
കൊച്ചി: മഴ, ചായ, ജോൺസൺ മാഷ്...അഹാ അന്തസ്സ്..! അതിലെ ചായയുടെ അന്തസ്സ് ഒഴിവാക്കിയാലോ എന്ന ആലോചനയിലാണ് മലയാളി. വിലക്കയറ്റത്തിൽ ചായയും കാപ്പിയും നന്നായി പൊള്ളിത്തുടങ്ങി. ജോലിക്ക് പോകുമ്പോഴുള്ള രണ്ടുനേരത്തെ ചായകുടി ഒഴിവാക്കിയാൽ മാസം 780 രൂപ ലാഭിക്കാം. ഒരുവർഷമാകുമ്പോൾ ആ ലാഭം പതിനായിരത്തിലെത്തും. ഒരു ചായകുടിച്ചാലോ എന്നതിൽ നിന്ന് ഒരു ചായ കുടിച്ചില്ലെങ്കിലോ എന്നതിലേക്കാണ് മലയാളിയുടെ ചിന്തയുടെ പോക്ക്...
യു.എസ്.-ഇറാൻ സംഘർഷം മലയാളിയുടെ ചായയിൽ വരെ 'പാറ്റയിട്ടു'. വാണിജ്യ പാചകവാതക സിലിൻഡറിന്റെ വില നാലുമാസംകൊണ്ട് ഇരട്ടിയോളമാണ് വർധിച്ചത്. ഇതോടെ ചായയ്ക്കും ഭക്ഷണവിഭവങ്ങൾക്കും സാധാരണ ചായക്കടക്കാരൻ മുതൽ വൻകിട ഹോട്ടലുകൾ വരെ വില കൂട്ടാൻ നിർബന്ധിതരായി. പരിപാടികൾക്ക് വളരെ മുൻകൂട്ടി ക്വട്ടേഷനുകൾ നൽകുന്ന കാറ്ററിങ് സർവീസുകാർ വരെ അതാതുസമയത്തെ പാചകവാതക വിലയ്ക്കനുസരിച്ച് മാറ്റം വരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നൽകിത്തുടങ്ങി.
സംസ്ഥാനത്ത് എട്ടുരൂപ മുതൽ 10 രൂപവരെയുണ്ടായിരുന്ന ചായയ്ക്ക് ഇപ്പോൾ 12 രൂപ മുതൽ 17 രൂപവരെ നൽകണം. മുന്തിയ ഹോട്ടലും ബേക്കറിയുമൊക്കെയാണെങ്കിൽ ഇത് 20-22 രൂപയാകും.
കാപ്പിയാണെങ്കിൽ 15 രൂപയിൽനിന്ന് 20 മുതൽ 30 രൂപവരെയുമായി. എറണാകുളത്ത് ചായയും നല്ല പലഹാരങ്ങളും എല്ലായിപ്പോഴും വിലക്കുറവിൽ നൽകുന്നയിടമാണ് കലൂർ സ്റ്റേഡിയം ലിങ്ക് റോഡിലെ മുരുകന്റെ തട്ടുകട. തൂത്തുക്കുടിയിൽനിന്ന് 35 വർഷം മുൻപെത്തിയ എ. മുരുകേശൻ അന്നുമുതൽ ഇന്നുവരെ ചായയിലാണ് ജീവിക്കുന്നത്.
''ഉച്ചയ്ക്ക് രണ്ടുമുതൽ ഏഴുവരെയാണ് കടതുറക്കുക. 120 ചായയൊക്കെ ചെലവാകും. 10 രൂപയ്ക്ക് നൽകിയിരുന്ന ചായ 12 ആക്കി, ഇപ്പോ 15രൂപയും. കാപ്പി 20 രൂപയും. ഒന്നരക്കുറ്റി ഗ്യാസ് വേണം ഒരുദിവസം, ആറ് ജോലിക്കാരുണ്ട്. വിലകൂട്ടാതെ വേറെ നിവൃത്തിയില്ല. വിലകൂട്ടി ബോർഡൊക്കെ വെച്ചപ്പോൾ വീണ്ടും ഗ്യാസിന് വിലകൂട്ടി...കമ്പനികൾ ഗ്യാസിന് വിലകൂട്ടുന്നതുപോല ചായക്കും കടിയ്ക്കുമൊക്കെ ഇടയ്ക്കിടെ വിലകൂട്ടാൻ പറ്റുമോ'' മുരുകൻ ചോദിക്കുന്നു
ജോലിക്കുപോകുന്ന മലയാളികളിൽ നല്ലൊരു പങ്കും രാവിലെയും വൈകീട്ടും പുറമേനിന്ന് ചായയും കാപ്പിയും കുടിക്കുന്നവരാണ്. ഇവരിൽ ചിലരെങ്കിലും ആ ശീലം ഉപേക്ഷിക്കാൻ തുടങ്ങിയിരിക്കുന്നു.
ശരാശരി 15 രൂപയാണ് ചായക്ക് എന്നതിനാൽ ചായകുടി ഒഴിവാക്കുമ്പോൾ ദിവസം 30 രൂപയെങ്കിലും ലാഭിക്കാൻ കഴിയും, ചായകുടിക്കുമ്പോൾ ഒരു പലഹാരമെങ്കിലും കഴിക്കുമെന്നതിനാൽ ഇതും ഒഴിവാകും.
ഞായറാഴ്ചകളിലൊഴികെയുള്ള ദിവസങ്ങളിലെ മാസലാഭം ചുരുങ്ങിയത് 780 രൂപ. ഒരുവർഷത്തേക്ക് കണക്കാക്കിയാൽ 9,360 രൂപയുടെ ലാഭം. പലഹാരത്തിന്റെ ചെലവുകൂടി കണക്കാക്കിയാൽ ലാഭം 10,000 കടക്കും.സമാനമായി 25 രൂപയുള്ള രണ്ടുനേരത്തെ കാപ്പി കൂടി ഒഴിവാക്കിയാൽ മാസലാഭം 1,300 രൂപ. ഒരുവർഷത്തേക്ക് ചുരുങ്ങിയത് 15,600 രൂപയുടെ ലാഭമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
Content Highlights: Commercial LPG price hikes are driving up beverage costs in Kerala., Tea prices have risen from ₹10 to ₹15-22, while coffee has reached ₹20-30., Small business owners like Murugan are struggling to maintain margins., Daily tea/coffee abstinence can result in annual savings of ₹9,360 to ₹15,600., Consumers are increasingly reconsidering their daily outdoor cafe habits.
Published: 03 Jun 2026, 07:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented