വടക്കാഞ്ചേരി: കലാമണ്ഡലം കല്പിത സർവകലാശാലയുടെ ചാൻസലർ പദവിയിൽനിന്ന് നർത്തകി മല്ലിക സാരാഭായിയെ മാറ്റാനുള്ള നീക്കം സജീവം. സംസ്ഥാനത്തെ ഭരണമാറ്റത്തോടെ കലാമണ്ഡലത്തിലെ ഭരണാനുകൂല സംഘടന, മല്ലിക സാരാഭായിയെ ഒഴിവാക്കി ചാൻസലർ പദവിയിൽ മുഖ്യമന്ത്രിയെ നിയമിക്കണമെന്ന ആവശ്യവുമായി രംഗത്തുണ്ട്. മുഖ്യമന്ത്രിയെ ചാൻസലറാക്കിയാൽ സാമ്പത്തികച്ചെലവുണ്ടാകില്ലെന്നാണ് അവരുടെ അഭിപ്രായം. മല്ലിക സാരാഭായിയെ ഒഴിവാക്കണമെന്ന ആവശ്യവുമായി സാംസ്‌കാരികമന്ത്രിക്കടുത്തും സമ്മർദമുണ്ടെന്നറിയുന്നു.

To advertise here,

2022 ഡിസംബറിലാണ് മല്ലിക സാരാഭായിയെ ചാൻസലറായി സർക്കാർ നിയമിച്ചത്. ഒന്നേമുക്കാൽ ലക്ഷം രൂപ ഓണറേറിയവും 25,000 രൂപ ഓഫീസ് ചെലവും ഉൾപ്പെടെ ചാൻസലർക്കു മൂന്നരവർഷമായി ഓരോ മാസവും രണ്ടുലക്ഷം രൂപ നൽകുന്നുണ്ട്. “സാമ്പത്തികപ്രതിസന്ധി കാരണം കലാമണ്ഡലത്തിൽ അധ്യാപകരുൾപ്പെടെയുള്ള ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം നൽകാൻ കഴിയാത്ത അവസ്ഥയാണ്. പദ്ധതിഫണ്ടിൽനിന്നെടുത്താണ് ഇപ്പോൾ ശമ്പളം നൽകിവരുന്നത്.’’ -ഭരണാനുകൂല സംഘടന ചൂണ്ടിക്കാണിക്കുന്നു.

ചാൻസലർ പദവി അലങ്കാരതസ്തിക മാത്രമാണ്. അപൂർവമായി മാത്രം കലാമണ്ഡലത്തിൽ എത്തുന്ന ചാൻസലർക്ക് കലാമണ്ഡലത്തിൽ പ്രത്യേക ഓഫീസുപോലുമില്ല. വരുന്ന അവസരങ്ങളിൽ വിമാനടിക്കറ്റ്, നക്ഷത്രഹോട്ടലിലെ താമസസൗകര്യം, വാഹനം എന്നിവയൊരുക്കേണ്ട ചെലവും കലാമണ്ഡലത്തിനാണ്. യു.ജി.സി.യുടെ പുതിയ നിയമം വന്നതോടെ ഭരണസമിതിയിലേക്ക് അംഗങ്ങളെ നിർദേശിക്കാനുള്ള അധികാരവും ചാൻസലർക്ക് ഇല്ലാതെയായി.