തിരുവനന്തപുരം: വിദ്യാർഥികൾക്ക് മുന്നിൽ പാറ്റ പരാമർശവുമായി കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ. കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം' പരിപാടിയിലായിരുന്നു പ്രതികരണം. പ്രസംഗത്തിനിടെ ‘പാറ്റകൾ അല്ലാത്തവർ ശബ്ദമുയർത്തൂ’ എന്ന് വി.സി ആവശ്യപ്പെട്ടെങ്കിലും സദസ്സിൽ നിന്ന് കാര്യമായ പ്രതികരണമൊന്നും ഉണ്ടായില്ല. ആവർത്തിച്ച് ആവശ്യപ്പെട്ടതിന് പിന്നാലെ ഒന്നോ രണ്ടോ വിദ്യാർഥികൾ മാത്രമാണ് ശബ്ദമുയർത്തിയത്.

To advertise here,

'നിങ്ങളെപ്പോലെയുള്ളവരെ ചിലർ പാറ്റകൾ എന്നാണ് വിളിക്കുന്നത്. നിങ്ങൾ പാറ്റകളാണോ? നിങ്ങൾ പിന്നെ എന്താണ്. നിങ്ങൾ ഈ നാടിന്റെ കരുത്തായ സിംഹങ്ങളാണ്. നിങ്ങൾ പാറ്റയാണോ സിംഹമാണോ. പാറ്റ അല്ലെന്നുള്ളവർ ഉറച്ച് പറയൂ.' ഇതായിരുന്നു വി.സിയുടെ പരാമർശം. എന്നാൽ വിദ്യാർഥികളാരും ഇതിനോട് പ്രതികരിച്ചില്ല. ഗവർണർ രാജേന്ദ്ര ആർലേക്കറും വി മുരളീധരൻ എംഎൽഎയും വേദിയിലുള്ളപ്പോഴായിരുന്നു വി.സിയുടെ പരാമർശം.

സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ മാറണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും പറഞ്ഞു. സാധാരണ പാറ്റയാകാതെ ജീവിതത്തിൽ മിടുക്കരായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. ജന്തർമന്തറിലെ സി.ജെ.പി. പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലല്ല പാറ്റകൾ എന്ന വാക്ക് താൻ ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.