ചെറുതുരുത്തി: കേരള കലാമണ്ഡലത്തിലെ താൽക്കാലിക അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകരും വിദ്യാർത്ഥികളും തമ്മിൽ രൂക്ഷമായ തർക്കവും പ്രതിഷേധവും. വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന വിവിധ വിഭാഗങ്ങളിലെ അഭിമുഖം തടയുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് രംഗത്തെത്തിയതോടെയാണ് ക്യാമ്പസിൽ സംഘർഷാവസ്ഥ ഉടലെടുത്തത്. സംഘർഷസാധ്യത നിലനിൽക്കുന്നതിനാൽ വൻ പോലീസ് സന്നാഹം സ്ഥലത്തെത്തി ഇരുവിഭാഗങ്ങളെയും നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ട്.

To advertise here,

സാംസ്കാരിക വകുപ്പിന്റെ അനുമതിയില്ലാതെയും സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് നിയമനം നടത്തുന്നതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. പുതിയ ഭരണസമിതി നിലവിൽ വരുന്നതിന് മുൻപായി സി.പി.എം അനുഭാവികളെ തിരുകിക്കയറ്റാനുള്ള നീക്കമാണ് വി.സിയുടെ നേതൃത്വത്തിൽ നടക്കുന്നതെന്നാണ് കോൺഗ്രസിന്റെ ആക്ഷേപം. വൈസ് ചാൻസലറുടെ ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകർ, ഇന്റർവ്യൂ നടത്താൻ അനുവദിക്കില്ലെന്ന് വെല്ലുവിളിച്ചു.

എന്നാൽ, കോൺഗ്രസ് പ്രതിഷേധത്തെ പ്രതിരോധിച്ചുകൊണ്ട് വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ രംഗത്തിറങ്ങി. പഠിപ്പിക്കാൻ അധ്യാപകരില്ലാത്തത് തങ്ങളുടെ അധ്യയനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും ഓഗസ്റ്റിൽ നടക്കേണ്ട അരങ്ങേറ്റവും പരീക്ഷകളും മുടങ്ങുന്ന സാഹചര്യമാണെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികളുടെ ആവശ്യപ്രകാരമാണ് അഭിമുഖം നടത്തുന്നതെന്നും പഠനകാര്യത്തിൽ രാഷ്ട്രീയം കലർത്തരുതെന്നും അവർ ആവശ്യപ്പെട്ടു.

അധ്യയനവർഷം ആരംഭിക്കുമ്പോൾ താത്കാലിക അധ്യാപകരെ നിയമിക്കുന്നത് എല്ലാ വർഷവും ചെയ്യുന്ന കാര്യമാണെന്ന് വൈസ് ചാൻസലർ ഡോ. ബി. അനന്തകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. അധ്യാപകരില്ലാത്തത് വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നുള്ള പ്രതിഷേധത്തിന് കാരണമാകുന്നുണ്ടെന്നും ഓഗസ്റ്റ് 15-ന് നടക്കേണ്ട അരങ്ങേറ്റം മുടങ്ങാതിരിക്കാൻ നിയമനം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.