തിരുവനന്തപുരം: മുൻ ധനമന്ത്രി കെ. എൻ. ബാലഗോപാലിന്റെ മുന്നറിയിപ്പ് വകവെക്കാതെ കിഫ്ബിക്ക് 18,450 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരന്റി അനുവദിച്ചതായി വിദഗ്ധ സമിതി റിപ്പോർട്ട്. കിഫ്ബിയുടെ അധിക കടമെടുപ്പും ഗ്യാരണ്ടിയും ഒഴിവാക്കണമെന്ന് 2023-ൽ കെ. എൻ. ബാലഗോപാൽ കത്തു നൽകിയിരുന്നെങ്കിലും ഇത് മറികടന്നാണ് സർക്കാർ ഉത്തരവിറക്കിയത്.

To advertise here,

അധിക കടമെടുപ്പും ഗ്യാരന്റി നൽകുന്നതും സംസ്ഥാന സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങളെയും ധനലഭ്യതയെയും ബാധിക്കുമെന്നും തർക്കങ്ങളിലെ കോടതി വ്യവഹാരം അനുകൂലമായാൽ മാത്രമേ ഇതിലേക്ക് കടക്കാവൂ എന്നും 2023 ഒക്ടോബർ 20-ന് അന്നത്തെ കിഫ്ബി ചെയർമാനും മുഖ്യമന്ത്രിയുമായ പിണറായി വിജയന് നൽകിയ കുറിപ്പിൽ കെ. എൻ. ബാലഗോപാൽ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ, ധനമന്ത്രിയുടെ ഈ മുന്നറിയിപ്പ് മറികടന്ന് 2025 മാർച്ച് 24-നാണ് കിഫ്ബി സി.ഇ.ഒ-യും എക്സ്-ഓഫീഷ്യോ സെക്രട്ടറിയുമായ കെ. എം. അബ്രഹാം അധിക ഗ്യാരന്റി അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.

സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപ്പാദനത്തിന്റെ 0.6 ശതമാനവും 0.3 ശതമാനവും വീതം ഗ്യാരന്റിയായി നൽകാനാണ് ഈ ഉത്തരവിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇതുപ്രകാരം 2023-24 സാമ്പത്തിക വർഷത്തിൽ 6,750 കോടി രൂപയും, 2024-25-ൽ 7,500 കോടി രൂപയും, 2025-26-ൽ 4,200 കോടി രൂപയും ഉൾപ്പെടെ ആകെ 18,450 കോടി രൂപയുടെ അധിക ഗ്യാരന്റി മൂന്ന് വർഷങ്ങളിലായി കിഫ്ബിക്ക് അനുവദിച്ചു.

കിഫ്ബിയുടെ ബജറ്റിന് പുറത്തുള്ള കടമെടുപ്പ് കാരണം സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്ര സർക്കാർ വെട്ടിക്കുറയ്ക്കുകയും 25,000 കോടിയിലധികം രൂപയുടെ കടമെടുപ്പ് സാധ്യത ഇല്ലാതാവുകയും ചെയ്തതായി വിദഗ്ധ സമിതി റിപ്പോർട്ടിൽ പറയുന്നു.