
തൃശ്ശൂര്‍: ജീവിതത്തിലെ പ്രതിസന്ധികള്‍ മുന്നോട്ടുള്ള വഴിയാക്കണമെന്നാണ് സഹോദരന്‍ കലാഭവന്‍ മണി തന്നെ പഠിപ്പിച്ചതെന്ന് ആര്‍.എല്‍.വി. രാമകൃഷ്ണന്‍. കലാമണ്ഡലത്തില്‍ ഭരതനാട്യം വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി ചുമതലയേറ്റശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നമുക്കെല്ലാവര്‍ക്കും ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാവുമല്ലോ, പ്രതിസന്ധികള്‍ മുന്നോട്ടുള്ള വഴിയാക്കണമെന്നാണ് മണിച്ചേട്ടന്‍ എന്നെ പഠിപ്പിച്ചിട്ടുള്ളത്'. ഒരുപാട് പ്രതിസന്ധികള്‍ തരണംചെയ്ത് നാം മുന്നോട്ട് പോകുംതോറും കൂടുതല്‍ ശക്തിയും ആര്‍ജവവും ഉണ്ടാകും. പ്രതിസന്ധികളെ മുന്നോട്ടുള്ള ചവിട്ടുപടിയായാണ് കാണുന്നത്', രാമകൃഷ്ണന്‍ പറഞ്ഞു.
"എസ്.സി. വിഭാഗത്തിലാണ് ഇപ്പോള്‍ നിയമനം കിട്ടിയത്. മോഹിനിയാട്ടത്തിലൂടെയാണ് എന്നെ എല്ലാവര്‍ക്കും പേരെടുത്ത് അറിയുക. 2022-24 കാലയളവിലാണ് ഞാന്‍ എംഎ ഭരതനാട്യപഠനം പൂര്‍ത്തിയാക്കിയത്. അതിനുശേഷമാണ് കലാമണ്ഡലത്തിലേക്ക് ജോലിക്ക് അപേക്ഷ ക്ഷണിച്ചത്. വളരെ അധികം സന്തോഷമുണ്ട്. കലാമണ്ഡലത്തിന്റെ ആരംഭസമയത്ത് ചെന്നൈയില്‍നിന്നുള്ള എ.ആര്‍.ആര്‍. ഭാസ്‌കര്‍, രാജരത്നം മാസ്റ്റര്‍ എന്നിവരായിരുന്നു നൃത്താധ്യാപകരായി ഉണ്ടായിരുന്നത്. അവര്‍ക്കുശേഷം നൃത്തവിഭാഗത്തില്‍ അധ്യാപകനായി ജോലി ലഭിക്കുക എന്നുള്ളത് സൗഭാഗ്യമായി കണക്കാക്കുന്നു. എല്ലാം ഈശ്വരനിശ്ചയം. കേരള സര്‍ക്കാര്‍, സാംസ്‌കാരിക വകുപ്പ്, കലാമണ്ഡലത്തിലെ ഭരണസമിതി അംഗങ്ങള്‍, ഗുരുക്കന്മാര്‍ തുടങ്ങി എന്നോടൊപ്പം നിന്ന എല്ലാവര്‍ക്കും ഈ അവസരത്തില്‍ എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു", അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കലാമണ്ഡലത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ മലയാളി ഭരതനാട്യ അധ്യാപകനായാണ് ആര്‍.എല്‍.വി. രാമകൃഷ്ണന്‍ വ്യാഴാഴ്ച ജോലിയില്‍ പ്രവേശിച്ചത്.
Content Highlights: R.L.V. Ramakrishnan says about Kalabhavan mani
Published: 16 Jan 2025, 02:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented