
കോഴിക്കോട്: സംസ്ഥാനത്ത് ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനും വർഗീയത, അരാഷ്ട്രീയത തുടങ്ങിയ വലതുപക്ഷ ആശയങ്ങൾക്ക് സ്വാധീനമുറപ്പിക്കാനും വലതുപക്ഷ ശക്തികളും വർഗീയവാദികളും ശ്രമിക്കുന്നുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഈ സാഹചര്യത്തെ മറികടന്ന് ഇടതുപക്ഷ രാഷ്ട്രീയത്തെ കൂടുതൽ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകാനാണ് കോഴിക്കോട്ട് സി.പി.എം. വിപുലീകൃത സംസ്ഥാന കമ്മിറ്റി വിളിച്ചുചേർത്തത്. പാർട്ടി പ്രവർത്തനം എങ്ങനെ സംഘടിപ്പിക്കണമെന്ന കാര്യത്തിൽ സംഘടനാപരമായ വിശദചർച്ചകൾ നടത്തുമെന്നും അദ്ദേഹം കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. മൂന്ന് സീറ്റുകൾ നേടിയത് പാർട്ടി ഗൗരവത്തോടെയാണ് കാണുന്നത്. ഭൂരിപക്ഷ വർഗീയതയ്ക്കും ന്യൂനപക്ഷ വർഗീയതയ്ക്കുമെതിരേ ശക്തമായ രാഷ്ട്രീയ-സംഘടനാ പ്രവർത്തനം നടത്താൻ സാധിക്കണം. മുസ്ലിംലീഗ് പ്രധാനമായും സമ്പന്നരുടെ താത്പര്യങ്ങൾ സംരക്ഷിക്കാ നാണ് ശ്രമിക്കുന്നത്. ന്യൂനപക്ഷങ്ങളെ പരിഗണിക്കുന്നി ല്ല. അധികാരം നിലനിർത്താൻ വർഗീയ ശക്തികളുമായിപ്പോലും കൈകോർക്കാൻ അവർ മടിക്കില്ല. പി.എം. ശ്രീ ഉൾപ്പെടെയുള്ള കേന്ദ്രസർക്കാരിന്റെ പല നയങ്ങളോടും മൃദുസമീപനമാണ് അവർക്ക്. ഇത്തരം തെറ്റായ രാഷ്ട്രീയ പ്രവണതകളെ പ്രതിരോധിക്കാൻ പാർട്ടി അണികൾ സജ്ജരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാർട്ടിക്കെതിരായ കടന്നാക്രമണത്തിന്റെ കുന്തമുന പാർട്ടി നേതൃത്വത്തിനെതിരെയാണ്. കമ്യൂണിസ്റ്റ് വിരുദ്ധതയാണ് അതിന്റെ അടിസ്ഥാനം. പാർട്ടിയിൽ ആവശ്യമായ തിരുത്തലുകൾ വരുത്താനാണ് ചർച്ചകൾ നടക്കുന്നത്. പുതുതായി കാര്യങ്ങൾ കണ്ടെത്താനല്ല ശ്രമിക്കുന്നത്. നിലവിലെ കണ്ടെത്തലുകളും വിവരങ്ങളും അടിസ്ഥാനമാക്കി വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടുപോവാനുള്ള പ്രായോഗിക പ്രവർത്തനങ്ങളാണ് തിരുത്തൽ പ്രക്രിയയിലൂടെ ഉദ്ദേശിക്കുന്നത്. പാർട്ടിയിലെ പ്രാദേശിക തലത്തിൽ ഉയരുന്ന പരാതികളിൽ സംസ്ഥാന കമ്മിറ്റി നേരിട്ട് താഴെത്തട്ടിലേക്കിറങ്ങി പ്രശ്‌നപരിഹാരം നടത്തും. നേതാക്കളുടെ പെരുമാറ്റം, പൊതുവായ പ്രവർത്തനരീതി, സംസാരം എന്നിവയിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്രഞ്ച് വിപ്ലവംമുതൽ സ്ത്രീ-പുരുഷ സമത്വത്തിനുവേണ്ടിയുള്ള പോരാട്ടത്തിനൊപ്പം തുടർന്നുപോവാൻ ആഗ്രഹിക്കുന്നവരാണ് കമ്യൂണിസ്റ്റുകാരെന്ന് കാന്തപുരത്തിന്റെ നിലപാട് സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മറുപടിനൽകി. സ്ത്രീപുരുഷ സമത്വം വേണ്ട എന്നു പറയുന്നവരോട് കമ്യൂണിസ്റ്റുകാർക്ക് വിധേയപ്പെടാനാവില്ല. ലീഗും ജമാഅത്തെ ഇസ്ലാമിയും മറ്റു സമുദായ സംഘടനകളുമെല്ലാം സ്ത്രീകളേയും കുട്ടികളേയും സംഘടിപ്പിക്കുന്നുണ്ട്. ഇതെല്ലാം സംഘടിപ്പിക്കുമ്പോൾതന്നെയാണ് അത്തരം മേഖലകളിലേക്ക് അവർ വരാൻപാടില്ല എന്നുപറയുന്നത്. അതുപറയാനുള്ള അവകാശം ഒരു മതസംവിധാനത്തിനുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Published: 13 Sept 2026, 04:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented