കോഴിക്കോട്: കോഴിക്കോട് അടിപൊളിയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കോഴിക്കോട്ട് പാർട്ടി മുഖപത്രത്തിന്റെ സുവർണ ജൂബിലി ചടങ്ങിൽ വെച്ച് റെയിവേ സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട് സംസാരിക്കവെയായിരുന്നു അദ്ദേഹം കോഴിക്കോടിനെക്കുറിച്ച് അടിപൊളിയെന്ന് വിശേഷിപ്പിച്ചത്.

To advertise here,

'ഏറ്റവും രസകരമായ ഒരു മലയാള വാക്ക് ഉണ്ട്. ഉച്ഛാരണം തെറ്റാണെങ്കിൽ അത് ശരിയാക്കാൻ എന്നെ സഹായിക്കണം' എന്ന് മുൻകൂറായി പറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹം കോഴിക്കോടിനെക്കുറിച്ച് 'അടിപൊളി' എന്ന് പറഞ്ഞത്. ഇതോടൊപ്പം തന്നെ അടപ്രഥമൻ കഴിക്കാൻ ആഗ്രഹിച്ച് ഇതുവരെ തനിക്ക് അടപ്രഥമൻ കഴിക്കാൻ പറ്റാത്തതിനെക്കുറിച്ചും അദ്ദേഹം സംസാരത്തിനിടെ പറഞ്ഞു. 

'അടപ്രഥമൻ കഴിക്കാൻ ആഗ്രഹമുണ്ടെന്ന് കഴിഞ്ഞ നാല് വർഷത്തോളമായി മുരളീധരൻ ജീയോട് ഞാൻ പറയുന്നു. ഇതുവരെ അദ്ദേഹം എനിക്ക് അത് സാധിച്ചു തന്നിട്ടില്ല. ഓരോ പ്രാവശ്യവും ഞാൻ പറയും. എന്നാൽ ഇത്തവണ ഞാൻ അദ്ദേഹത്തോട് പറഞ്ഞില്ല. ഇത്തവണയും അടപ്രഥമൻ ഇല്ല. അടപ്രഥമൻ തരാതെ ഇനി തലശ്ശേരി സ്റ്റേഷൻ പ്രവർത്തനങ്ങൾ ആരംഭിക്കില്ല' - ചിരിയോടെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.