തിരുവനന്തപുരം: എക്‌സാലോജിക്-സിഎംആർഎൽ സാമ്പത്തിക ഇടപാട് കേസിൽ ശശിധരൻ കർത്ത എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) നൽകിയ മൊഴി മാധ്യമസൃഷ്ടിയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. എക്‌സാലോജിക് കേസ് തന്നിലേക്ക് എത്തിക്കാനാകുമോ എന്നാണ് പലരും നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എകെജി സെന്ററിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പിണറായി വിജയൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

To advertise here,

'ആരാ ശ്രീമതിടീച്ചറുടെ വാർത്ത കൊടുത്തത്? മാധ്യമങ്ങളിൽ വന്നതുകൊണ്ട് എല്ലാം ശരിയാകുമോ? അതൊക്കെ നിങ്ങളുടെ സൃഷ്ടിയല്ലേ. നിങ്ങൾക്ക് എന്തെല്ലാം സൃഷ്ടിക്കാം. എത്രകാലമായി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ സൃഷ്ടിക്കുന്നതിന് വല്ല ഫലവുമുണ്ടാക്കാൻ കഴിഞ്ഞോ? ഇനി ഇതും കുറച്ചുനാള് നോക്ക്, എന്താണ് ചെയ്യാൻ പറ്റുകയെന്ന്. ഇങ്ങനെ സൃഷ്ടിച്ച് എന്തെങ്കിലും കിട്ടുമോ എന്ന് നല്ല ശ്രമം നടത്തിനോക്ക്. ഞാനിപ്പൊ നിങ്ങളുടെ മുമ്പിൽ മറ്റൊന്നും പറയാൻ നിൽക്കുന്നില്ല', പിണറായി വിജയൻ പറഞ്ഞു.

എക്‌സാലോജിക്ക് അല്ലാതെ ലേക്കർ ഇന്ത്യാ കോർപ്പറേഷൻ എന്നൊരു കമ്പനി വീണയ്ക്ക് ഉണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി 'കമലാ ഇന്റർനാഷണൽ വിട്ടോ?' എന്ന മറുചോദ്യമാണ് പ്രതിപക്ഷനേതാവ് തിരിച്ച് മാധ്യമപ്രവർത്തകരോട് ചോദിച്ചത്.

പിണറായി വിജയനുമായുള്ള വ്യക്തിപരമായ അടുപ്പത്തിന്റെ പേരിലാണ് അദ്ദേഹത്തിന്റെ മകൾ വീണയ്ക്കും എക്‌സാലോജിക്കിനും പണം നൽകിയതെന്നാണ് ശശിധരൻ കർത്ത ഇ.ഡിക്ക് നൽകിയ മൊഴി. വീണയോ എക്‌സാലോജിക്കോ സിഎംആർഎല്ലിന് സേവനങ്ങളൊന്നും നൽകിയിട്ടില്ലെന്നും കർത്ത ഇ.ഡിയോട് പറഞ്ഞിരുന്നു. 2024 ഏപ്രിൽ 17-ന് ഇ.ഡി. രേഖപ്പെടുത്തിയ മൊഴിയാണ് ഇപ്പോൾ പുറത്തുവന്നത്. 

എക്‌സാലോജിക്കിന് പുറമെ പിണറായി ടി. വീണയ്ക്ക് മറ്റൊരു കമ്പനി കൂടിയുണ്ടെന്ന വിവരവും ഇതിനൊപ്പം പുറത്തുവന്നിരുന്നു. 'ലേക്കർ ഇന്ത്യാ കോർപ്പറേഷൻ' എന്ന കമ്പനി വീണയുടേതാണെന്നാണ് പുറത്തുവന്ന വിവരം. കമ്പനിയുമായി ബന്ധപ്പെട്ട നിർണായക രേഖകൾ മേയ് 27-ന് നടത്തിയ റെയ്ഡിൽ വീണയുടെ വീട്ടിൽനിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) ലഭിച്ചെന്നാണ് സൂചന.