പാലക്കാട്: കല്ലടിക്കോട് പനയമ്പാടത്ത് സിമന്റ് ലോറി ഇടിച്ചുകയറി മരിച്ച നാല് സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെയും കബറടക്കം വെള്ളിയാഴ്ച നടക്കും. രാവിലെ ആറരയോടെ മൃതദേഹങ്ങള്‍ ആശുപത്രിയില്‍നിന്ന് വീടുകളിലെത്തിച്ചു. രണ്ടു മണിക്കൂര്‍നേരം ബന്ധുമിത്രാദികള്‍ക്ക് അവസാനമായി ഒരു നോക്ക് കാണാനായി വീടുകളില്‍ പൊതുദര്‍ശനം നടക്കും. തുടര്‍ന്ന് 8.30-ഓടെ തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുവരും. 10 മണിവരെ ഇവിടെ പൊതുദര്‍ശനത്തിനുവെച്ചശേഷം കബറടക്കത്തിനായി തുപ്പനാട് ജുമാമസ്ജിദിലേക്ക് മൃതദേഹങ്ങള്‍ എത്തിക്കും. കുട്ടികള്‍ പഠിച്ചിരുന്ന കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കില്ല. 

To advertise here,

പാലക്കാട് - കോഴിക്കോട് ദേശീയപാതയില്‍ കരിമ്പ പനയംപാടത്ത് പരീക്ഷകഴിഞ്ഞ് മടങ്ങിയ സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ മുകളിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുലോറി മറിഞ്ഞാണ് നാല് കുട്ടികള്‍ മരിച്ചത്. കരിമ്പ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനികളായ കരിമ്പ ചെറൂളി പേട്ടേത്തൊടിവീട്ടില്‍ റഫീഖിന്റെ മകള്‍ റിദ ഫാത്തിമ (13), പള്ളിപ്പുറം വീട്ടില്‍ അബ്ദുള്‍ സലാമിന്റെ മകള്‍ ഇര്‍ഫാന ഷെറിന്‍ (13), കവുളേങ്ങല്‍ വീട്ടില്‍ സലീമിന്റെ മകള്‍ നിദ ഫാത്തിമ (13), അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീന്റെ മകള്‍ ആയിഷ (13) എന്നിവരാണ് മരിച്ചത്.

സാധാരണ കുടുംബങ്ങളാണ് നാലുപേരുടെയും. ഇര്‍ഫാനാ ഷെറിന്റെ പിതാവ് അബ്ദുള്‍സലാമിന് ലോഡിങ് ജോലിയാണ്. റിദ ഫാത്തിമയുടെ പിതാവ് അബ്ദുള്‍റഫീക്ക് ഓട്ടോറിക്ഷാ ഡ്രൈവറാണ്. നിദ ഫാത്തിമയുടെ പിതാവ് അബ്ദുല്‍സലീമിന് മരപ്പണിയാണ്. ആയിഷയുടെ പിതാവ് ഷറഫുദ്ദീന് ചെറുളിയില്‍ത്തന്നെ പലചരക്കുകച്ചവടമാണ്. ഇര്‍ഫാനയും നിദയും അടുത്ത ബന്ധുക്കളുമാണ്. സ്‌കൂളുകളില്‍ പരീക്ഷയായിരുന്നതിനാല്‍ സ്‌കൂള്‍വിട്ട് പുറത്തിറങ്ങുമ്പോള്‍ പതിവുള്ള തിരക്കുണ്ടായിരുന്നില്ല. ആയിഷ ഒഴികെ മറ്റ് നാലുപേരും സ്‌കൂളില്‍ ഒരേ ഡിവിഷനിലാണ് പഠിച്ചിരുന്നത്.