
കൊച്ചി: കുസാറ്റ് താല്‍ക്കാലിക വൈസ് ചാന്‍സലര്‍ (വി.സി) ഡോ. പി.ജി. ശങ്കരനെ അടിയന്തരമായി പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നിവേദനം. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയാണ് കുസാറ്റ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നല്‍കിയത്.
യൂണിവേഴ്സിറ്റി ക്യാമ്പസുകളില്‍ വിദ്യാര്‍ഥികളുടെ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വി.സി. അനാസ്ഥ കാട്ടിയെന്ന് ആരോപിച്ചാണ് നിവേദനം. കുസാറ്റ് ദുരന്തം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
2015-ല്‍ തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വാഹനറാലിക്കിടെ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഹൈക്കോടതി ക്യാമ്പസുകളിലെ പരിപാടികള്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഈ നിര്‍ദേശങ്ങള്‍ കുസാറ്റില്‍ പാലിക്കപ്പെട്ടില്ലെന്ന് നിവേദനത്തില്‍ പറയുന്നു.
2015-ലെ ഹൈക്കോടതി ഉത്തരവ് അനുസരിച്ചിരുന്നുവെങ്കില്‍ കുസാറ്റില്‍ ഉണ്ടായ ദുരന്തം ഒഴിവാക്കാമായിരുന്നു. പരിപാടികളുടെ മേല്‍നോട്ടത്തിന് അധ്യാപക സാന്നിധ്യം ഉണ്ടാകണമെന്നും രക്ഷാചുമതലയ്ക്ക് പോലീസിന്റെയും വിരമിച്ച സൈനികരുടെയും സേവനം ഉപയോഗിക്കണമെന്നുമുള്ള വ്യവസ്ഥകള്‍ പാലിക്കാന്‍ വൈസ് ചാന്‍സലര്‍ തയ്യാറായില്ലെന്നും നിവേദനത്തില്‍ പറയുന്നു.
വിദ്യാര്‍ത്ഥികളുടെ പരിപാടികള്‍ ഏകോപിപ്പിക്കാന്‍ ചുമതലപ്പെട്ട യൂത്ത് ഫെല്‍ഫയര്‍ ഡയറക്ടര്‍ പി.കെ. ബേബിയെ തന്നെയാണ് അപകടത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇത് പൊതുസമൂഹത്തെ അപഹസിക്കുന്നതിനു തുല്യമാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
ഗുരുതരമായ അനാസ്ഥ കാട്ടിയ താല്‍ക്കാലിക വി.സിയെ മാറ്റണമെന്നും കുസാറ്റില്‍ നടന്ന അപകടത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും മരണപ്പെട്ടവര്‍ക്കും അപകടത്തില്‍പ്പെട്ടവര്‍ക്കും സാമ്പത്തിക സഹായം നല്‍കാൻ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: Petition to governor demanding sacking of CUSAT temporary vice chancellor
Published: 27 Nov 2023, 01:41 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented