തിരുവനന്തപുരം: കിഫ്ബി ഫണ്ട് ഉപയോഗിച്ച് വിപണി മൂല്യത്തെക്കാൾ അഞ്ചിരട്ടിവരെ വിലയ്ക്ക് ഭൂമി വാങ്ങിക്കൂട്ടിയതുൾപ്പെടെയുള്ള കാര്യങ്ങളിൽ വിജിലൻസ് അന്വേഷണം പരിഗണിക്കുന്നു. സി.പി.എമ്മിന് ഏറെ രാഷ്ട്രീയാടിത്തറയുള്ള കണ്ണൂരിലും പാലക്കാട്ടുമായി 5366 ഏക്കർ ഭൂമിയാണ് മുൻ സർക്കാർ ഏറ്റെടുത്തത്. ഇതിനായി 12,727 കോടി രൂപ ചെലവിട്ടു.
ഏറ്റെടുത്ത ഭൂമിയിൽ അഞ്ചു വർഷമായിട്ടും പദ്ധതികളൊന്നും കാര്യമായി തുടങ്ങിയിട്ടില്ല. ഭൂമി ഏറ്റെടുത്ത കിൻഫ്ര തന്നെ വിപണിവിലയെക്കാൾ കൂടിയ നിരക്കാണ് നൽകിയതെന്ന് സ്ഥിരീകരിച്ച വിവരം കിഫ്ബിയെക്കുറിച്ച് പഠിച്ച സുധാപിള്ള കമ്മിറ്റിയും ചൂണ്ടിക്കാട്ടി. അടുത്ത മന്ത്രിസഭാ യോഗത്തിൽ അന്വേഷണം എങ്ങനെ വേണമെന്നതിൽ തീരുമാനമുണ്ടാകും.
സർക്കാർപണത്തിന്റെ ദുരുപയോഗമുള്ളതിനാൽ അഴിമതിയും വഞ്ചനയും അടക്കമുള്ള കുറ്റം നിലനിൽക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണത്തിനാണ് സാധ്യത.
കൂടുതലും കണ്ണൂരിൽ
കണ്ണൂരിലാണ് കൂടുതലും ഭൂമി ഏറ്റെടുത്തത്. കിൻഫ്ര വഴി ആയിരം ഏക്കർ 2409 കോടി രൂപയ്ക്കാണ് വാങ്ങിയത്. കൂടാതെ 3829 ഏക്കർ ഭൂമി 9572 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ വിജ്ഞാപനവും ഇറക്കിയിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിന് ഇടനിലക്കാരുണ്ടായിരുന്നുവെന്നും കമ്മിഷൻ മറിഞ്ഞിട്ടുണ്ടെന്നുമുള്ള സൂചനയും സർക്കാരിന് ലഭിച്ചിട്ടുണ്ട്. ഭരണവുമായി ബന്ധമുണ്ടായിരുന്ന ചിലരുടെ ബന്ധുക്കളെ കേന്ദ്രീകരിച്ചായിരുന്നു കൂടുതലും ഇടപാടുകൾ. ആദ്യം ഭൂമി ചെറിയ നിരക്കിൽ വാങ്ങിയശേഷം കൂടിയ വിലയ്ക്ക് സർക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കുകയായിരുന്നുവെന്നവിവരങ്ങളും പുറത്തുവരുന്നുണ്ട്. കിഫ്ബിയിൽ 40 തസ്തികകളാണ് അനുവദിച്ചതെങ്കിലും 498 പേരെ നിയമിച്ചതും സർക്കാർ അനുമതിയില്ലാതെ ശമ്പളം കൂട്ടി നൽകിയതും അന്വേഷിച്ചേക്കും. അധികമായി നിയമിച്ച മുഴുവൻ പേരെയും ഒഴിവാക്കും. ഭൂമി വാങ്ങിയതടക്കമുള്ള നടപടികളെല്ലാം കിഫ്ബി സി.ഇ.ഒ.യുടെ നേരിട്ടുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടന്നത്. അതിനാൽത്തന്നെ കിഫ്ബിയുടെ തലപ്പത്തേക്കും അന്വേഷണം നീണ്ടേക്കും.
കണ്ണൂരിലെ 3829 ഏക്കർ ഏറ്റെടുക്കലിൽ പ്രതിസന്ധി
ഇരിട്ടി(കണ്ണൂർ): കിഫ്ബി ഫണ്ട് ഉപയോഗിച്ച് കണ്ണൂർ ജില്ലയിൽ കിൻഫ്ര മുഖാന്തരം ഏറ്റെടുക്കാൻ വിജ്ഞാപനം ചെയ്ത 3829 ഏക്കർ ഭൂമി സംബന്ധിച്ച് അനിശ്ചിതത്വം. കണ്ണൂരിലെ റിയൽ എസ്റ്റേറ്റ് ബന്ധവും ബിനാമി ഇടപെടലും ഇതിനൊപ്പം ചർച്ചയാകുന്നുണ്ട്. കണ്ണൂർ വിമാനത്തവള വികസനവുമായി ബന്ധപ്പെട്ട് കണ്ണൂരിനെ വ്യവസായ ഹബ് ആക്കാനുള്ള നയത്തിന്റെ ഭാഗമായിരുന്നു ഭൂമി ഏറ്റെടുക്കൽ. ചെറുവാഞ്ചേരി, മൊകേരി, പടിയൂർ, കല്യാട്, കൂടാളി, കീഴല്ലൂർ, പട്ടാന്നൂർ, കോളാരി, ചാവശ്ശേരി വില്ലേജുകളിലായാണ് 3829 ഏക്കർ വ്യവസായ പാർക്കിനായി ഏറ്റെടുക്കാൻ ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ കാലത്ത് വിജ്ഞാപനം ഇറക്കിയത്. ഇതിൽ ഒരുതുണ്ട് ഭൂമിപോലും ഏറ്റെടുത്തിട്ടില്ല.
കണ്ണൂരിൽ ഉൾപ്പെടെ കിഫ്ബി നടത്തിയ ഭൂമി ഏറ്റെടുക്കലിൽ വലിയ ക്രമക്കേടുണ്ടെന്ന സുധാപിള്ള കമ്മിറ്റിയുടെ കണ്ടെത്തലിന്റെ വെളിച്ചത്തിൽ ഇതിൽ പുനർവിചിന്തനമുണ്ടാകുമേ എന്ന ആശങ്കയിലാണ് ഭൂ ഉടമകൾ. എന്നാൽ നിലവിൽ ഏറ്റെടുക്കേണ്ടെന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് കിൻഫ്ര അധികൃതർ പറയുന്നത്. ഏറ്റെടുക്കലിന്റെ മുൻഗണന നിർണയിക്കാനായി വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതി മേഖലയിലെത്തി ഭൂമിയുടെ ഘടനയും വ്യവസായ പാർക്കിന് അനുയോജ്യമാണോയെന്നും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടിയെന്നാണ് അവർ പറയുന്നത്.
Content Highlights: Vigilance probe considered into KIIFB land purchases at exorbitant rates, 5,366 acres acquired in Kannur and Palakkad spending Rs 12,727 crores, Sudha Pillai committee flagged inflated pricing and lack of projects, Allegations of middlemen and political relatives involvement in land deals, Illegal appointments and salary hikes in KIIFB also under scanner
Published: 17 Oct 2026, 09:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented