
തിരുവനന്തപുരം: കിഫ്ബി പ്രവർത്തനം വഴിമുട്ടിയതോടെ, കേന്ദ്രവിഹിതം അനുവദിക്കുന്നതിലെ വിവേചനം ചൂണ്ടിക്കാട്ടി എൽ.ഡി.എഫ്. സർക്കാർ സുപ്രീംകോടതിയിൽ നൽകിയ കേസിലും അനിശ്ചിതത്വം. കിഫ്ബി ബജറ്റിനുപുറത്ത് വായ്പയെടുത്തതിന്റെ പേരിൽ കേന്ദ്രവായ്പ വെട്ടിക്കുറച്ചതാണ് കോടതിയിൽ ചോദ്യംചെയ്തിരുന്നത്. എന്നാൽ, കിഫ്ബി വായ്പകൾ സർക്കാർ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്ന യു.ഡി.എഫ്. സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ കണ്ടെത്തൽ കേസിനെ ദുർബലമാക്കിയേക്കും. സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് പരിഗണിക്കുന്ന കേസിൽ സംസ്ഥാനസർക്കാർ സ്വീകരിക്കുന്ന നിലപാടും നിർണായകമാവും.
കിഫ്ബി ഓഫ് ബജറ്റ് വായ്പയെടുത്തതിന്റെ മുൻകാലപ്രാബല്യവും കണക്കാക്കി 2021-22ൽ 14,000 കോടി രൂപ കേന്ദ്രസർക്കാർ സംസ്ഥാനത്തിനു നൽകേണ്ട കടത്തിൽനിന്ന് വെട്ടിക്കുറച്ചിരുന്നു. ഓഫ് ബജറ്റ് വായ്പ ശരിയല്ലെന്ന് സി.എ.ജി. കുറ്റപ്പെടുത്തിയ പശ്ചാത്തലത്തിലായിരുന്നു നടപടി. എൽ.ഡി.എഫ്. സർക്കാർ ഇതിൽ നിരന്തരം പ്രതിഷേധമുയർത്തി. ധനപ്രതിസന്ധി രൂക്ഷമായപ്പോൾ 2024-ൽ സുപ്രീംകോടതിയെ സമീപിച്ചു.
തുടർന്ന്, 13,000 കോടി രൂപ അനുവദിക്കാൻ കേന്ദ്രസർക്കാർ തയ്യാറായി. കേരളത്തിന്റെ കേസിൽ കേന്ദ്രസർക്കാർ ഫെഡറൽ തത്ത്വം ലംഘിച്ചെന്ന പ്രശ്നവും ചൂണ്ടിക്കാണിച്ചതോടെ, ഹർജി പിന്നീട് സുപ്രീംകോടതി ഭരണഘടനാബെഞ്ചിനു വിട്ടു. കിഫ്ബിയുടെ ഓഫ് ബജറ്റ് വായ്പ വി.ഡി. സതീശൻ പ്രതിപക്ഷനേതാവായിരിക്കേ, പലവട്ടം നിയമസഭയിൽ ചോദ്യംചെയ്തിരുന്നു. യു.ഡി.എഫ്. സർക്കാർ നിയോഗിച്ച സമിതി ഈ വായ്പവഴി 25,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തിയത്.
കിഫ്ബി ഓഫ് ബജറ്റ് വായ്പ
- എൽ.ഡി.എഫ്. വാദം : വായ്പയെടുക്കുന്നതും തിരിച്ചടയ്ക്കുന്നതും കിഫ്ബി. സർക്കാരിന്റെ ഗാരന്റി മാത്രമേയുള്ളൂ. അതിനാൽ, സർക്കാർവായ്പയല്ല. മറ്റു സംസ്ഥാനങ്ങളും സമാനമായി വായ്പയെടുത്തിട്ടുണ്ട്.
- സി.എ.ജി. വാദം : ഭരണഘടനയുടെ 293-ാം അനുച്ഛേദം മറികടന്നാണ് കിഫ്ബി വായ്പ. നിയമസഭയുടെ പരിശോധനയില്ല. മോട്ടോർവാഹന നികുതിയിൽ പകുതിയും പെട്രോൾ സെസും കിഫ്ബിക്കു കൈമാറുന്നു. ഈ പണം ബജറ്റ് വഴി പോകുന്നതിനാൽ ഓഫ് ബജറ്റ് വായ്പയായി കരുതാനാവില്ല.
Published: 18 Oct 2026, 06:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented