സാമൂഹ്യമാധ്യമമായ എക്സിലൂടെ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്

തിരുവനന്തപുരം: ഡൽഹിയിലെ രാംലീല മൈതാനത്ത് ഞായറാഴ്ച നടക്കുന്ന ഇന്ത്യാ സഖ്യത്തിന്റെ മഹാറാലിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശനും. സാമൂഹികമാധ്യമമായ എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വെറുമൊരു പ്രതിഷേധമല്ല ഇതെന്നും ജനാധിപത്യവും ഭരണഘടനയും വോട്ടവകാശവും സംരക്ഷിക്കാൻ വേണ്ടിയുള്ള റാലിയാണ് നാളെ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഇന്ത്യ വിളിക്കുന്നു. ജനാധിപത്യവും ഭരണഘടനയും വോട്ടവകാശവും സംരക്ഷിക്കാൻ ലക്ഷക്കണക്കിന് പൗരന്മാർക്കൊപ്പം നാളെ ഞാനും ഡൽഹിയിലെ രാംലീല മൈതാനത്തുണ്ടാകും. ഇത് കേവലം പ്രതിഷേധമല്ല; ജനാധിപത്യം ഭീഷണി നേരിടുമ്പോൾ ഞങ്ങൾ നിശബ്ദരായിരിക്കില്ല എന്ന ഉറച്ച പ്രഖ്യാപനമാണ്. ചലോ ദില്ലി.' -ഇതാണ് വി.ഡി. സതീശൻ എക്‌സിൽ കുറിച്ചത്.
തീവ്ര വോട്ടർ പട്ടികാ പരിഷ്‌കരണത്തിൽ നടന്ന ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ചും വോട്ട് കവർച്ച ആരോപിച്ചും ഇന്ത്യ സഖ്യം ഞായറാഴ്ച നടത്തുന്ന റാലിയിൽ പ്രതിപക്ഷ നേതാക്കൾ, സാമൂഹിക പ്രവർത്തകർ എന്നിവരുൾപ്പടെ നിരവധി പേർ അണിനിരക്കുമെന്നാണ് പ്രതീക്ഷ. ഉച്ചയ്ക്ക് മിന്റോ റോഡ്-കണോട്ട് പ്ലേസ് ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന റാലി രാംലീല മൈതാനത്ത് സമാപിക്കും.
മഹാറാലിക്ക് ഓൾ ഇന്ത്യാ സ്റ്റുഡന്റ്‌സ് അസോസിയേഷൻ പിന്തുണ അറിയിച്ചു. ദേശീയ അധ്യക്ഷ നേഹാ ബോറയാണ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെ റാലിക്ക് പിന്തുണ അറിയിച്ചത്. കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത്ത് ദിപ്‌കെയും നേരത്തേ മഹാറാലിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ചലോ ദില്ലി മാർച്ചിൽ അണിചേരാൻ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ജനങ്ങളോട് അഭ്യർഥിച്ചു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകാൻ സാധ്യതയുള്ള നടപടികളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് പറഞ്ഞ അദ്ദേഹം, ഭരണകക്ഷിയായ ബിജെപിക്ക് തന്ത്രങ്ങൾ പ്രയോഗിക്കാൻ ധൈര്യമുണ്ടാകില്ലെന്നും കൂട്ടിച്ചേർത്തു. രാഷ്ട്രീയ ചായ്വുകൾ പരിഗണിക്കാതെ, വിദ്യാർഥി സംഘടനകളോട് ഈ മാർച്ചിൽ പങ്കുചേരാൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: Chief Minister VD Satheesan announced on X that he will join the INDIA bloc's mega rally at Ramlila Maidan in Delhi, calling it a declaration to protect democracy, the constitution, and voting rights.
Published: 31 Oct 2026, 12:47 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented