മനുക്കുട്ടന് ഏറ്റവും ഇഷ്ടമുള്ള പഴംപൊരിയും ചായയും ഉണ്ടാക്കിവെച്ചതിനുശേഷമാണ് അമ്മ അവനെ കാത്തിരിക്കാൻ തുടങ്ങിയത്. ഒരാഴ്ചയായി. എന്നും ഉച്ചകഴിഞ്ഞാൽ മഴ തന്നെ. ഇരുട്ട് കുത്തിയൊലിച്ചു വരുന്നതു പോലെയുള്ള മഴയാണ്. രാത്രിയായ പോലെ ഇടയ്ക്കിടെ ഇടിമിന്നലുമുണ്ട്. മനുക്കുട്ടൻ എത്രയും പെട്ടെന്ന് വീട്ടിലെത്തിയാൽ മതിയായിരുന്നു. സാധാരണ കൃത്യംമൂന്നരയ്ക്ക്തന്നെ സ്‌കൂൾ ബസ് ഗേറ്റിനടുത്ത് വന്നു നിൽക്കാറുള്ളതാണ്. ഇന്നിപ്പോൾ അരമണിക്കൂർ വൈകിയിരിക്കുന്നു. അമ്മയ്ക്ക് കുറേശ്ശേ പേടി തോന്നി. ടീച്ചറെ വിളിച്ചു നോക്കിയിട്ടും കിട്ടുന്നില്ല. ഈ മഴയത്ത് അവനെന്തെങ്കിലും അപകടം പറ്റിയാലോ എന്നാണ് അമ്മയുടെ പേടി. ബസ് വന്നു. കുട നിവർത്തിയിട്ടുണ്ടെങ്കിലും പാതി നനഞ്ഞുകൊണ്ട് മനുക്കുട്ടൻഓടി വന്നു.
അമ്മ വേഗം മനുക്കുട്ടന്റെ തല തുവർത്തിക്കൊടുക്കുന്നതിനിടെ മനുക്കുട്ടന്റെ പതിവ് ചോദ്യം വന്നു
ഇന്നെന്താണമ്മേകഴിക്കാൻ?
അമ്മയ്ക്ക് ചിരി വന്നു.
വേഗം പോയികുളിച്ച് വസ്ത്രം മാറി വരൂ. എന്നിട്ടാവാം പലഹാരം.
മനുക്കുട്ടന് ചായ കുടിച്ചിട്ട് കുളിച്ചാൽ മതിയെന്നുണ്ടായിരുന്നു. പക്ഷേ അമ്മയത് ഒരു കാരണവശാലും സമ്മതിക്കില്ല എന്നറിയാവുന്നതുകൊണ്ട്അവൻ വാശി പിടിക്കാതെ വേഗം കുളിക്കാൻപോയി.
സ്‌കൂൾ വിട്ടുവന്നാലുടൻ യൂണിഫോം അഴിച്ചു ബാസ്‌കറ്റിൽ ഇടണമെന്നും, കുളിച്ച് വന്നാൽ വീട്ടിലിടുന്ന വസ്ത്രമിടണമെന്നും, ലഞ്ച് ബോക്‌സ് അടുക്കളയിൽ വയ്ക്കണമെന്നും അമ്മയ്ക്ക് നിർബന്ധമാണ്. മറന്നു പോയാൽ അമ്മയുടെ ചീത്ത കേൾക്കേണ്ടി വരും.
അമ്മ ഇന്ന് എനിക്കു വേണ്ടി ഒരു കാര്യം പ്രാർത്ഥിക്കണം കേട്ടോ?ചായ കുടിക്കുന്നതിനിടയിൽ മനുക്കുട്ടന് പതിവില്ലാത്ത ഒരാവശ്യം
എന്താണ് കാര്യം ?
അമ്മേ, ഇന്ന് മഴ പെയ്തു തുടങ്ങിയപ്പോൾ തന്നെ ഞാനും രാഹുലും ഒരു പന്തയംവെച്ചിട്ടുണ്ട്.
ഇന്ന് നല്ല മഴ പെയ്താൽ നാളെകലക്ടർ അവധി തരുമെന്ന് ഞാനും,അവധി കിട്ടില്ലെന്ന് അവനും പറഞ്ഞു.
അവധിയില്ലെങ്കിൽ നാളെ ഞാനവന് മിഠായി വാങ്ങിക്കൊടുക്കണം
പ്ലീസ് അമ്മാ,അവധിയുണ്ടാകാൻ പ്രാർത്ഥിക്കണം ട്ടോ... മനുക്കുട്ടൻ കൈകൂപ്പിക്കൊണ്ട് പറഞ്ഞപ്പോൾ അവധി കിട്ടിയിട്ട് നിനക്കെന്താണ് ഗുണംഎന്നാണ് അമ്മ ചോദിച്ചത്.
നല്ല മഴ പെയ്യുമ്പോൾ വീട്ടിലിങ്ങനെ പുതച്ചു മൂടി സുഖായിരിന്നുടേ അമ്മേ... മനുക്കുട്ടൻ ചിരിച്ചു.
പഠിക്കണ്ട…. സ്‌കൂളിൽ പോകണ്ട….. ഇഷ്ടമുള്ള പലഹാരങ്ങളെല്ലാം കഴിച്ച് സുഖമായിരിക്കാം.
മനുക്കുട്ടന്റെ വർത്തമാനം കേട്ടപ്പോൾ അമ്മയ്ക്ക് വിഷമായി.
ക്ലാസിൽ ഒന്നാമനാണവൻ.
ഇന്നുവരെ എല്ലാ ടീച്ചർമാരും നല്ലതു മാത്രം പറഞ്ഞിട്ടുള്ള കുട്ടിയാണ്.
എന്നിട്ടും ഇവനെന്താണിങ്ങനെ ചിന്തിക്കുന്നത്?
അമ്മയ്ക്ക് സങ്കടം വന്നു. അമ്മയുടെ കണ്ണുനിറഞ്ഞിരിക്കുന്നത് കണ്ടപ്പോൾ മനുക്കുട്ടനും സങ്കടമായി.
എന്തുപറ്റി അമ്മേ?അമ്മയെന്തിനാ കരയുന്നത്?അവൻ വേഗം അമ്മയുടെ നെറ്റിയിൽ തലോടാൻ തുടങ്ങി.
മനുക്കുട്ടാ .... ഈ വീട് നല്ല ഉറപ്പുള്ളതായതുകൊണ്ടാണ് മഴയത്ത് ഇതിനുള്ളിരിക്കുമ്പോൾ നമുക്ക് പേടിയില്ലാത്തത്. മഴപെയ്യാൻ തുടങ്ങുമ്പോഴേക്കും പേടിച്ചു വിറക്കുന്ന എത്ര ആളുകൾ നമ്മുടെ നാട്ടിലുണ്ടെന്നറിയാമോ?കാറ്റടിക്കുമ്പോൾ തങ്ങളുടെ കുടിൽ തന്നെ പറന്നു പോകുമോ എന്നോർത്ത് വിഷമിക്കുന്ന ഒരുപാട് പേർ. കൊടും മഴ വന്നാൽ പിന്നെ ജോലിക്ക് പോകാനാകാതെ പട്ടിണി കിടക്കേണ്ടിവരുന്ന എത്രയോ പേരുണ്ടാകും?
മാത്രമല്ല വയസ്സായ ആളുകൾക്കും രോഗികൾക്കും അസുഖം കൂടിയാൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പോലും പറ്റില്ല.
പട്ടിണിയും രോഗങ്ങളും കൊണ്ട് എല്ലാവരും കൊടുംമഴയിൽ വിഷമിച്ചു പോകും.
നിനക്ക് അവധി കിട്ടാൻ വേണ്ടിയുള്ള പ്രാർത്ഥനഒരുപാടുപേർക്ക് ആപത്തായി മാറും.
അമ്മ പറഞ്ഞു കൊടുത്തപ്പോഴാണ് മനുക്കുട്ടനതിന്റെഗൗരവം മനസ്സിലാകുന്നത്. ഇനിയൊരിക്കലും അവധി കിട്ടാൻ വേണ്ടി മഴ പെയ്യാൻ പ്രാർത്ഥിക്കില്ല എന്നവൻ പറഞ്ഞത് കേട്ടപ്പോൾ അമ്മയ്ക്കും സമാധാനമായി.
Content Highlights: Manukkuttan comes home late in heavy rain, worrying his mother., He makes a bet with his friend for a rain holiday to skip school.
Published: 10 Sept 2026, 12:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented