സാര്ത്രിന് കഷ്ടി അഞ്ചടി പൊക്കമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹമെങ്ങാനും മുഖ്യമന്ത്രിയുടെ മുന്നില് വന്നു പെട്ടിരുന്നെങ്കില് പരിഹസിക്കപ്പെട്ടേനെ.

പിണറായി വിജയന്
രാഷ്ട്രീയം ശ്രദ്ധയോടെ വീക്ഷിക്കുന്ന മലയാളികളിൽ ഭൂരിഭാഗവും ബുധനാഴ്ച ഉച്ചയോടെ ഒരു പ്രാദേശിക ഭാഷാ പ്രയോഗത്തിന്‍റെ പിറകെയായിരുന്നു. ഒരു പ്രതിപക്ഷ എംഎൽഎയുടെ ഉയരക്കുറവിനെ പരിഹസിക്കുന്നതിനായി ‘എട്ടു മുക്കാൽ അട്ടിയിട്ടതു പോലെ’ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലെ പ്രസംഗത്തിൽ പറഞ്ഞപ്പോൾ ഭരണപക്ഷത്തെ എംഎൽഎമാർ ആ പ്രയോഗത്തെ ആസ്വദിച്ചുകൊണ്ട് ഡസ്കിലടിച്ച് ശബ്ദമുണ്ടാക്കി. പക്ഷേ, മുഖ്യമന്ത്രി നിയമസഭയിൽ ചെയ്ത പ്രസംഗം ടെലിവിഷനിൽ നേരിട്ടു കണ്ടവരിൽ പലരും കണ്ണൂരിൽ മാത്രം പ്രചാരത്തിലുള്ള ഈ പ്രയോഗത്തെക്കുറിച്ച് അജ്ഞരായിരുന്നു. അവർ ആ പ്രയോഗത്തിന്‍റെ അർത്ഥത്തെക്കുറിച്ചും പ്രയോഗത്തെക്കുറിച്ചുമെല്ലാം ആലോചിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു.
“രാഷ്ട്രീയ ശരികളെക്കുറിച്ചും ശരികേടുകളെക്കുറിച്ചും ബോഡി ഷെയ്മിങ്ങിനെക്കുറിച്ചുമെല്ലാം ഭാവിയിൽ കേരളം ചർച്ച ചെയ്യും എന്ന വിദൂരചിന്ത പോലും ഇല്ലാതിരുന്ന ഒരു കാലത്തെ, അപരിഷ്കൃതമായ മാടമ്പി കാഴ്ചപ്പാടിന്‍റെ പ്രതിഫലനമായ ഒരു നാടൻ പ്രയോഗത്തെ, കേരളത്തിലെ ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റ് നേതാക്കളിലൊരാൾ രാഷ്ട്രീയ പ്രതിയോഗിക്കുമേൽ പ്രയോഗിക്കുമ്പോൾ സാംസ്കാരിക കേരളം നെറ്റി ചുളിക്കേണ്ടതെങ്കിലുമായിരുന്നു”-രാഷ്ട്രീയ നിരീക്ഷകനും കണ്ണൂരിലെ പ്രമുഖ സിപിഎം നേതാവായിരുന്ന പരേതനായ പാണ്ട്യാല ഗോപാലന്‍റെ മകനുമായ ഷാജി പാണ്ട്യാല പറയുന്നു.
“ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രമുഖനായ ബുദ്ധിജീവിയായിരുന്നു ഫ്രഞ്ച് ദാർശനികൻ ഷാങ് പോൾ സാർത്ര്. അദ്ദേഹത്തിന്‍റെ ഉയരം കഷ്ടി അഞ്ചടി ആയിരുന്നു. സാർത്ര് പിണറായി വിജയന്‍റെ മുന്നിൽ വന്നു പെടാതിരുന്നതു നന്നായി. അദ്ദേഹത്തെയും എട്ടു മുക്കാൽ അട്ടിയിട്ടതുപോലെ എന്നു വിശേഷിപ്പിച്ചേനെ”-ഷാജി പറഞ്ഞു. “സാംസ്കാരികമായി ഒട്ടും വികാസം പ്രാപിച്ചിട്ടില്ലാതിരുന്ന ഒരു കാലത്ത്, ആളുകളെ പരിഹസിക്കാൻ മാത്രം ഉണ്ടാക്കിയ ഒരു പ്രയോഗത്തെ, ജനാധിപത്യത്തിന്‍റെ ശ്രീകോവിൽ എന്നു വിശേഷിപ്പിക്കപ്പെടുന്ന നിയമസഭയിൽ പ്രയോഗിച്ച കമ്യൂണിസ്റ്റ് മുഖ്യമന്ത്രി, ഈ പാർട്ടി ഇന്നെത്തി നിൽക്കുന്ന അവസ്ഥയുടെ നേർചിത്രമാണ്”-അദ്ദേഹം പറഞ്ഞു.
“കേരളത്തിൽ സിപിഎം കണ്ട ഏറ്റവും വലിയ ചിന്തകൻ ഇഎംഎസ് ആയിരുന്നു. അദ്ദേഹത്തിന് നല്ല വിക്കുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്‍റെ വ്യക്തിപ്രഭാവത്തിന് എന്തെങ്കിലും മങ്ങലുണ്ടായിരുന്നോ?”-ഷാജി ചോദിക്കുന്നു.
എട്ടു മുക്കാൽ അട്ടിക്കിട്ടതുപോലെ എന്നത് കണ്ണൂരിലെ ഒരു പ്രാദേശിക പ്രയോഗമാണ്. 1960നു മുൻപ് അളവു സമ്പ്രദായം എഫ്പിഎസ് (ഫൂട്ട്, പൗണ്ട്, സെക്കൻഡ്) അടിസ്ഥാനത്തിലായിരുന്നു. അതിനു ശേഷം സിജിഎസ് (സെന്റിമീറ്റർ, ഗ്രാം, സെക്കൻഡ്) ആയി. എഫ്പിഎസ് സമ്പ്രദായമുണ്ടായിരുന്ന സമയത്ത് ഏറ്റവും ചെറിയ നാണയം കാശ്. മൂന്ന് കാശ് ചേർന്നാൽ മുക്കാൽ, 4 മുക്കാൽ ചേർന്നാൽ ഒരണ, 16 അണ ചേർന്നാൽ ഒരു രൂപ.
എട്ടു മുക്കാൽ എന്നാൽ 2 അണയാണ്. 2 അണ അട്ടിക്കിട്ടാൽ എത്ര ഉയരമുണ്ടാകും അത്രയേയുള്ളൂ. അതായത് ഉയരം കുറഞ്ഞ ആളെ കളിയാക്കാൻ ഉപയോഗിച്ചിരുന്ന പ്രയോഗമാണ് ‘എട്ടുമുക്കാൽ അട്ടിക്കിട്ടതുപോലെ’ എന്നത്.
“സിപിഎമ്മിലല്ലാതെ കോൺഗ്രസിലോ ബിജെപിയിലോ മുസ്ലിം ലീഗിലോ ഉള്ള ഏതെങ്കിലും നേതാവായിരുന്നു ഇത്തരമൊരു പരാമർശം നടത്തിയിരുന്നതെങ്കിൽ ഇവിടത്തെ സാംസ്കാരിക നായകർ എന്നു പറയുന്നവർ അപ്പോൾതന്നെ രംഗത്തിറങ്ങിയേനെ”-ഷാജി പറഞ്ഞു.
Published: 08 Oct 2025, 06:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented