുനേരേ നീളുന്നതിനിടെയാണ്, അഴിമതിയാരോപണത്തിന്റെ തീകൂടി അദ്ദേഹത്തിന് ചുറ്റുംകോരിയിട്ടുള്ള ഇ.ഡി.യുടെ നീക്കം. 'ഈ കൈകൾ ശുദ്ധമാണ്' എന്ന് ആവർത്തിച്ച് പറഞ്ഞ പിണറായിക്ക് 3.28 കോടിയുടെ അഴിമതിപ്പണം കിട്ടിയെന്നാണ് ഇ.ഡി. റിപ്പോർട്ടിലെ ആരോപണം. 'കൈകൾ ശുദ്ധമാണെന്ന്' തെളിയിക്കേണ്ടത് ഇപ്പോൾ പിണറായിക്കും സി.പി.എമ്മിനുമുള്ള ബാധ്യത കൂടിയാണ്.

To advertise here,

ലാവ്ലിൻ കൂടാതെ മറ്റൊരുകേസ് പിണറായിക്കുമേൽ മുറുകുമെങ്കിലും സി.പി.എമ്മിന്റെ സാധാരണ രീതിവെച്ച് കേന്ദ്ര ഏജൻസികൾ വളഞ്ഞിട്ട് പിടിക്കാനൊരുങ്ങുന്ന നേതാവിനെ, പാർട്ടിക്കുള്ളിൽ വളഞ്ഞിട്ട് അക്രമിക്കുന്ന രീതി ഉണ്ടാകാനിടയില്ല. അതിനാൽ, കോഴിക്കോട്ട് നടക്കാനിരിക്കുന്ന വിശാല സംസ്ഥാനസമിതിയിൽ, തിരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ പിണറായിക്കുനേരേ കടുത്തവിമർശനങ്ങളുയരാനുള്ള സാധ്യത കുറയും. മറിച്ചായാൽ അത് പിണറായിക്കും പി.എ. മുഹമ്മദ് റിയാസിനും നേരിടേണ്ടിവരുന്ന രാഷ്ട്രീയ വെല്ലുവിളി കടുത്തതായിരിക്കും.

ആരോപണത്തിൽ പിണറായിയുടെ കൂടെയുള്ളത് മകൾ വീണ മാത്രമല്ല, സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻമന്ത്രിയുമായ മരുമകൻ മുഹമ്മദ് റിയാസ് കൂടിയാണ്. കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി. നിഖിൽ അടക്കമുള്ള ഒമ്പതുപേർ വേറേയുമുണ്ട്. നൽകാത്ത സേവനത്തിന് സി.എം.ആർ.എൽ-ൽ നിന്ന് വീണ പണം കൈപ്പറ്റിയെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ പുറത്തുവന്ന ഉടനെ അതിനെ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് പ്രതിരോധിച്ചിരുന്നു. വീണയ്ക്കുവേണ്ടി എന്തിന് പാർട്ടി ഇറങ്ങണമെന്നതായിരുന്നു ഈ ഘട്ടത്തിൽ ഉയർന്ന ചോദ്യം. വീണയുടെ കേസ് വീണ നേരിടുമെന്ന വാദം മുന്നോട്ടുവെച്ച് വലിയ പ്രതിരോധം തീർക്കാതെ സി.പി.എം. പിന്നീട് പിന്നാക്കം നിന്നു. ഇപ്പോൾ ശരിക്കും കേസ് സി.പി.എം. നേതാക്കൾക്കെതിരേയായി മാറിക്കഴിഞ്ഞു. അത്, അഴിമതിപ്പണം കൈപ്പറ്റുകയും അത് മറ്റു വ്യക്തികളിലൂടെ വിദേശത്തേക്ക് കടത്തി എന്നതടക്കമുള്ള ആരോപണവുമാണ്. അഴിമതിപ്പണമാണെങ്കിൽ മുഖ്യമന്ത്രിയായ പിണറായി വിജയൻ സി.എം.ആർ.എൽ-ന് എന്ത് പ്രത്യുപകാരം നൽകിയെന്ന് സി.പി.എമ്മിന് തിരിച്ചുചോദിക്കാം. അതിന് ഇ.ഡി.യും വ്യക്തത നൽകിയിട്ടില്ല. അതുമാത്രമാണ് ഇപ്പോൾ സി.പി.എമ്മിനുള്ള പിടിവള്ളിയും. ഇ.ഡി. റിപ്പോർട്ടിൽ സർക്കാർ എന്ത് നിലപാടെടുക്കും എന്നതും സി.പി.എം. കാത്തിരിക്കുകയാണ്. അതിനനുസരിച്ചാകും കേസിനെതിരേയുള്ള രാഷ്ട്രീയപ്രചാരണം സി.പി.എം. തീരുമാനിക്കുക. പൊതുജനങ്ങൾക്ക് സംശയമില്ലാത്ത വിധം വിഷയത്തിൽ വ്യക്തതവരുത്തേണ്ട ബാധ്യത പാർട്ടിക്കുമേലുണ്ടാക്കും.