കൊച്ചി: മദ്യപിച്ച് വാഹനം ഓടിച്ചുണ്ടാകുന്ന അപകടം ഒഴിവാക്കാൻ മദ്യം വിൽക്കുന്ന ബാറുകളിൽനിന്നടക്കം നഷ്ടപരിഹാരം ഈടാക്കാൻകഴിയുന്ന വിദേശ മാതൃകയിലുള്ള നിയമം വേണമെന്ന് നിയമവിദഗ്ധർ. അമേരിക്കയിൽ ഉള്ളതുപോലെ വാണിജ്യ ആതിഥേയ ബാധ്യത നിയമം, സാമൂഹിക ആതിഥേയ ബാധ്യത നിയമം തുടങ്ങിയവ വേണമെന്നാണ് നിർദേശം.

To advertise here,

മദ്യപിച്ചുണ്ടാകുന്ന അപകടങ്ങളിൽ മദ്യം നൽകുന്നവരെയും ഉത്തരവാദികളാക്കുന്ന നിയമം സംസ്ഥാനത്ത് നിലവിലില്ല. മദ്യപിച്ച് ലക്കുക്കെട്ട 19 വയസ്സുകാരൻ ഓടിച്ച കാറിടിച്ച് നെടുമ്പാശ്ശേരിയിൽ മൂന്നുപേർ മരിച്ച സാഹചര്യത്തിലാണ് അമേരിക്കൻ മാതൃകയിലുള്ള നിയമങ്ങൾ പ്രസക്തമാകുന്നത്.

സാമൂഹികബാധ്യത ആതിഥേയ നിയമം ഉണ്ടെങ്കിൽ പാർട്ടികൾ നടത്തി മദ്യം നൽകുന്നവരും മദ്യപിച്ചുണ്ടാകുന്ന അപകടങ്ങളിൽ നഷ്ടപരിഹാരം നൽകേണ്ടിവരും. ‘ഡ്രാം ഷോപ്പ് ലോ’ എന്നാണ് ഇത്തരം നിയമം വിദേശത്ത് അറിയപ്പെടുന്നത്. മദ്യത്തിന്റെ ചെറിയ അളവിനെയാണ് ‘ഡ്രാം’ എന്ന് വിശേഷിപ്പിക്കുന്നത്. പ്രായപൂർത്തിയാകാത്തവർക്ക് മദ്യം നൽകുന്നതടക്കം ഇത്തരം നിയമത്തിൽ കുറ്റകരമാണ്.

സാക്ഷിമൊഴികളും വീഡിയോ ദൃശ്യങ്ങളും മദ്യം വിറ്റതിന്റെ ബില്ലുകളും പോലീസ് മെഡിക്കൽ റിപ്പോർട്ടുകളുമൊക്കെ തെളിവായി കണക്കാക്കിയാണ് കേസുകളിൽ ബാധ്യത നിർണയിക്കുക.

വാണിജ്യ ആതിഥേയ ബാധ്യത നിയമം

* മദ്യപിച്ച് ലക്കുകെട്ടെത്തുന്നവർക്ക് മദ്യം നൽകാതിരിക്കുക ബാർ നടത്തിപ്പുകാരുടെ ബാധ്യതയാകും

* മദ്യപിച്ച് പുറത്തിറങ്ങുന്നയാൾ വാഹനം സ്വയം ഓടിക്കുകയല്ലെന്ന് ബാർ നടത്തിപ്പുകാർ ഉറപ്പാക്കണം

* മദ്യപിച്ചിറങ്ങിയ ആൾ ഓടിച്ച വാഹനം ഇടിച്ച് അപകടം ഉണ്ടായാൽ ഡ്രൈവർക്കെതിരേയും മദ്യം നൽകിയ ബാറിനെതിരേയും നഷ്ടപരിഹാരത്തിനായി നിയമനടപടി സ്വീകരിക്കാം.

നിലവിലെ നിയമം

* കേരള അബ്കാരി ആക്ട് വകുപ്പ് 15ബി-രണ്ടുവർഷംവരെ തടവും 5000 രൂപ പിഴയും

* വകുപ്പ് 56(ബി) ലൈസൻസ് നിബന്ധനകളുടെ ലംഘനം-ആറുമാസം തടവും 25,000 രൂപ പിഴയും

* 18 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം നൽകിയാൽ ബാലനീതി നിയമത്തിലെ വകുപ്പ് 77 പ്രകാരം ഏഴുവർഷംവരെ കഠിനതടവ്.

* ബാർ ലൈസൻസും റദ്ദാക്കാം

* മദ്യപിച്ച് വാഹനാപകടം ഉണ്ടാക്കുന്ന സാഹചര്യത്തിൽ ബാറുകൾക്ക് ക്രിമിനൽ ബാധ്യതയില്ല.

മദ്യപിച്ച് വാഹനം ഓടിച്ചുണ്ടായ അപകടം

വർഷം, അപകടം, പരിക്ക്, മരണം

2025-180-103-23

2024-149-51-17

2023-221-93-25

2022-166-81-33

2021-77-34-16

രാജ്യത്തിന് മാതൃകയാകാം

ഇത്തരമൊരു നിയമം അനിവാര്യമാണ്. നിയമനിർമാണം നടത്തിയാൽ കേരളത്തിന് രാജ്യത്തിനുതന്നെ മാതൃകയായിമാറാം. -അഡ്വ. രഞ്ജിത് ബി. മാരാർ (സുപ്രീംകോടതി/ഹൈക്കോടതി അഭിഭാഷകൻ)