
കണ്ണൂർ: കിഫ്ബിയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശന് മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുഖ്യമന്ത്രി വസ്തുതാവിരുദ്ധമായ കാര്യമാണ് അവതരിപ്പിക്കുന്നതെന്നും ഭൂമിയേറ്റെടുക്കൽ നടപടി നിയമപ്രകാരമായിരുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.
കിഫ്ബിയിൽ വൻ ക്രമക്കേട് കണ്ടെത്തിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രി അറിയിച്ചത്. കൂടാതെ കണ്ണൂരിൽ ഭൂമിയേറ്റെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി സംശയം ഉന്നയിക്കുകയും ചെയ്തിരുന്നു. വിഷയത്തിലാണ് ഇപ്പോൾ പ്രതിപക്ഷ നേതാവിന്റെ മറുപടി.
പ്രതിപക്ഷ നേതാവ് പറഞ്ഞത്:
"മേശവലിപ്പിൽനിന്ന് കാശ് എടുത്ത് കൊടുത്തല്ല സ്ഥലമേറ്റെടുക്കുന്നത്. സ്ഥലമെടുക്കൽ നടപടിക്രമം എന്താണെന്ന് ജനങ്ങളും മാധ്യമപ്രവർത്തകരും പൊതുപ്രവർത്തകരും അറിയാത്തവരല്ല. ആരെങ്കിലും അതിനെ ചോദ്യം ചെയ്തോ? ഇത്രയും വസ്തുതാവിരുദ്ധമായ ഒരു കാര്യം അവതരിപ്പിക്കുമ്പോൾ 'എന്താണ് നിങ്ങൾ ഇങ്ങനെ പറയുന്നത്' എന്ന് ഏതെങ്കിലും ഒരു നിഷ്പക്ഷ മാധ്യമം നമ്മുടെ നാട്ടിൽ ചോദിച്ചോ? എന്തേ, മഷി ഇല്ലാത്തതുകൊണ്ടാണോ? അതാണ് നമ്മുടെ നാടിന്റെ പ്രത്യേകത. ഏത് രീതിയിലാണ് വലതുപക്ഷ ശക്തികൾ നീങ്ങുന്നത് എന്നാണ് കാണേണ്ടത്. ഇവിടെ സാധാരണഗതിയിൽ ഭൂമി ഏറ്റെടുക്കൽ നടപടി സർക്കാരാണ് എടുക്കുന്നത്. അതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുണ്ട്, അതുമായി ബന്ധപ്പെട്ട ചട്ടങ്ങളുമുണ്ട്.
അവർ (ഉടമകൾ) ആഗ്രഹിക്കുന്നതിനേക്കാൾ തുക കിട്ടും. അത് ചിലപ്പോൾ കണക്കൂട്ടിയാൽ ഇരട്ടിയിലധികം ഉണ്ടാകും. അത് ഭൂമി ഏറ്റെടുക്കൽ നടപടിക്രമങ്ങളുടെ പ്രത്യേകതയാണ്. രാജ്യം അംഗീകരിച്ച നിയമമാണ്. ആ നിയമപ്രകാരമാണ് ഭൂമി ഏറ്റെടുക്കുന്നത്. ആ വിലയിൽ കുറവുണ്ടായാൽ അവർക്ക് (ഉടമകൾക്ക്) കോടതിയിൽ ചോദ്യം ചെയ്ത് അർഹതപ്പെട്ടത് നേടിയെടുക്കാൻ കഴിയും. ഇതൊക്കെ അറിയാത്തവരാണോ ഇവർ?
നാട്ടിൽ നടപ്പാക്കാൻ ഉദ്ദേശിച്ച സയൻസ് പാർക്കുകൾ കേരളത്തിലാകെ നടപ്പാക്കാനാണ് വെച്ചത്. സ്ഥലം ഇവിടെ (കണ്ണൂർ) മാത്രമേ കിട്ടിയുള്ളൂ. കണ്ണൂരിൽ സ്ഥലമുണ്ടായി, അതുപയോഗിക്കാൻ കഴിയുന്നു. ഐ.ടി. പാർക്ക് എല്ലായിടങ്ങളിലും തീരുമാനിച്ചതാണ്. കണ്ണൂരിൽ അതിവേഗതയിൽ പ്രാവർത്തികമാക്കാൻ കഴിഞ്ഞു.
എന്താണ് കണ്ണൂർ എന്ന് കേൾക്കുമ്പോൾ വല്ലാത്ത വിഷമം ഉണ്ടാകാൻ കാരണമെന്താണ്? കേരളത്തിന്റെ ഭാഗമല്ലേ കണ്ണൂരും തിരുവനന്തപുരവും എറണാകുളവും കോഴിക്കോടും? ഏത് പ്രദേശമാണ് കേരളത്തിന്റെ ഭാഗമല്ലാത്തത്? വ്യവസായ പാർക്ക് വരുന്നു, പാലക്കാടാണ് ഏറ്റവും കൂടുതൽ സ്ഥലം കിട്ടാൻ സാധ്യതയുള്ളത്. അവിടെ വേഗത്തിൽ തന്നെ സ്ഥലമെടുത്തു. അതിനെ തെറ്റായി ചിത്രീകരിക്കേണ്ടതുണ്ടോ? ഒരു സർക്കാരിന് ചേരാത്ത രീതിയിൽ ഇത്തരം കാര്യങ്ങളെ അവതരിപ്പിക്കാൻ പാടുണ്ടോ?
ഇതാണ് നാം കാണേണ്ട കാര്യം. തെറ്റായ കാര്യങ്ങൾ അവതരിപ്പിക്കുകയാണ്, നാടിന്റെ വികസനം മുടക്കുകയാണ്. പ്രത്യേക പദ്ധതികൾ വരുമ്പോൾ ആ പ്രദേശത്ത് കുറച്ച് കൂടുതൽ പണം ചെലവഴിക്കേണ്ടിവരും.
നടപ്പാക്കിയ എല്ലാ കാര്യങ്ങളും നോക്കൂ, വിദ്യാഭ്യാസ രംഗത്ത് സ്കൂളുകൾ, ആരോഗ്യരംഗത്ത് ആശുപത്രികൾ... എല്ലാ ജില്ലകളിലും ഇല്ലേ? ആർക്കെങ്കിലും ചൂണ്ടിക്കാണിക്കാനുണ്ടോ? ഇന്നത്തെ പ്രതിപക്ഷ നേതാവിന്റെയോ മറ്റ് നേതാക്കളുടെയോ മണ്ഡലങ്ങളിലടക്കം ഇല്ലേ? ആരോടെങ്കിലും പക്ഷഭേദം കാണിച്ചിട്ടുണ്ടോ?
വളരെ മികവാർന്ന രീതിയിൽ നാടിന്റെ പശ്ചാത്തല സൗകര്യവികസനം ആരുടെയും കണ്ണഞ്ചിപ്പിക്കുന്ന രീതിയിൽ, കേരളത്തിന് അസാധ്യമാണെന്ന് പലരും കരുതിയിരുന്ന ആ മേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞത് കിഫ്ബിയുടെ ഇടപെടലിലൂടെ കൂടിയാണ്. അതിനെയാണ് തെറ്റായി ചിത്രീകരിക്കുന്നത്" - പിണറായി വിജയൻ പറഞ്ഞു.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് വിപണി മൂല്യത്തെക്കാൾ അഞ്ചിരട്ടിവരെ വിലയ്ക്ക് ഭൂമി വാങ്ങിക്കൂട്ടിയതുൾപ്പെടെയുള്ള കാര്യങ്ങൾ യുഡിഎഫ് സർക്കാർ നിയോഗിച്ച വിദഗ്ദ സമിതി കണ്ടെത്തിയിരുന്നു. കണ്ണൂരിലും പാലക്കാട്ടുമായി 5366 ഏക്കർ ഭൂമിയാണ് എൽഡിഎഫ് സർക്കാർ ഏറ്റെടുത്തത്. ഇതിനായി 12,727 കോടി രൂപയാണ് ചെലവിട്ടത്.
ഏറ്റെടുത്ത ഭൂമിയിൽ അഞ്ചു വർഷമായിട്ടും പദ്ധതികളൊന്നും കാര്യമായി തുടങ്ങിയിട്ടില്ല. ഭൂമി ഏറ്റെടുത്ത കിൻഫ്ര തന്നെ വിപണിവിലയെക്കാൾ കൂടിയ നിരക്കാണ് നൽകിയതെന്ന് സ്ഥിരീകരിച്ച വിവരം കിഫ്ബിയെക്കുറിച്ച് പഠിച്ച സുധാപിള്ള കമ്മിറ്റിയും ചൂണ്ടിക്കാട്ടുന്നുണ്ട്. കണ്ണൂരിലാണ് കൂടുതലും ഭൂമി ഏറ്റെടുത്തത്. കിൻഫ്ര വഴി ആയിരം ഏക്കർ 2409 കോടി രൂപയ്ക്കാണ് വാങ്ങിയത്. കൂടാതെ 3829 ഏക്കർ ഭൂമി 9572 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ വിജ്ഞാപനവും ഇറക്കിയിരുന്നു.
Content Highlights: CM Pinarayi Vijayan refuted VD Satheesan's allegations regarding irregularities in KIIFB., Land acquisition in Kannur followed standard legal procedures and country-approved laws., Pinarayi criticized the opposition for attempting to stall the state's infrastructure and industrial development., KIIFB has played a crucial role in bringing unprecedented infrastructural development across all districts in Kerala.
Published: 18 Oct 2026, 11:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented